ADVERTISEMENT

യൂറോപ്യൻ സായ്പ്പിന്റെ തീറ്റ–കുടിയുടെ ഭാഗമായി ചോക്കലേറ്റും ചീസും വൈനുമുണ്ട്. അവർക്ക് ഇതൊരു കലയാണ്. ഇതു മൂന്നും നമുക്ക് കാര്യമായിട്ടില്ല. യൂറോപ്പിൽ പോകുമ്പോഴാണ് പലതരം വൈനുകളും ചീസുകളും അത് ഏതൊക്കെ ഭക്ഷണത്തിന്റെ കൂടെ എങ്ങനെ കഴിക്കണമെന്നതും പഠിക്കുന്നത്. അവർക്ക് വീഞ്ഞ് ഇല്ലാതെ ഭക്ഷണം ഇറങ്ങില്ല. ഇന്ത്യയിൽ അടുത്ത കാലത്തായി കുറേ വൈൻ ബ്രാൻഡുകൾ ഇറങ്ങുകയും അതിൽ ചിലതൊക്ക ലോകോത്തരം എന്ന് സായ്പ് വിശേഷിപ്പിക്കുകയും ചെയ്തിട്ടുണ്ട്.

യൂറോപ്യൻ സംസ്കാരം പ്രചരിപ്പിക്കുന്നതിന്റെ ഭാഗമായി ചില കോൺസുലേറ്റുകളും മറ്റും വൈൻ, ചീസ് ടേസ്റ്റിങ്ങിൽ പരിശീലനം കൊടുക്കുന്നുണ്ട്. വൈൻ,ചീസ് ടേസ്റ്റിങ് പ്രഫഷനുമാണ്. ആ നിരയിലേക്ക് വരുന്നതാണ് ചോക്കലേറ്റ് തീറ്റയും ചോക്കലേറ്റ് ടേസ്റ്റിങ്ങും. പലതരം ചോക്ക‌ലേറ്റുകളുടെ രുചിഭേദങ്ങളും ഗുണനിലവാരവും രുചിച്ച് അറിയണം. അതിന് കോഴ്സ് വരെ വന്നിട്ടുണ്ട്.

ചോക്കലേറ്റ് തീറ്റ നമ്മുടെ നാട്ടിൽ പണമുള്ളവരുടെ വിലപിടിപ്പുള്ള ഹോബിയാണ്. ബൽജിയം, സ്വിസ് ചോക്കലേറ്റുകൾ തിന്നു തടിവച്ചു നടക്കുന്ന ഒട്ടേറെ പേരുണ്ട്. വില കൂടിയ ബ്രാൻഡ് ബാഗ്, ചെരിപ്പ് എന്നതു പോലെയാണ് അവർക്ക് ചോക്കലേറ്റും. പുതിയൊരു ബിസിനസ് അവസരം കണ്ട് മലയാളികൾ ഉൾപ്പെടെ ഇന്ത്യയിലാകെ ചോക്കലേറ്റ് സംരംഭകർ ഒരുപാടുണ്ട്. ബീൻ ടു ബാർ എന്നാണ് ഇതിന്റെയൊരു ലൈൻ. മനസ്സിലായില്ല? പറയാം.

കൊക്കോ ബീൻസിൽ നിന്നാണ് ചോക്ക‌ലേറ്റ് ഉണ്ടാക്കുന്നത്. മിക്കവരും അങ്ങനെ ഉണ്ടാക്കുന്ന ചോക്കലേറ്റ് മൊത്തമായി വിൽക്കുന്നു. ഇതു വാങ്ങി സ്വന്തം രുചികളും നിറങ്ങളും കോട്ടിങ്ങും മറ്റും കൊടുത്ത് പല ഷെയ്പുകളിലാക്കി ബ്രാൻഡ് പേരിട്ട് വിൽക്കുന്നു. പക്ഷേ ബീൻ ടു ബാർ ബിസിനസ് മേജർ സെറ്റ് കഥകളിയാണ്. കൊക്കോ ബീൻസ് വാങ്ങി ചോക്കലേറ്റ് ബാർ ആക്കി ബ്രാൻഡ് പേരിൽ വിൽക്കുക. കാഡ്ബറീസ് പോലുള്ള ബഹുരാഷ്ട്ര വമ്പൻമാരോടാണ് പിന്നത്തെ ഗുസ്തി.

അവരുടെ സെയിൽസ്, മാർക്കറ്റിങ്, ഡിസ്ട്രിബ്യൂഷൻ തന്ത്രങ്ങളോടും പരസ്യങ്ങളോടും പിടിച്ചു നിൽക്കാൻ കഴിയാതെ ഈയലുകൾ പോലെ കരി‍ഞ്ഞു പോയവരുണ്ട്. യൂറോപ്പിൽ പോലും ബഹുരാഷ്ട്ര കമ്പനികളോടു മത്സരിക്കാൻ ചെറിയ കമ്പനികൾ വന്നിട്ട് അവസാനം വിറ്റു സ്ഥലം കാലിയാക്കിയ ചരിത്രമേയുള്ളു. അതിനാൽ ബാറിനു താഴത്തെ ലവലിൽ നിന്നുള്ള കളി മതിയെന്നാണ് പയറ്റി തെളിഞ്ഞ സംരംഭകർ പറയുന്നത്.

ചോക്കലേറ്റ് ഉണ്ടാക്കുന്നതിന് പരിശീലന കേന്ദ്രങ്ങളുമുണ്ട്. ആർട്ട് ഓഫ് ചോക്കലേറ്റ് മേക്കിങ് പഠിപ്പിക്കുന്നു. ചോക്കലേറ്റ് ടേസ്റ്റർമാർക്ക് സർട്ടിഫിക്കറ്റ് നൽകുന്നു...!!

ഒടുവിലാൻഹൈറേഞ്ചിൽ പോകുമ്പോൾ സർവ മുറുക്കാൻ കടകളിലും ചോക്കലേറ്റ് വാരി കൂട്ടിയിട്ടു വിൽക്കുന്നില്ലേ? അതൊക്കെ ലോക്ളാസ് ഏർപ്പാടുകളാണത്രെ. കൊക്കോയ്ക്ക് പകരം പഞ്ചസാരയും മൈദയും വരെ ചേർത്ത് സർവത്ര മായവും ഇതിനിടയിലുണ്ടാകാം. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com