സാൻഫ്രാൻസിസ്കോ ∙ ചൈനീസ് ഷോപ്പിങ് ആപ്പായ പിൻഡുവോഡുവോ ഗൂഗിൾ പ്ലേസ്റ്റോറിൽ വിലക്കി. ആപ്പിനുള്ളിൽ മാൽവെയർ (ദുഷിച്ച കംപ്യൂട്ടർ പ്രോഗ്രാം) ഉണ്ടെന്ന കണ്ടെത്തലിനെത്തുടർന്നാണു വിലക്ക്. നിസ്സാരവിലയ്ക്ക് സാധനങ്ങൾ വിറ്റഴിച്ച് ശ്രദ്ധ നേടിയ പിൻഡുവോഡുവോ ഇന്ത്യയിൽ ലഭ്യമല്ല.
അതേസമയം, ആപ്പിന്റെ 91% ശതമാനം ഉപയോക്താക്കളും ഉളള ചൈനയിൽ പ്ലേസ്റ്റോർ ഇല്ലെന്നിരിക്കെ ഗൂഗിളിന്റെ വിലക്ക് ആപ്പിന്റെ 3% ഉപയോക്താക്കളുള്ള യുഎസ് വിപണിയെയാണ് കാര്യമായി ബാധിക്കുക. ജപ്പാൻ, തയ്‌വാൻ, ഹോങ്കോങ് തുടങ്ങിയ രാജ്യങ്ങളിലും പിൻഡുവോഡുവോ സേവനമുണ്ടെങ്കിലും ഓൺലൈൻ വിപണിയിൽ കാര്യമായ സ്വാധീനമില്ല. ആപ്പിൾ ആപ്പ്സ്റ്റോർ പിൻഡുവോഡുവോയ്ക്ക് വിലക്കേർപ്പെടുത്തിയിട്ടില്ല.