ADVERTISEMENT

തൃശൂർ∙ ഓസ്കറിനു ശേഷം രണ്ട് അത്ഭുതങ്ങൾ പ്രതീക്ഷിക്കുന്നു; ഒന്ന്, എസ്.എസ്.രാജമൗലിയുടെ ഹോളിവുഡ് പ്രവേശനം. രണ്ട്, ഇന്ത്യൻ സിനിമയുടെ പ്രാദേശിക മാർക്കറ്റിൽ ഹോളിവുഡ് സ്റ്റുഡിയോകളുടെ ശക്തമായ നിക്ഷേപം. ഹോളിവുഡിലുള്ള പ്രമുഖർ വോട്ടു ചെയ്താണ് ആർആർആർ സിനിമയിലെ ‘നാട്ടുനാട്ടു’ എന്ന ഗാനം ഓസ്കർ പരിഗണനയ്ക്ക് എത്തിയത്. ഈ സിനിമ കണ്ട ശേഷം രാജമൗലിയുമായി പല സ്റ്റുഡിയോകളും ആദ്യ ഘട്ട ചർച്ച പൂർത്തിയാക്കിയെന്നു പറയുന്നു. ഒന്നുകിൽ സിനിമ അല്ലെങ്കിൽ ഒരു വമ്പൻ വെബ് സീരീസ്. ഇതു രണ്ടിലൊന്നു രാജമൗലിയെ കാത്തിരിക്കുന്നുവെന്നാണ് റിപ്പോർട്ട്. 

ഇന്ത്യയിലെ പ്രാദേശിക സിനിമ രാജ്യാന്തര വേദികളിൽ നേടിയ വൻ വിജയം ഹോളിവുഡിനെ അമ്പരപ്പിച്ചിരിക്കുകയാണ്. ഇന്ത്യയിലെ പ്രാദേശിക വിപണി പിടിക്കാനുള്ള ഒരുക്കത്തിലാണ് ഹോളിവുഡ് സ്റ്റുഡിയോകൾ. മിക്ക ഹോളിവുഡ് സിനിമകളും പ്രാദേശിക ഭാഷകളിൽ ഡബ്ബ് ചെയ്ത് എത്തുന്നുവെന്നത് രാജ്യത്തെ തിയറ്ററുകൾക്കു നൽകുന്ന സന്തോഷം ചെറുതല്ല. കൂടാതെ, 4 വൻ കിട സ്റ്റുഡിയോകളാണ് തമിഴിലും തെലുങ്കിലുമായി സിനിമകൾ ചെയ്യാൻ ചർച്ചകൾ നടത്തുന്നത്. തമിഴ് നടനായ ധനുഷിനെ ഹോളിവുഡ് ചിത്രമായ ഗ്രേമാനിൽ അഭിനയിപ്പിച്ചതു ദക്ഷിണേന്ത്യൻ മാർക്കറ്റിനെ ലക്ഷ്യമിട്ടുതന്നെ. വാൾട്ട് ഡിസ്നി ഗ്രൂപ്പിന്റെ സ്റ്റാർ സ്റ്റുഡിയോ നിർമിച്ച ഹിന്ദി ചിത്രമായ ബ്രഹ്മാസ്ത്ര വിജയമായിരുന്നു. 

375കോടി രൂപയ്ക്കു നിർമിച്ച ചിത്രം തിയറ്ററിൽ മാത്രം 431 കോടി നേടി. ഡിസ്നി പോലുള്ള ഗ്രൂപ്പിന് ഇതു ചെറിയ നിക്ഷേപമാണ്. എന്നാൽ ചെറിയ നിക്ഷേപം വലിയ ലാഭം എന്നതു മുന്നിൽ കണ്ടുതന്നെയാണു ഡിസ്നി ഗ്രൂപ്പ് ഈ സിനിമ നിർമിച്ചത്. പരീക്ഷണം വിജയിച്ചതുകൊണ്ടാണു ബ്രഹ്മാസ്ത്രയുടെ രണ്ടാം ഭാഗത്തിലേക്കു ഡിസ്നി നീങ്ങുന്നത്. 

ഹിന്ദി സിനിമ കഴിഞ്ഞ വർഷം തിയറ്ററിൽ 19.7 കോടി ഡോളറിന്റെ ബിസിനസ് നടത്തിയപ്പോൾ, തെലുങ്കു സിനിമയുണ്ടാക്കിയത് 21.2 കോടി ഡോളർ. ഹിന്ദി സിനിമാ മാർക്കറ്റിന്റെ മൊത്ത വരുമാനത്തിൽ 32% ഉണ്ടാക്കിയതു തമിഴ്, കന്നഡ, തെലുങ്കു സിനിമകളുടെ ഡബ്ബിങ് റിലീസിലൂടെയാണ്. ഹോളിവുഡ് ഇതേ രീതിയിൽ ഡബ്ബ് ചെയ്തു സിനിമ ഇറക്കാൻ തുടങ്ങിയതും അതുകൊണ്ടുതന്നെ. 

English Summary: Hollywood investment in Indian Cinema

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com