കുറഞ്ഞ ചെലവിൽ പ്രീമിയം പരിരക്ഷ

HIGHLIGHTS
  • പൊതുശ്രദ്ധയിലേക്ക് അധികം വന്നിട്ടില്ലാത്ത മികച്ച നേട്ടം നൽകുന്ന ചില ജീവിത പരിരക്ഷാ പോളിസികൾ
life-insurance (2)
SHARE

പലവിധ കാരണങ്ങളാൽ പൊതുശ്രദ്ധയിലേക്ക് അധികം വന്നിട്ടില്ലാത്തതും എന്നാൽ മികച്ച പരിരക്ഷയും കുറഞ്ഞ പ്രീമിയം ചെലവും മികവുറ്റ മറ്റ് സവിശേഷതകളുമുള്ള ചില ജീവിത പരിരക്ഷാ പോളിസികൾ ഏതൊക്കെയെന്നു നോക്കാം.

 ആരോഗ്യരക്ഷയ്ക്ക്

പോളിസിയുടമയ്ക്ക് തുടർച്ചയായി 24 മണിക്കൂറിന് മുകളിൽ ആശുപത്രിയിൽ കിടത്തി ചികിത്സ വേണ്ടി വന്നാൽ ദിവസ ആശുപത്രി ആനുകൂല്യം എന്ന നിലയിൽ 2,500 രൂപ മുതൽ 10,000 രൂപ വരെ ആശുപത്രി ചെലവുകളുമായി ബന്ധപ്പെടുത്താതെ പണമായി ലഭിക്കുന്ന രീതിയിലാണ് എൽഐസിയുടെ ആരോഗ്യരക്ഷക് പോളിസിയിൽ ആനുകൂല്യം. നാലു മണിക്കൂറിലധികം തീവ്രപരിചരണ ചികിത്സ വേണ്ടി വന്നാൽ ദിവസ ചെലവ് ആനുകൂല്യം ഇരട്ടി ലഭിക്കും. ഡെങ്കി, മലേറിയ, ന്യുമോണിയ, വൈറൽ ഹെപ്പറ്റൈറ്റിസ്-എ, പൾമനറി ട്യൂബർക്കുലോസിസ് തുടങ്ങിയ അസുഖങ്ങൾക്ക് കിടത്തി ചികിത്സ വേണ്ടി വന്നാൽ ദിവസ ആനുകൂല്യത്തിന് പുറമേ അതിന്റെ രണ്ടര ഇരട്ടി തുക ഒരുമിച്ച് ലഭിക്കും. പോളിസിയുടെ ആദ്യ വർഷം പരമാവധി 30 ദിവസത്തെ ആനുകൂല്യമെന്നും അതിന് ശേഷം 90 ദിവസമെന്നും പരിമിതിയുണ്ട്.

അപകടം, മറ്റസുഖങ്ങൾ തുടങ്ങി തുടർച്ചയായി 30 ദിവസത്തിൽ കൂടുതൽ ചികിത്സ വേണ്ടി വരുന്ന ഘട്ടങ്ങളിൽ ദിവസ ആനുകൂല്യത്തിന്റെ പത്തിരട്ടി തുക അധിക ആനുകൂല്യമായി ഒരുമിച്ച് നൽകും. 40 വയസ്സുള്ള ഒരാൾക്ക് 5,000 രൂപയുടെ ദിവസ ആനുകൂല്യം ലഭിക്കുന്നതിന് വരുന്ന വാർഷിക പ്രീമിയം 12,381 രൂപയാണ്. കുടുംബത്തിൽ എല്ലാവരെയും ഉൾപ്പെടുത്തി പോളിസി എടുക്കാം. 30 വയസ്സുള്ള ഭാര്യയ്ക്ക് 8,130 രൂപ, 60 വയസ്സുള്ള രക്ഷിതാവിന് 22,961 രൂപ, 10 വയസ്സുള്ള കുട്ടിക്ക് 3,481 രൂപ എന്നിങ്ങനെയാണ് അധികമായി വേണ്ടി വരുന്ന വാർഷിക പ്രീമിയം.

അപകടം, മറ്റസുഖങ്ങൾ തുടങ്ങിയ കാരണങ്ങളാൽ മേജർ ശസ്ത്രക്രിയകൾ വേണ്ടി വന്നാൽ ദിവസ ആശുപത്രി ആനുകൂല്യത്തോടൊപ്പം അതിന്റെ നൂറിരട്ടി തുക-രണ്ടര ലക്ഷം മുതൽ 10 ലക്ഷം രൂപ വരെ– അധിക ആനുകൂല്യവും ലഭിക്കും. നിബന്ധനകൾക്ക് വിധേയമായി ദിവസ ആനുകൂല്യം വരും പോളിസി വർഷങ്ങളിൽ സ്വയമേവ വർധിക്കുക, ക്ലെയിം ഉണ്ടാകാത്ത വർഷങ്ങളിൽ നോ ക്ലെയിം ആനുകൂല്യം, റൈഡറുകളുടെ ആനുകൂല്യം, ശസ്ത്രക്രിയ വേണ്ടി വരുന്ന സാഹചര്യങ്ങളിൽ തൊട്ടടുത്ത വർഷങ്ങളിൽ പ്രീമിയം ഒഴിവാക്കൽ, ശസ്ത്രക്രിയ വേണ്ടി വന്ന് പരമാവധി ആനുകൂല്യം വാങ്ങിയെടുത്ത സാഹചര്യങ്ങളിൽ അതേവർഷം ബാക്കി നിൽക്കുന്ന പോളിസി കാലാവധിക്ക് പരിരക്ഷ പുനഃസ്ഥാപിച്ച് നൽകുക എന്നിങ്ങനെ മറ്റ് മെഡിക്കൽ പോളിസികളിൽ ലഭിക്കുന്ന നൂതന സവിശേഷതകളെല്ലാം ഒരളവ് കൂടുതൽ ആരോഗ്യരക്ഷക് പോളിസിയിൽ കാണാം. പ്രധാന പോളിസിയുടമ മരണമടഞ്ഞാൽ പോളിസിയിൽ പേര് ചേർത്തിട്ടുള്ള മറ്റ് അംഗങ്ങൾക്കുള്ള പരിരക്ഷ പ്രീമിയം നൽകാതെ 15 വർഷം വരെ തുടരും.

 കാൻസർ കവർ പോളിസി

കാൻസർ രോഗ പരിരക്ഷ നൽകുന്ന നിലവിലുള്ള പോളിസികളിൽ മുൻ നിരയിലാണ് എൽഐസിയുടെ കാൻസർ പരിരക്ഷ പോളിസി. 20 വയസ്സു മുതൽ 65 വയസ്സു വരെയുള്ളവർക്ക് 10 ലക്ഷം രൂപ മുതൽ 50 ലക്ഷം രൂപ വരെ പരിരക്ഷയുള്ള പോളിസികൾക്ക് അർഹതയുണ്ട്. രോഗം സ്ഥിരീകരിച്ചാലുടൻ പരിരക്ഷാ തുകയുടെ 25 ശതമാനം പണമായും, തൊട്ടടുത്ത മൂന്നു വർഷത്തെ പ്രീമിയം തുക ഒഴിവാക്കിക്കൊടുക്കുന്ന രീതിയിലുമാണ് ആനുകൂല്യം. അസുഖം കൂടുതലാകുന്ന ഘട്ടത്തിൽ, അതിനോടകം നൽകിയ തുക കിഴിവ് ചെയ്ത് പരിരക്ഷയുടെ 100 ശതമാനം പണമായി നൽകും. പരിരക്ഷാത്തുകയുടെ ഒരു ശതമാനം തുക ഓരോ മാസവും ആനുകൂല്യമായി 10 വർഷത്തേയ്ക്ക് നൽകും. ഇതിനിടയിൽ പോളിസിയുടമ മരണമടഞ്ഞാലും നോമിനിക്ക് ആനുകൂല്യം കിട്ടിക്കൊണ്ടിരിക്കും. ബാക്കിനിൽക്കുന്ന പോളിസി കാലാവധിക്ക് മാസ വരുമാനം തുടർന്ന് ആനുകൂല്യമായി നൽകുമ്പോൾ ഭാവി പ്രീമിയം അടയ്ക്കേണ്ടതില്ല. 

26 വയസ്സുള്ള ഒരാൾ 30 വർഷ കാലാവധിക്ക് 50 ലക്ഷം രൂപയുടെ പരിരക്ഷ ലഭിക്കുന്ന രീതിയിൽ പോളിസിയെടുക്കുമ്പോൾ വാർഷിക പ്രീമിയം ഏതാണ്ട് 14,000 രൂപയാണ്. തുടക്കത്തിൽ പരിരക്ഷ കുറഞ്ഞും, വരും വർഷങ്ങളിൽ പരിരക്ഷ ക്രമമായി ഉയരുന്ന രീതിയിലും പോളിസി എടുക്കാം. ഓൺലൈനായി പോളിസി എടുക്കുമ്പോൾ പ്രീമിയം തുക 7 % വരെ കുറയും. 20 വർഷം, 30 വർഷം എന്നിങ്ങനെ പോളിസി കാലാവധി വ്യത്യാസമുണ്ടാകും.  5 വർഷം കൂടുമ്പോഴും പ്രീമിയം തുക പരിഷ്കരിക്കുന്നതിന് എൽഐസിക്ക് അധികാരമുണ്ട്. സ്ത്രീകൾക്ക് പുരുഷൻമാരെക്കാൾ ഉയർന്ന പ്രീമിയം നിരക്കാണ്.

 ശുദ്ധ ടേം പോളിസികൾ

പരിരക്ഷ മാത്രം പരമാവധി ചുരുങ്ങിയ പ്രീമിയം ചെലവിൽ നൽകുന്ന ശുദ്ധ ടേം പോളിസികൾ ലഭ്യമാണ്. സരൾ ജീവൻ ബീമ, പുതിയ ജീവൻ അമർ, തുടങ്ങിയ ടേം പോളിസികളിൽ പോളിസിയുടമ മരണമടഞ്ഞാൽ മാത്രം പരിരക്ഷാ തുക നോമിനിക്ക് ലഭിക്കുന്ന പോളിസികളാണ്. പുതിയ ജീവൻ അമർ പോളിസിയിൽ 26 വയസ്സുള്ള പോളിസിയുടമ ഒരു കോടി രൂപയുടെ പരിരക്ഷ ലഭിക്കുന്ന 40 വർഷ കാലവധിക്കുള്ള പോളിസിയെടുത്താൽ വാർഷിക പ്രീമിയം 25,000 രൂപയോളം വരും. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

1977ലെ മികച്ച നടിയെ അറിയുമോ?

MORE VIDEOS
FROM ONMANORAMA