കണ്ണൂർ ∙ കേരള തീരത്ത് ഒരു വർഷം മുൻപ് നിലച്ച ചരക്കു കപ്പൽ സർവീസ് പുനരാരംഭിക്കുന്നത് ഉൾപ്പെടെ 5 പദ്ധതികൾക്ക് താൽപര്യപത്രം ക്ഷണിച്ച് മാരിടൈം ബോർഡ്. തിരുവനന്തപുരത്തെ സെന്റർ ഫോർ മാനേജ്മെന്റ് ഡവലപ്മെന്റ് വഴിയാണ് താൽപര്യപത്രം ക്ഷണിച്ചത്. കൊല്ലം, പൊന്നാനി, ബേപ്പൂർ, അഴീക്കൽ തുറമുഖങ്ങളെ ബന്ധിപ്പിച്ച് സർവീസ് ആരംഭിക്കാനാണു ലക്ഷ്യമിടുന്നത്.
കേരളത്തിലോ ഇന്ത്യയിലെ മറ്റേതെങ്കിലും സംസ്ഥാനത്തോ ഓഫിസുള്ളതും ചുരുങ്ങിയത് 3 വർഷമായി ഷിപ്പിങ് രംഗത്തു പ്രവർത്തിക്കുന്നതും 50 കോടി രൂപയെങ്കിലും പ്രതിവർഷ വിറ്റുവരവുമുള്ള കമ്പനികളെയാണു പരിഗണിക്കുക. 2021 ജൂലൈ 4ന് ഫ്ലാഗ് ഓഫ് ചെയ്ത കപ്പൽ ഇൻസെന്റീവ് കുടിശിക, തുറമുഖത്തെ അസൗകര്യങ്ങൾ തുടങ്ങിയ കാര്യങ്ങൾ ചൂണ്ടിക്കാട്ടിയാണ് ഒൻപതാമത്തെ മാസം സർവീസ് അവസാനിപ്പിച്ചത്.
കൊല്ലം തുറമുഖത്ത് കപ്പൽ അറ്റകുറ്റപ്പണിക്കുള്ള കേന്ദ്രവും ഫ്ലോട്ടിങ് ഡ്രൈ ഡോക്കും സ്ഥാപിക്കുന്നതിനും, കൊല്ലം ആശ്രാമം വാർഫിലുള്ള ഗ്രാബ് ഡ്രജർ അറ്റകുറ്റപ്പണി നടത്തി ഉപയോഗിക്കുന്നതിനും, കണ്ണൂർ അഴീക്കൽ തുറമുഖത്ത് മണൽ ശുദ്ധീകരണ പ്ലാന്റ് സ്ഥാപിക്കുന്നതിനും, അഴീക്കൽ തുറമുഖത്തെ കട്ടർ സക്‌ഷൻ ഡ്രജർ (സിഎസ്ഡി) ചന്ദ്രഗിരി വാടകയ്ക്ക് കൊടുക്കുന്നതിനും താൽപര്യപത്രം ക്ഷണിച്ചിട്ടുണ്ട്. 28 വരെ താൽപര്യപത്രം സമർപ്പിക്കാം.