കൊച്ചി∙ ഒറ്റയടിക്ക് വലിയ തോതിൽ വില കൂട്ടിയതോടെ ഇന്ത്യയിലെ പ്രധാന നഗരങ്ങളിലെല്ലാം പാചകവാതക ഗാർഹിക സിലിണ്ടർ വില 1100 രൂപയ്ക്കു മുകളിലെത്തി. വാണിജ്യ സിലിണ്ടർ വില രണ്ടായിരത്തിനു മുകളിലാണ്. വിലക്കയറ്റംകൊണ്ടു നട്ടം തിരിയുന്ന സാധാരണക്കാരന്റെ നടുവൊടിക്കുന്നതാണ് എൽപിജി സിലിണ്ടർ വിലയിലുണ്ടായ ഇപ്പോഴത്തെ വർധന; പ്രത്യേകിച്ച് സബ്സിഡി പോലുമില്ലാത്ത സാഹചര്യത്തിൽ. രാജ്യാന്തര വിപണിയിലെ ക്രൂഡ് ഓയിൽ വിലക്കയറ്റമാണ് എൽപിജി വില കൂട്ടാനുള്ള ന്യായമായി ഇതുവരെ സർക്കാർ ആവർത്തിച്ചിരുന്നതെങ്കിലും ഇത്തവണ ആ വാദത്തിനും പ്രസക്തിയില്ല. കാരണം ക്രൂഡ് ഓയിൽ വില കുറഞ്ഞു നിൽക്കുന്ന സമയത്താണ് ഈ അപ്രതീക്ഷിത വില വർധന. മാത്രമല്ല, രാജ്യാന്തര വിപണി വിലയേക്കാളും വൻ തോതിൽ കുറഞ്ഞ നിരക്കിലാണ് കഴിഞ്ഞ ഒരു വർഷമായി ഇന്ത്യ റഷ്യയിൽ നിന്നു ക്രൂഡ് ഇറക്കുമതി ചെയ്യുന്നത്.
റഷ്യ– യുക്രെയ്ൻ യുദ്ധത്തിനു മുൻപുവരെ ഇന്ത്യയുടെ ആകെ ഉപയോഗത്തിന്റെ 2 ശതമാനം ക്രൂഡ് ഓയിൽ മാത്രമായിരുന്നു റഷ്യയിൽ നിന്നുള്ള ഇറക്കുമതി. ഇപ്പോഴത് 39%. ഫെബ്രുവരിയിൽ ഏകദേശം 5.1 കോടി ബാരൽ ക്രൂഡ് ആണ് റഷ്യയിൽ നിന്ന് ഇറക്കുമതി ചെയ്തത്. ജനുവരിയേക്കാൾ 16 ശതമാനം കൂടുതൽ. അതും ബാരലിന് ഏകദേശം 60 ഡോളർ നിരക്കിൽ എന്ന് റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടുന്നു. റഷ്യയിൽ നിന്ന് ഇന്ത്യയിൽ ഏറ്റവും കൂടുതൽ ക്രൂഡ് വാങ്ങുന്നത് റിലയൻസ് ഇൻഡസ്ട്രീസാണ്. തൊട്ടു പിന്നിൽ ഐഒസിയും.
ഗാർഹിക സിലിണ്ടർ വില ആയിരം കടന്ന കഴിഞ്ഞ മേയിൽ രാജ്യാന്തര വിപണിയിൽ ക്രൂഡ് വില 100–115 ഡോളറിനിടയിലായിരുന്നു. എന്നാൽ ഇന്ത്യൻ ബാസ്കറ്റിൽ ജനുവരിയിലെ ശരാശരി ക്രൂഡ് ഓയിൽ വില ബാരലിന് 80 ഡോളറാണ്. രാജ്യാന്തര വിപണിയിൽ ക്രൂഡ് ഓയിലിന്റെ കഴിഞ്ഞ മാസത്തെ ശരാശരി വില 82 ഡോളറും.
കുറഞ്ഞ നിരക്കിൽ ക്രൂഡ് ഓയിൽ ലഭിച്ചിട്ടും പാചകവാതക വില കൂട്ടാനുള്ള തീരുമാനം എണ്ണക്കമ്പനികളുടെ ലാഭം കണക്കിലെടുത്തു മാത്രമാണെന്നാണു വിലയിരുത്തൽ. ഈ സാമ്പത്തിക വർഷത്തിന്റെ മൂന്നാം പാദ കണക്കുകൾ പ്രകാരം ഇന്ത്യൻ ഓയിൽ കോർപറേഷന്റെ മൊത്തലാഭത്തിൽ കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 92 ശതമാനം കുറവുണ്ട്. ഹിന്ദുസ്ഥാൻ പെട്രോളിയത്തിന് 67.2 ശതമാനവും ഭാരത് പെട്രോളിയത്തിന് 36 ശതമാനവും ലാഭത്തിൽ കുറവുണ്ടായി. ലാഭത്തിലുള്ള ഈ വിടവ് നികത്തുകയാണ് ഇപ്പോഴത്തെ വിലവർധനയുടെ ലക്ഷ്യം.
ഇന്ത്യൻ ഓയിൽ, ഭാരത് പെട്രോളിയം, ഹിന്ദുസ്ഥാൻ പെട്രോളിയം തുടങ്ങിയ പൊതുമേഖല എണ്ണക്കമ്പനികൾക്ക് എൽപിജി വില കൂട്ടാത്തതു മൂലമുള്ള ലാഭത്തിലെ കുറവു നികത്താൻ ഒറ്റത്തവണ ഗ്രാന്റായി 22,000 കോടി രൂപ കേന്ദ്രസർക്കാർ നേരത്തെ അനുവദിച്ചിട്ടുണ്ട്. മൂലധന പിന്തുണയായി കേന്ദ്രബജറ്റിൽ 30,000 കോടി രൂപയും വകയിരുത്തി.
വിമാന ഇന്ധന വില കുറച്ചു
ന്യൂഡൽഹി ∙ പാചകവാതകത്തിനു വില കൂട്ടിയ ദിവസം തന്നെ വിമാന ഇന്ധനത്തിന്റെ വില 4% കുറച്ചു. കിലോലീറ്ററിന് 4,606.5 രൂപയാണ് കുറച്ചിരിക്കുന്നത്. 1,07, 750 രൂപയാണ് കിലോലീറ്ററിന് പുതുക്കിയ വില.