ADVERTISEMENT

കൊച്ചി∙ 2020ലെ അസെൻഡ് കേരള ആഗോള നിക്ഷേപ സംഗമത്തിൽ വന്നുവെന്ന് അവകാശപ്പെട്ടത് ഒരു ലക്ഷം കോടി രൂപയുടെ നിക്ഷേപം! സർക്കാർ തന്നെ മുന്നോട്ടു വച്ചത് 18 മെഗാ പദ്ധതികൾ! ഇതിനകം തീർന്നത് 808 കോടിയുടെ മാത്രം. അസെൻഡിന്റെ പേരിൽ 2019ലും 2020ലും സംഗമ മാമാങ്കങ്ങളിൽ പങ്കെടുത്ത ‘നിക്ഷേപകരും’ ഉദ്യോഗസ്ഥരും എല്ലാം മറന്ന പോലെയാണ്. ചെലവ് അസെൻഡ് 2020നു മാത്രം 3.1 കോടി! 

ഭൂരിപക്ഷം നിക്ഷേപങ്ങളും കടലാസിൽ മാത്രമായിരുന്നെന്ന് അതിൽ പങ്കെടുത്തവർ തന്നെ പറയുന്നു. ഫോമുകളിൽ പദ്ധതികൾ എഴുതിച്ച് ഒപ്പിട്ടു വാങ്ങുകയായിരുന്നു. ആദ്യ ദിനം പൂരിപ്പിച്ച ഫോമുകൾ ഒന്നും കിട്ടാതായപ്പോൾ അബുദാബി ഇൻവെസ്റ്റ്മെന്റ് അതോറിറ്റിയിൽ നിന്ന് 62500 കോടിയുടെ നിക്ഷേപം വാഗ്ദാനം ചെയ്യുന്ന ഒരു ഇമെയിൽ അയപ്പിച്ചു.  പദ്ധതി ഏതെന്ന് അതിൽ വ്യക്തമായിരുന്നില്ല. കണ്ണൂർ വിമാനത്താവളത്തിനടുത്ത് 1000 കോടി രൂപ മുടക്കി ഹോട്ടൽ മുറികൾ നിർമിക്കാൻ ഡെൽവാൻ ഖത്തറിന്റെ വേറൊരു പദ്ധതിയും പ്രഖ്യാപിച്ചു. സംസ്ഥാനത്തെ പ്രമുഖ വ്യവസായ ഗ്രൂപ്പുകളെക്കൊണ്ടും ആയിരക്കണക്കിന് കോടിയുടെ പദ്ധതികൾ അവിടെ വച്ചു തന്നെ എഴുതി വാങ്ങി. ഒന്നും നടന്നില്ല.

അസെൻഡ് കേരള സംഗമത്തിൽ കൊട്ടിഘോഷിച്ച പദ്ധതികളുടെ അവസ്ഥ

സർക്കാർ പ്രഖ്യാപിച്ച മെഗാ പദ്ധതിയായ കൊച്ചി–പാലക്കാട് വ്യവസായ ഇടനാഴിക്ക് സ്ഥലമെടുപ്പ് നടക്കുന്നു. ഇലക്ട്രോണിക്സ് ഹാർഡ്‌വെയർ പാർക്ക് ആമ്പല്ലൂരിൽ നടക്കില്ലെന്ന് വ്യവസായ മന്ത്രി തന്നെ അറിയിച്ചു. പ്രമുഖ വസ്ത്ര, സ്വർണാഭരണ ഗ്രൂപ്പുകളുടെ പദ്ധതികൾ വീൺ വാഗ്ദാനങ്ങളായിരുന്നു. നിക്ഷേപം 250 കോടിയിലേറെ നടത്തുന്നവർക്ക് 15 ഏക്കറിലേറെ സ്ഥലം വാങ്ങാൻ ഭൂപരിഷ്കരണ നിയമത്തിൽ ഇളവ് നൽകുമെന്നറിയിച്ചിരുന്നു. തൊഴിലവസരങ്ങൾക്ക് വേതന സബ്സിഡി നൽകുമെന്നും അതിൽ വനിതാ ജീവനക്കാർക്ക് 2000 രൂപ വീതം കൂടുതൽ നൽകുമെന്നും 37 ലക്ഷം പേർക്ക് പ്രയോജനം ഉണ്ടാവുമെന്നും പ്രഖ്യാപനങ്ങളുണ്ടായി. 

അസെൻഡ് കേരളയിലെ നിക്ഷേപ വാഗ്ദാനങ്ങൾ ഭൂരിപക്ഷവും തട്ടിക്കൂട്ടുകളായിരുന്നു. ലക്ഷം കോടി വേണമെന്നു നിശ്ചയിച്ചിട്ട് വെറുതെ കുറേ എഴുതിയുണ്ടാക്കി. കിറ്റെക്സിന്റെ 3500 കോടിയുടെ അപ്പാരൽ പാർക്ക് തെലങ്കാനയിൽ പുരോഗമിക്കുന്നു. ഇതിനകം 1300 കോടി അവിടെ മുടക്കി.

പൂർത്തിയായ പദ്ധതികളിലെ നിക്ഷേപം 808 കോടി മാത്രമെന്നാണ് സംഗമത്തിന്റെ നോഡൽ ഏജൻസിയായ കെഎസ്ഐഡിസി വിവരാവകാശ നിയമപ്രകാരം നൽകിയ മറുപടിയിൽ പറയുന്നത്.  ബേക്കറി നിർമാണം, സ്വകാര്യ ഐടി പാർക്ക്, കുട്ടികളുടെ വസ്ത്ര നിർമാണം, ആശുപത്രി തുടങ്ങിയവയാണിതെന്നും വിവരാവകാശ പ്രവർത്തകൻ ഗോവിന്ദൻ നമ്പൂതിരി നൽകിയ ചോദ്യത്തിനുള്ള മറുപടിയിൽ പറയുന്നു. തുടരുന്ന പദ്ധതികളിലെ നിക്ഷേപം 9345 കോടി എന്നുണ്ടെങ്കിലും ഏതൊക്കെ എന്നു പറയുന്നില്ല. അതിലുൾപ്പെട്ട കിറ്റെക്സിന്റെ 3500 കോടിയുടെ പദ്ധതി തെലങ്കാനയിൽ പോയി. ആ തുക കുറച്ചാൽ 5845 കോടി മാത്രം. നിർത്തിവച്ച 37 പദ്ധതികളിലെ നിക്ഷേപം 5003 കോടി.  വേണ്ടെന്നു വച്ച 30 പദ്ധതികളിലെ നിക്ഷേപം 18140 കോടി! അബുദാബി ഇൻവെസ്റ്റ്മെന്റ് അതോറിറ്റിയുടേതായി ഒന്നുമില്ല. ഡെൽവാൻ ഖത്തർ പദ്ധതി അബദ്ധത്തിൽ ചേർത്തതാണെന്നാണു വാദം. കണ്ണൂർ എയ്റൊട്രൊപോളിസ് പദ്ധതി തൽക്കാലം നിർത്തിവച്ചിരിക്കുകയാണെന്നും രേഖയിലുണ്ട്.

കേരളത്തിൽ ഏത് നിക്ഷേപ സംഗമത്തിലും കുറേ ധാരണാപത്രങ്ങൾ വരും. വളരെ കുറച്ചേ യാഥാർഥ്യമാകൂ. പകരം 100% നടക്കുമെന്നു തീർച്ചയുള്ളവയെക്കുറിച്ചു മാത്രം പ്രഖ്യാപനം നടത്തുക. അല്ലാത്തവയെക്കുറിച്ചു മിണ്ടാതിരിക്കുക.

സർക്കാരിന്റെ മെഗാ പദ്ധതികളിൽ ചിലത്: കൊച്ചി–പാലക്കാട് ഇന്റഗ്രേറ്റഡ് മാനുഫാക്ചറിങ് ക്ലസ്റ്റർ–10000 കോടി. ആമ്പല്ലൂർ ഇലക്ട്രോണിക്സ് ഹാർഡ്‌വെയർ പാർക്ക്–1200 കോടി. 3 നഗരങ്ങളിൽ ഖരമാലിന്യ സംസ്കരണ പ്ലാന്റുകൾ–700 കോടി, ഒറ്റപ്പാലം ഡിഫൻസ് പാർക്ക്– 131 കോടി, പെരുമ്പാവൂർ എംഡിഎഫ് ഫാക്ടറി–200 കോടി, പ്രൊപ്പിലീൻ ഓക്സൈഡ് പ്ലാന്റ്–5000 കോടി. പാലക്കാട് ലോജിസ്റ്റിക്സ് പാർക്ക് –400 കോടി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com