ADVERTISEMENT

വിവിധ വിഭാഗം മ്യൂച്വൽ ഫണ്ടുകളിൽ പ്രചാരം കൂടിയ ചില സ്കീമുകളുമായി ബന്ധപ്പെട്ട അടിസ്ഥാന വിവരങ്ങളാണ് ഈയാഴ്ച പങ്കുവയ്ക്കുന്നത്. ലാർജ് ക്യാപ്, മിഡ് ക്യാപ്, സ്മോൾ ക്യാപ് ഫണ്ടുകൾ തമ്മിലുള്ള വ്യത്യാസം, ഏതു തരം നിക്ഷേപകർക്കൊക്കെയാണ് ഈ ഫണ്ടുകളെല്ലാം അനുയോജ്യം മുതലായവ പരിശോധിക്കാം.

ആദ്യം മാർക്കറ്റ് ക്യാപ്പിറ്റലൈസേഷൻ(വിപണി മൂല്യം) എന്താണെന്നു നോക്കാം. കമ്പനിയുടെ മൊത്തം ഓഹരി എണ്ണത്തെ നിലവിലെ മാർക്കറ്റ് വിലകൊണ്ട് ഗുണിക്കുമ്പോൾ കിട്ടുന്ന തുകയാണ് പ്രസ്തുത കമ്പനിയുടെ മാർക്കറ്റ് ക്യാപ്പിറ്റലൈസേഷൻ. അതായത് നിലവിൽ കമ്പനിയുടെ ആകെ മൂല്യം എന്നർഥം.

ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചിൽ അയ്യായിരത്തിൽ പരം കമ്പനികൾ ലിസ്റ്റ് ചെയ്യപ്പെട്ടതായാണ് കണക്ക്. അവ പുറത്തിറക്കിയിരിക്കുന്ന ഓഹരികളുടെ എണ്ണവും അവയുടെ നിലവിലെ മാർക്കറ്റ് വിലയും ഒന്നിനൊന്ന് വ്യത്യാസപ്പെട്ടിരിക്കുമെന്നത് നിശ്ചയമാണല്ലോ. ലിസ്റ്റ് ചെയ്യപ്പെട്ട എല്ലാ കമ്പനികളുടെയും മാർക്കറ്റ് ക്യാപ്പിറ്റലൈസേഷൻ കണക്കാക്കിയതിന് ശേഷം വലിപ്പമനുസരിച്ച് റാങ്ക് പട്ടിക തയാറാക്കുന്നു. തുടർന്ന് ഏറ്റവും മുകളിൽ വരുന്ന, അതായത് ഉയർന്ന മൂല്യമുള്ള ആദ്യത്തെ 100 ബ്ലൂചിപ് കമ്പനികളെ ലാർജ് ക്യാപ് കമ്പനികളായും, 101 മുതൽ 250 വരെ റാങ്കിൽ വരുന്ന കമ്പനികളെ മിഡ്ക്യാപ് കമ്പനികളായും, 251 മുതൽ താഴോട്ടു വരുന്ന എല്ലാ കമ്പനികളെയും സ്മോൾ ക്യാപ് കമ്പനികളായും പരിഗണിക്കപ്പെടുന്നു. ഇനി ഈ മൂന്നു വിഭാഗം കമ്പനികളുടെയും ഓഹരികളിൽ നടത്തുന്ന നിക്ഷേപം മ്യൂച്വൽ ഫണ്ടുകളുമായി എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നുവെന്ന് നോക്കാം.

 ലാർജ് ക്യാപ് ഫണ്ടുകൾ

ആകെ നിക്ഷേപത്തിന്റെ 80 ശതമാനമെങ്കിലും ലാർജ് ക്യാപ് കമ്പനികളുടെ ഓഹരികളിൽ മാത്രമായിരിക്കണമെന്നാണ് ലാർജ് ക്യാപ് മ്യൂച്വൽ ഫണ്ടുകൾക്ക് സെബി (സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ) നൽകിയിരിക്കുന്ന നിർദേശം. അതായത് ഇന്ത്യയിലെ മുൻനിര കമ്പനികളുടെ ഓഹരികളിലാണ് ലാർജ് ക്യാപ് ഫണ്ടുകൾ പ്രധാനമായും നിക്ഷേപം നടത്തുന്നത്.

 മിഡ് ക്യാപ് ഫണ്ടുകൾ

മിനിമം 65 ശതമാനമെങ്കിലും മിഡ് ക്യാപ് കമ്പനികളുടെ ഓഹരികളിൽ മാത്രം നിക്ഷേപം നടത്തുന്ന സ്കീമുകളാണ് മിഡ് ക്യാപ് ഫണ്ടുകൾ. വലുപ്പം അടിസ്ഥാനമാക്കി തയാറാക്കിയ റാങ്ക് പട്ടികയിലെ 101 മുതൽ 250 വരെയുള്ള കമ്പനികളുടെ ഓഹരികളിലാണ് മിഡ് ക്യാപ് ഫണ്ടുകൾ പണമിറക്കുന്നത്.

 സ്മോൾ ക്യാപ് ഫണ്ടുകൾ

വലുപ്പത്തിന്റെ കാര്യത്തിൽ 251–ാമത്തെ റാങ്ക് മുതൽ താഴോട്ടു വരുന്ന ചെറുകിട കമ്പനികളുടെ ഓഹരികളിൽ ഏറ്റവും ചുരുങ്ങിയത് 65 ശതമാനമെങ്കിലും നിക്ഷേപിച്ചു വരുന്നവയാണ് സ്മോൾ ക്യാപ് ഫണ്ടുകൾ. മൂന്നു തരം ഫണ്ടുകളും തമ്മിലുള്ള ഘടനാപരമായ വേർതിരിവാണ് മുകളിൽ പരാമർശിച്ചതെങ്കിലും ഇവയിൽ പണം നിക്ഷേപിക്കുന്നതിന് മുൻപ് നിക്ഷേപകർ മനസ്സിലാക്കേണ്ട മറ്റു കാര്യങ്ങൾ താഴെ പട്ടികയിൽ.

mutualfund

വാൽക്കഷണം: ഇക്വിറ്റി ഫണ്ട് വിഭാഗത്തിൽ നിക്ഷേപകർക്കിടയിൽ പ്രചാരമേറിയവയാണ് ലാർജ്, മിഡ്, സ്മോൾ ക്യാപ് ഫണ്ടുകൾ. അതേസമയം സെബിയുടെ തരംതിരിവിൽ ലാർജ് ക്യാപ്പുകളുടെയും മിഡ് ക്യാപ്പുകളുടെയും സംയോജിത രൂപമായ ലാർജ് ആൻഡ് മിഡ് ക്യാപ് ഫണ്ടുകളും നിലവിലുണ്ട്. ഇത്തരം സ്കീമുകളിൽ ചുരുങ്ങിയത് 35% വീതം ലാർജ് ക്യാപ് ഓഹരികളിലും മിഡ് ക്യാപ് ഓഹരികളിലും നിക്ഷേപിച്ചിരിക്കണമെന്നതാണ് നിയമം. 16.92%, 10.26%,15.03% എന്നിങ്ങനെയാണ് യഥാക്രമം 3,5,10 വർഷങ്ങളിൽ ലാർജ് ആൻഡ് മിഡ് ക്യാപ് ഫണ്ടുകൾ നിക്ഷേപകർക്ക് നൽകിയ റിട്ടേൺ.

കെ.സി.ജീവൻകുമാർ(ഹെഡ്, ഇൻവെസ്റ്റ്മെന്റ് അഡ്വൈസറി സർവീസസ്, ജിയോജിത്)

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com