കണ്ണൂർ∙ കേരളത്തിൽ ചരക്കുസേവന നികുതിയുടെ പേരിൽ നടന്നത് 3058 കോടി രൂപയുടെ വെട്ടിപ്പ്. 2017ൽ ജിഎസ്ടി സമ്പ്രദായം ആരംഭിച്ചതു മുതൽ കഴിഞ്ഞ ഫെബ്രുവരി വരെയുള്ള വെട്ടിപ്പുകളുടെ കണക്കാണിത്. ഇതിൽ 1206 കോടി രൂപ മാത്രമാണ് തിരിച്ചുപിടിച്ചത്. കേരളത്തിൽനിന്ന് തട്ടിപ്പിന്റെ പേരിൽ അറസ്റ്റിലായത് 10 പേർ മാത്രമെന്നും ധനമന്ത്രാലയം പുറത്തുവിട്ട കണക്കുകൾ വ്യക്തമാക്കുന്നു.
രാജ്യത്താകെ നടന്ന ജിഎസ്ടി വെട്ടിപ്പ് 3,07,991 കോടി രൂപയുടേതാണ്. ഇതിൽ 1,03,801 കോടി രൂപയാണു തിരിച്ചുപിടിച്ചത്. മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതൽ വെട്ടിപ്പു നടന്നത്– 60,000 കോടി രൂപ. കേരളത്തിൽ നികുതിവെട്ടിപ്പ് കൂടുതലായും നടക്കുന്നത് വ്യാജ പ്ലൈവുഡ് കമ്പനികളുടെയും അടയ്ക്ക കയറ്റുമതി കമ്പനികളുടെയും പേരിലാണെന്ന് ജിഎസ്ടി അധികൃതർ വ്യക്തമാക്കുന്നു.
ഇതര സംസ്ഥാനത്തൊഴിലാളികളുടെ പേരിൽവരെ എടുക്കുന്ന വ്യാജ ജിഎസ്ടി റജിസ്ട്രേഷൻ ഉപയോഗിച്ചാണ് തട്ടിപ്പു കൂടുതലും. കടലാസുകമ്പനികളിലൂടെ ബില്ലിൽ കൃത്രിമം കാട്ടി ഇൻപുട് ടാക്സ് ക്രെഡിറ്റ് എടുത്താണ് (സർക്കുലർ ബില്ലിങ്) നികുതിത്തട്ടിപ്പ്. നികുതിപ്പണം തിരിച്ചെടുക്കാനാവാത്ത തരത്തിലുള്ള ബെനാമി റജിസ്ട്രേഷൻ തട്ടിപ്പുകൾ കേരളത്തിൽ വലിയ തോതിൽ വർധിക്കുന്നുണ്ടെന്നും അധികൃതർ പറയുന്നു. സ്വർണവ്യാപാരമേഖലയിൽ കാര്യമായ നികുതിശോഷണമില്ല. സ്വർണവ്യാപാരമേഖലയിൽനിന്നുള്ള വെട്ടിപ്പ് കണ്ടെത്തുന്നതും തിരിച്ചെടുക്കുന്നതും താരതമ്യേന എളുപ്പമാണെന്നും അധികൃതർ പറയുന്നു.
വലിയ നികുതിച്ചോർച്ചയുണ്ടായ സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും
∙ മഹാരാഷ്ട്ര–60059 കോടി രൂപ
∙ കർണാടക– 40507 കോടി രൂപ
∙ ഡൽഹി–24217 കോടി രൂപ
∙ ഗുജറാത്ത്–26156 കോടി രൂപ
∙ രാജസ്ഥാൻ– 190005 കോടി രൂപ
∙ തമിഴ്നാട്–10698 കോടി രൂപ
∙ ഗോവ–7822 കോടി രൂപ
∙ മധ്യപ്രദേശ്– 10678 കോടി രൂപ
∙ ആന്ധ്രപ്രദേശ്– 5775 കോടി രൂപ
∙ ഹരിയാന –22712 കോടി രൂപ
∙ ബംഗാൾ–17604 കോടി രൂപ
∙ ഉത്തർപ്രദേശ്–18954 കോടി രൂപ