ADVERTISEMENT

ന്യൂഡൽഹി∙ 2030ൽ സെക്കൻഡിൽ 1,000 ജിബി (1 ടെറാബൈറ്റ്) ഇന്റർനെറ്റ് വേഗം വരെ പ്രതീക്ഷിക്കുന്ന 6ജി യുഗത്തിലേക്ക് കടക്കാനായി 'ഭാരത് 6ജി മിഷൻ' രൂപീകരിച്ച് കേന്ദ്രസർക്കാർ.അടുത്ത 7 വർഷം 6ജി സാങ്കേതികവിദ്യയിലെ ഗവേഷണത്തിനടക്കം 10,000 കോടി രൂപയുടെ ഫണ്ട് വേണമെന്ന് കേന്ദ്രം 2021ൽ നിയോഗിച്ച പ്രത്യേക 6ജി ദൗത്യസമിതി ശുപാർശ ചെയ്തു. സ്റ്റാർട്ടപ്പുകൾക്കടക്കം ഈ മേഖലയിലെ നൂതന കണ്ടുപിടിത്തങ്ങൾക്ക് വൻതോതിൽ ഫണ്ടിങ്ങിന് അവസരമൊരുങ്ങിയേക്കും. ഇതുസംബന്ധിച്ച നയരേഖ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രകാശനം ചെയ്തു. ഇടത്തരം പ്രോജക്ടുകൾക്ക് 20 കോടി രൂപ വരെയും വലിയ പ്രോജക്ടുകൾക്ക് അതിലും ഉയർന്ന തുകയും സ്റ്റാർട്ടപ്പുകൾക്ക് ലഭിക്കാം.

നയരേഖയുടെ അടിസ്ഥാനത്തിൽ കേന്ദ്ര ടെലികോം മന്ത്രി അശ്വിനി വൈഷ്ണവ് അധ്യക്ഷനായ 22 അംഗ ഉന്നതതല സമിതിയും ഇന്നലെ ടെലികോം വകുപ്പ് രൂപീകരിച്ചു. വയർലെസ് ടെക്നോളജി വിദഗ്ധനായ ആരോഗ്യസ്വാമി ജെ.പോൾരാജ്, പെന്റിയം ചിപ്പിന്റെ പിതാവെന്ന് അറിയപ്പെടുന്ന വിനോദ് ദാം, ടാറ്റ കൺസൽറ്റൻസി സർവീസസ് ചീഫ് ഓപ്പറേറ്റിങ് ഓഫിസർ എൻ.ജി.സുബ്രഹ്മണ്യം എന്നീ വിദഗ്ധർ സമിതിയുടെ ഭാഗമാണ്. നൂതനമായ ആശയങ്ങൾ പരിശോധിച്ച് ഗവേഷണ ഫണ്ടിങ് അടക്കം അനുവദിക്കുന്നത് ഈ സമിതിയായിരിക്കും. 

ജോയിന്റ് സെക്രട്ടറി തലത്തിലുള്ള ഉദ്യോഗസ്ഥനായിരിക്കും 6ജി മിഷൻ മേധാവി. ഗവേഷണസ്ഥാപനങ്ങൾ, കമ്പനികൾ എന്നിവ ഉൾപ്പെടുത്തി 'ഭാരത് 6ജി അലയൻസിനും' (ബി6ജിഎ) കേന്ദ്രം രൂപം നൽകി. 

2030ൽ എല്ലാവർക്കും 100 എംബി വേഗം

2030ൽ എല്ലാ പൗരന്മാർക്കും സെക്കൻഡിൽ കുറ‍ഞ്ഞത് 100 എംബി വേഗമുള്ള ഇന്റർനെറ്റ് ഉറപ്പാക്കുകയെന്ന ലക്ഷ്യവും നയരേഖയിലുണ്ട്. 90% വീടുകളിലും അതിവേഗ ബ്രോഡ്ബാൻഡ് എത്തിക്കും. പബ്ലിക് വൈഫൈ ഹോട്സ്പോട്ടുകളുടെ എണ്ണം 5 കോടിയാകും. അടുത്ത 7 വർഷം 2 രണ്ടു ഘട്ടമായി തിരിഞ്ഞായിരിക്കും 6ജി ഗവേഷണം. 2025 വരെ ഒന്നാം ഘട്ടവും 2030 വരെ രണ്ടാം ഘട്ടവും.

എന്താണ് 6ജി?

5ജിയേക്കാൾ 100 മടങ്ങ് ഉയർന്ന വേഗമാണ് 6ജിയിൽ പ്രതീക്ഷിക്കുന്നത്. 6ജി നിലവിൽ എവിടെയുമില്ല. ഇന്ത്യയ്ക്കു പുറമേ യുഎസ്, റഷ്യ, ചൈന, ജപ്പാൻ, ദക്ഷിണ കൊറിയ, സിംഗപ്പൂർ, യുഎഇ, യൂറോപ്യൻ യൂണിയനിലെ ചില രാജ്യങ്ങൾ എന്നിവയാണ് നിലവിൽ 6ജി ഗവേഷണത്തിലേക്ക് തിരിഞ്ഞിരിക്കുന്നത്. ഉയർന്ന ഇന്റർനെറ്റ് വേഗം ആവശ്യമുള്ള റിമോട്ട് കൺട്രോൾഡ് ഫാക്ടറികൾ, സെൽഫ് ഡ്രൈവിങ് കാറുകൾ തുടങ്ങിയവയ്ക്ക് 6ജി വൻകുതിപ്പേകുമെന്നാണ് നയരേഖയിലുള്ളത്.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com