ADVERTISEMENT

യുഎസിലെ സാന്റ ക്ലാര ആസ്‌ഥാനമായുള്ള സിലിക്കൺ വാലി ബാങ്കും ഇന്ത്യയിലെ ഓഹരി വിപണിയും തമ്മിൽ എന്തു ബന്ധം? ഒരു ബന്ധവുമില്ലെന്ന ഉത്തരം ലഭിച്ചേക്കാവുന്ന ചോദ്യം. പക്ഷേ കഴിഞ്ഞ ആഴ്‌ച ഹോളി ആഘോഷത്തിന്റെ ആവേശത്തിലായിരുന്ന ഇന്ത്യൻ വിപണിയെ തകർക്കുന്നതിൽ പ്രധാന പങ്ക് എസ്‌വിബി എന്ന സിലിക്കൺ വാലി ബാങ്കിന്റേതായിരുന്നു എന്നതാണു യാഥാർഥ്യം. എസ്‌വിബിയുടെ തകർച്ച ലോക വിപണിയുടെതന്നെ തകർച്ചയ്‌ക്കു കാരണമായപ്പോൾ അത് ഇന്ത്യൻ വിപണിക്കും ആഘാതമായി. 

ലോകമാകെ വ്യാപിച്ച 2008ലെ സാമ്പത്തിക മാന്ദ്യം മൂർധന്യത്തിലെത്തിയപ്പോൾ വാഷിങ്ടൻ മ്യൂച്വൽ തകർന്നതിനു ശേഷം  ഇത്ര വലിയൊരു ധനസ്‌ഥാപനത്തിന്റെ പതനം ആദ്യമാണ്. അതുകൊണ്ടാണ് ആഗോളതലത്തിൽത്തന്നെ ഓഹരി വിപണികൾ ഈ വാർത്ത കേട്ടു ഞെട്ടിയത്. പലിശ വർധന സൂചിപ്പിച്ചുകൊണ്ടു യുഎസ് ഫെഡ് റിസർവ് ചെയർമാൻ ജെറോം പവലിൽനിന്നുണ്ടായ മുന്നറിയിപ്പും ആഘാതത്തിനു കരുത്തേകി.

ചോദ്യങ്ങൾ ഉയരുന്നു; ആശങ്കയും

എസ്‌വിബിയുടെ പതനം പല ചോദ്യങ്ങളും ഉയർത്തുന്നു; ആശങ്കകൾക്കിടയാക്കുന്നു. യുഎസ് ഫെഡറൽ റിസർവിന്റെ പലിശ നയത്തിലെ വൈകല്യമല്ലേ എസ്‌വിബിയെ പതനത്തിലേക്കു നയിച്ചത് എന്നതാണു വലിയ ചോദ്യം. ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങളിലെ കേന്ദ്ര ബാങ്കുകൾ അനുവർത്തിക്കുന്ന പലിശ നയവും അപകടകരമാകില്ലേ എന്നതും പ്രസക്‌തമായ ചോദ്യമാണ്.

ആശങ്ക പ്രധാനമായും ലോകമെങ്ങുമുള്ള ബാങ്കുകളുടെ ഭദ്രത സംബന്ധിച്ചാണ്. യുഎസ് വിപണിയുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്ന ഒട്ടേറെ ഇന്ത്യൻ സ്‌റ്റാർട്ടപ് സംരംഭങ്ങളുണ്ട്. അവയിൽ പലതും എസ്‌വിബിയുമായി ഇടപാടുകളുള്ളവയാണ്. വളരെ പേരെടുത്ത ചില സംരംഭങ്ങളും അവയിലുണ്ട്. അവയുടെ സാമ്പത്തികഭാവി സംബന്ധിച്ചും ആശങ്ക ഉയരുന്നു. സിലിക്കൺ വാലിയിലെ ടെക് വ്യവസായത്തിന്റെ പ്രധാന സാമ്പത്തിക സ്രോതസ്സായി പ്രവർത്തിച്ചുപോന്ന എസ്‌വിബി തകർന്നതിനെ തുടർന്ന് ഓഹരി വിപണികളിൽ പടർന്ന അസ്വസ്‌ഥത എത്ര നാൾ നീണ്ടുനിൽക്കുമെന്നാണ് ഇനി അറിയേണ്ടത്. 

പ്രതീക്ഷ നൽകുന്ന റിപ്പോർട്ടുകളും

അതിനിടെ, വിപണിക്കു പ്രതീക്ഷ പകരുന്ന ചില റിപ്പോർട്ടുകളും ഇല്ലാതില്ല. രാജ്യത്തെ  വ്യവസായോൽപാദന സൂചിക ജനുവരിയിൽ രണ്ടു മാസത്തിനിടയിലെ ഏറ്റവും ഉയർന്ന നിലവാരമായ 5.2 ശതമാനത്തിലെത്തിയിരിക്കുന്നു. ഡിസംബറിൽ 4.7% മാത്രമായിരുന്നു വ്യവസായ വളർച്ച.

ഉപഭോക്‌തൃ വിലകളെ ആസ്‌പദമാക്കിയുള്ള പണപ്പെരുപ്പത്തിന്റെ ഫെബ്രുവരിയിലെ കണക്ക് ഇന്നു പുറത്തുവരും. ജനുവരിയിൽ 6.52 ശതമാനമായിരുന്ന നിരക്ക് ഫെബ്രുവരിയിൽ 6.35 നിലവാരത്തിലേക്കു താഴ്‌ന്നിരിക്കാം എന്നാണു റോയിട്ടേഴ്‌സ് 43 സാമ്പത്തിക വിദഗ്‌ധർക്കിടയിൽ നടത്തിയ സർവേയുടെ നിഗമനം. 

ടാറ്റ ഗ്രൂപ്പിൽനിന്ന് ഐപിഒ നീക്കം

രണ്ടു ദശാബ്‌ദത്തോളം നീണ്ട ഇടവേളയ്‌ക്കു ശേഷം ടാറ്റ ഗ്രൂപ്പിൽനിന്നു വീണ്ടും ഓഹരികളുടെ ആദ്യ പൊതു വിൽപന (ഐപിഒ) യ്‌ക്കു നീക്കം. ടാറ്റ മോട്ടോഴ്‌സിന്റെ ഉപസ്‌ഥാപനമായ ടാറ്റ ടെക്‌നോളജീസ് 4000 കോടി രൂപയുടെ ഐപിഒയ്‌ക്കാണു തയാറാകുന്നത്.   ഐപിഒയ്‌ക്ക് അനുമതി നേടുന്നതിനു സെക്യൂരിറ്റീസ് ആൻഡ് ആൻഡ് എക്‌സ്‌ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ (സെബി) യെ കമ്പനി സമീപിച്ചുകഴിഞ്ഞു. ടാറ്റ ഗ്രൂപ്പിൽനിന്ന് ഏറ്റവും ഒടുവിൽ ഐപിഒ വിപണിയെ സമീപിച്ചതു ടാറ്റ കൺസൽറ്റൻസി സർവീസസാണ്. ടിസിഎസ് 2004ൽ ഐപിഒ വിപണിയിലെത്തി.

ഗെയ്ൽ ലാഭവീതം: ഇന്നു തീരുമാനം

ഈ സാമ്പത്തിക വർഷത്തേക്കുള്ള ഇടക്കാല ലാഭവീതം സംബന്ധിച്ചു തീരുമാനമെടുക്കാൻ പൊതു മേഖലയിലെ ഗെയ്‌ൽ ഇന്ത്യയുടെ ബോർഡ് യോഗം ഇന്നു ചേരുന്നു. ലാഭവീതം ലഭിക്കാൻ അർഹതയുള്ള ഓഹരി ഉടമകളെ നിർണയിക്കുന്ന റെക്കോർഡ് തീയതി 21 എന്നു നിശ്ചയിച്ചിട്ടുണ്ട്.

English Summary: How silicon valley fall affects economy?

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com