ന്യൂഡൽഹി∙ യുഎഇയും ഇന്ത്യയും തമ്മിൽ ഡിജിറ്റൽ കറൻസി ഇടപാട് സാധ്യമായേക്കും. ഇതടക്കമുള്ള വിഷയങ്ങളിൽ സഹകരണത്തിനായി റിസർവ് ബാങ്കും യുഎഇ സെൻട്രൽ ബാങ്കും (സിബിയുഎഐ) തമ്മിൽ ധാരണാപത്രം കൈമാറി. ഇന്ത്യയുടെ ഡിജിറ്റൽ കറൻസിയായ ഇ–റുപ്പിയും യുഎഇയുടെ ഡിജിറ്റൽ കറൻസിയും തമ്മിൽ പരസ്പരം ഇടപാട് നടത്തുകയാണ് ലക്ഷ്യം. ആദ്യമായാണ് ഡിജിറ്റൽ കറൻസി രംഗത്ത് മറ്റൊരു രാജ്യവുമായി റിസർവ് ബാങ്ക് സഹകരണത്തിന് ഒരുങ്ങുന്നത്.
രാജ്യാന്തര പണമിടപാട് സംബന്ധിച്ച പൈലറ്റ് പദ്ധതി ആരംഭിക്കാൻ ഇരു ബാങ്കുകളും തമ്മിൽ ധാരണയായി. ഇത് പൂർണതോതിൽ നടപ്പായാൽ ഇടപാട് ചെലവ് കുറയുകയും വേഗം കൂടുകയും ചെയ്യും. അച്ചടിച്ച നോട്ടിനു പകരം മൊബൈൽ ഫോണിലെ ആപ്പിൽ കൊണ്ടു നടക്കാവുന്ന കറൻസിയാണ് ഇ–റുപ്പി. പരീക്ഷണാടിസ്ഥാനത്തിൽ ഏകദേശം 4.1 കോടി രൂപയുടെ ഇ–റുപ്പി വിനിമയം നിലവിൽ നടക്കുന്നുണ്ട്.