ഉൽപാദന മേഖലയ്ക്ക് കാലിടറി; രാജ്യത്തിന്റെ വളർച്ച കുറഞ്ഞു; 4.4%

economic-growth-rate
SHARE

ന്യൂഡൽഹി∙ രാജ്യത്തെ സാമ്പത്തിക വളർച്ചാനിരക്ക് നടപ്പുസാമ്പത്തികവർഷത്തിന്റെ മൂന്നാം പാദത്തിൽ (ഒക്ടോബർ–ഡിസംബർ) 4.4 ശതമാനമായി കുറഞ്ഞു. റിസർവ് ബാങ്കിന്റെ അനുമാനം പൂർണമായും ശരിവയ്ക്കുന്നതാണ് സ്റ്റാറ്റിസ്റ്റിക്കൽ മന്ത്രാലയത്തിന്റെ കണക്ക്. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ 11.2 ശതമാനമായിരുന്നു വളർച്ച. രണ്ടാം പാദത്തിൽ (ജൂലൈ–സെപ്റ്റംബർ) 6.3%. ഉൽപാദനമേഖലയിലെ മാന്ദ്യം, വിലക്കയറ്റം പിടിച്ചുനിർത്താനുള്ള തുടർച്ചയായ പലിശനിരക്ക് വർധന തുടങ്ങിയവയാണ് വളർച്ചാനിരക്കിനെ ബാധിച്ചത്.

രാജ്യത്തെ മൊത്ത ആഭ്യന്തര ഉൽപാദനം (ജിഡിപി) കഴിഞ്ഞ വർഷം ഇതേ കാലയളവിൽ 38.51 ലക്ഷം കോടിയായിരുന്നത് ഇക്കൊല്ലം 40.19 ലക്ഷം കോടി രൂപയായി ഉയർന്നു. രണ്ടാം പാദത്തിൽ 38.17 ലക്ഷം കോടിയായിരുന്നു ജിഡിപി. ഇക്കൊല്ലം ആദ്യ പാദത്തിൽ (ഏപ്രിൽ–ജൂൺ) 13.2 ശതമാനമായിരുന്നു വളർച്ച. ഇത് കഴിഞ്ഞ വർഷം അതേ പാദത്തിലെ വളരെ കുറഞ്ഞ വളർച്ചാ നിരക്കുമായി (–23.8%) ബന്ധപ്പെടുത്തി കണക്കുകൂട്ടിയതു മൂലമുള്ള കുതിപ്പാണ് (ലോ ബേസ് ഇഫക്റ്റ്). ഇത് യഥാ‍ർഥ വളർച്ചയായി കണക്കാക്കാൻ കഴിയില്ല.

കൃഷി (3.7%), ഖനനം (3.7%), വാണിജ്യം, ഹോട്ടൽ, ഗതാഗതം, ആശയവിനിമയം (9.7%), നിർമാണം (8.25) എന്നിവ ഭേദപ്പെട്ട വളർച്ചാനിരക്ക് കാഴ്ചവച്ചു. അതേസമയം ഉൽപാദനമേഖലയുടെ നിരക്ക് (–1.1%) ഇടിഞ്ഞു. അസംസ്കൃത വസ്തുക്കളുടെ ക്ഷാമം, രാജ്യാന്തര സാമ്പത്തികമാന്ദ്യ സൂചനകൾ എന്നിവയാണ് തിരിച്ചടിയായത്.

  7% വളർച്ചയാണ് ഇക്കൊല്ലം പ്രതീക്ഷിക്കുന്നതെന്ന് പുതുക്കിയ എസ്റ്റിമേറ്റിൽ സ്റ്റാറ്റിസ്റ്റിക്കൽ മന്ത്രാലയം പറയുന്നു. റിസർവ് ബാങ്കിന്റെ അനുമാനം 7 ശതമാനമായിരുന്നെങ്കിലും ഡിസംബറിൽ ഇത് 6.8% ആയി കുറച്ചിരുന്നു. നാലാം പാദത്തിലെ ആർബിഐ അനുമാനം 4.2% ആണ്. 2021–22ലെ വളർച്ചാനിരക്ക് 8.7 ശതമാനത്തിൽ നിന്ന് 9.1 ശതമാനമായി ഉയർത്തി.

ധനക്കമ്മി ലക്ഷ്യമിട്ടതിന്റെ 67.8 ശതമാനത്തിൽ

കേന്ദ്രസർക്കാരിന്റെ ധനക്കമ്മി ബജറ്റിൽ ലക്ഷ്യമിട്ടതിന്റെ 67.8 ശതമാനത്തിലെത്തി. ഏപ്രിൽ–ജനുവരി കാലയളവിൽ ധനക്കമ്മി 11.91 ലക്ഷം കോടി രൂപയാണ്. 17.55 ലക്ഷം കോടി രൂപയിൽ ധനക്കമ്മി നിർത്താനാണ് കേന്ദ്രസർക്കാർ ലക്ഷ്യമിട്ടിട്ടുള്ളത്. സർക്കാരിന്റെ മൊത്ത ചെലവും വായ്‌പ ഒഴികെയുള്ള മൊത്ത വരുമാനവും തമ്മിലുള്ള അന്തരമാണിത്. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

1977ലെ മികച്ച നടിയെ അറിയുമോ?

MORE VIDEOS
FROM ONMANORAMA