ADVERTISEMENT

കൊച്ചി ∙ യുഎസിലെ സിലിക്കൺ വാലി ബാങ്ക് (എസ്‌വിബി) തകർച്ച ഇന്ത്യയിലെ ബാങ്കുകൾക്കു നേട്ടമാകുന്നു. ഇന്ത്യൻ സ്‌റ്റാർട്ടപ്പുകളുടേതും ഇന്ത്യൻ – അമേരിക്കൻ സ്‌റ്റാർട്ടപ്പുകളുടേതുമായി എസ്‌വിബിയിലുണ്ടായിരുന്ന 1700 കോടിയോളം രൂപയ്‌ക്കു തുല്യമായ ഡോളർ നിക്ഷേപത്തിന്റെ നല്ല പങ്കും ഗുജറാത്തിലെ ഗിഫ്‌റ്റ് സിറ്റിയിലുള്ള ബാങ്ക് ശാഖകളിലേക്കാണ് എത്തുന്നത്.

എസ്‌വിബിയിലെ ഇൻഷുർ ചെയ്‌തതും അല്ലാത്തതുമായ മുഴുവൻ നിക്ഷേപവും റിസീവറായി നിയമിക്കപ്പെട്ട യുഎസ് ഫെഡറൽ ഡിപ്പോസിറ്റ് ഇൻഷുറൻസ് കോർപറേഷൻ പുതുതായി രൂപീകരിച്ച ‘ബ്രിജ് ബാങ്ക്’ എന്ന താൽക്കാലിക സംവിധാനത്തിലേക്കു മാറ്റിയിരുന്നു. തകർന്ന ബാങ്കിൽനിന്ന് ഇഷ്‌ടമുള്ള ബാങ്കുകളിലേക്കു നിക്ഷേപം മാറ്റാൻ അക്കൗണ്ട് ഉടമകൾക്ക് അവസരം നൽകുന്നതിനുവേണ്ടിയുള്ള സംവിധാനമാണിത്. ഈ അവസരം ഉപയോഗിച്ചാണ് ഇന്ത്യൻ സ്‌റ്റാർട്ടപ്പുകളും ഇന്ത്യൻ – അമേരിക്കൻ സ്‌റ്റാർട്ടപ്പുകളും നിക്ഷേപം ഗിഫ്‌റ്റ് സിറ്റിയിലെ ബാങ്കുകളിലേക്കു മാറ്റുന്നത്. അൻപതിലേറെ സ്‌റ്റാർട്ടപ്പുകൾ ഗിഫ്‌റ്റ് സിറ്റിയിലെ ബാങ്കുകളിൽ അക്കൗണ്ട് ആരംഭിച്ചു നിക്ഷേപം മാറ്റിക്കഴിഞ്ഞു.

ആർബിഎൽ ബാങ്ക്, കോട്ടക് മഹീന്ദ്ര ബാങ്ക്, ഐസിഐസിഐ ബാങ്ക്, ആക്‌സിസ് ബാങ്ക് തുടങ്ങിയവയാണു ഗിഫ്‌റ്റ് സിറ്റി അക്കൗണ്ട് ആരംഭിക്കാൻ സ്‌റ്റാർട്ടപ്പുകളെ പ്രധാനമായും പ്രേരിപ്പിക്കുന്നത്. രാജ്യാന്തര പണമിടപാടു കേന്ദ്രം എന്ന പദവിയോടെ സംസ്‌ഥാന സർക്കാരിന്റെ ഉത്സാഹത്തിൽ രൂപംകൊണ്ട ഗുജറാത്ത് ഇന്റർനാഷനൽ ഫിനാൻസ് ടെക് – സിറ്റി (ഗിഫ്‌റ്റ് സിറ്റി) ബദൽ സൗകര്യം എന്ന നിലയിൽ നിക്ഷേപകർക്ക് ആകർഷകമാകാനുള്ള കാരണങ്ങൾ പലതാണ്.

അക്കൗണ്ട് മാറ്റത്തിനു യുഎസിൽ നാലു ദിവസത്തോളമെടുക്കുമെങ്കിൽ ഗിഫ്‌റ്റ് സിറ്റിയിൽ അത് ഒറ്റ ദിവസംകൊണ്ടു സാധ്യമാകുന്നു എന്നതാണു പ്രധാന കാരണം. യുഎസ് ഡോളറിലോ മറ്റു രാജ്യങ്ങളുടെ കറൻസികളിലോ ബഹുരാഷ്‌ട്ര കറൻസികളിലോ നിക്ഷേപത്തിനുള്ള സൗകര്യമാണു മറ്റൊന്ന്. യുഎസിലെതന്നെ ഏതെങ്കിലും ബാങ്കിലേക്കു നിക്ഷേപം മാറ്റുന്നതിനെ അപേക്ഷിച്ചു സുഭദ്രം ഇന്ത്യൻ ബാങ്കുകളാണെന്ന തിരിച്ചറിവും അപ്രധാനമല്ലാത്ത കാരണമാണ്.

100 രൂപയ്‌ക്ക് ബാങ്ക് വിൽപന

അതിനിടെ, സിലിക്കൺ വാലി ബാങ്കിന്റെ ബ്രിട്ടനിലെ ഉപസ്‌ഥാപനമായ എസ്‌വിബി യുകെ വെറും ഒരു പൗണ്ടിന് (100 രൂപയ്‌ക്കു തുല്യം) എച്ച്‌എസ്‌ബിസി ഹോൾഡിങ്‌സ് സ്വന്തമാക്കി. 670 കോടി പൗണ്ടിന്റെ നിക്ഷേപവും 550 കോടി പൗണ്ടിന്റെ വായ്‌പയുമുള്ള ബാങ്കാണ് എസ്‌വിബി യുകെ. പതിവു ജീവനക്കാരുമായി സാധാരണ രീതിയിൽ എസ്‌വിബി യുകെ പ്രവർത്തനം തുടരുമെന്നു കേന്ദ്ര ബാങ്കായ ബാങ്ക് ഓഫ് ഇംഗ്ലണ്ട് വ്യക്‌തമാക്കി.

‘തെമ്മാടി വ്യാപാരി’ എന്ന് അറിയപ്പെട്ട നിക് ലീസൻ എന്ന അവധിക്കച്ചവടക്കാരൻ നടത്തിയ ഭ്രാന്തമായ ഊഹക്കച്ചവടത്തിന്റെ ഫലമായി പൊളിഞ്ഞുപോയ ബെയറിങ്‌സ് ബാങ്കിനെ ഡച്ച് ബാങ്കായ ഐഎൻജി 1995 ഫെബ്രുവരിയിൽ സ്വന്തമാക്കിയതും വെറും ഒരു പൗണ്ടിനായിരുന്നു.

സ്വർണവില വീണ്ടും റെക്കോർഡിലേക്ക് 

കണ്ണൂർ∙ അമേരിക്കൻ ബാങ്കുകളുടെ തകർച്ചയെ തുടർന്ന് രാജ്യാന്തര വിപണിയിൽ സ്വർണവില കുതിച്ചതോടെ സംസ്ഥാനത്തെ വിലയും റെക്കോർഡ് നിലവാരത്തിനടുത്തെത്തി. ഇന്നലെ പവന് 560 രൂപയും ഗ്രാമിന് 70 രൂപയുമുയർന്നു. ഇതോടെ ഗ്രാമിനു വില 5315 രൂപയും പവന് 42520 രൂപയുമായി. സംസ്ഥാനത്ത് ഗ്രാമിന് 5360 രൂപയും പവന് 42880 രൂപയുമാണ് റെക്കോർഡ്‌ വില. കഴിഞ്ഞ മൂന്നു വ്യാപാരദിവസങ്ങൾക്കൊണ്ട് സംസ്ഥാനത്ത് 1400 രൂപയാണു പവനു കൂടിയത്.  സിലിക്കൺ വാലി പ്രതിസന്ധിക്കു ശേഷം 100 ഡോളറിന്റെ വർധനയാണ് രാജ്യാന്തര വിപണിയിൽ സ്വർണത്തിനുണ്ടായത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com