ADVERTISEMENT

വ്യാഴം തുടങ്ങിയാൽ ജാതകം തെളിയുമെന്നു ജ്യോതിഷികൾ. ഓഹരി വിപണിയുടെ ജാതകം വ്യാഴത്തോടെ തെളിയുമോ എന്നറിയുന്നതിലാണു നിക്ഷേപകർക്കു താൽപര്യം. റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ മുംബൈയിലെ ആസ്ഥാനത്ത് അടുത്ത തിങ്കളാഴ്ച ആരംഭിക്കുന്ന പണനയ സമിതി (എംപിസി) യോഗത്തിന്റെ തിരുമാനം പുറത്തുവരുന്നത് ഏപ്രിൽ 6 വ്യാഴം രാവിലെ 10ന്. പുതിയ സാമ്പത്തിക വർഷത്തെ ആദ്യ സമിതി യോഗമെന്ന പ്രത്യേകതയ്ക്കപ്പുറം പലിശ നിരക്കുകൾ സംബന്ധിച്ച് ആർബിഐ കൈക്കൊള്ളുന്ന തീരുമാനത്തിനാണു പ്രസക്തി. ഏതു തീരുമാനവും വിപണിക്കു നിർണായകമാണ്.

യുഎസിലെയും യൂറോപ്പിലെയും ബാങ്കിങ് വ്യവസായം ദുർബലമാണെന്നു തെളിയിച്ച സംഭവവികാസങ്ങൾ കേന്ദ്ര ബാങ്കുകളെ പലിശ വർധന യജ്ഞത്തിൽനിന്നു പിന്തിരിപ്പിക്കുമെന്നു വിപണികൾ മോഹിച്ചു. പക്ഷേ മോഹം വെറുതെയായി. യുഎസ് ഫെഡറൽ റിസർവ് പലിശ 0.25% കൂടി വർധിപ്പിച്ചു. ബാങ്ക് ഓഫ് ഇംഗ്ലണ്ടും അതേ നിരക്കിൽ വർധന പ്രഖ്യാപിച്ചു. ഇനി ഊഴം ആർബിഐയുടേതാണ്. 0.25% വർധനയ്ക്കു സാധ്യതയുണ്ടെന്നു ചില നിരീക്ഷകർ. നിലവിലെ സ്ഥിതി തുടരാനായിരിക്കും തീരുമാനിക്കുക എന്നു വിശ്വസിക്കുന്നവരുമുണ്ട്. നിക്ഷേപകർക്ക് അടുത്ത ആഴ്ച വരെ കാത്തിരിക്കുക മാത്രമേ നിർവാഹമുള്ളൂ 

ഇടപാടുകൾ ഒഴിവാക്കാം

കടന്നുപോയ ആഴ്ച വിപണിക്കു സംഭവിച്ച നഷ്ടം ഒരു ശതമാനത്തോളമാണ്. സെൻസെക്സ് 57,527 പോയിന്റിലാണ് അവസാനിച്ചത്. നിഫ്റ്റി അവസാനിച്ചതു 16,945 പോയിന്റിൽ. ജൂലൈക്കു ശേഷം ഇത്ര താഴ്ന്ന നിലവാരത്തിൽ വ്യാപാരം അവസാനിച്ച ആഴ്ചയുണ്ടായിട്ടില്ല. ഈ ആഴ്ചയിലും അനിശ്ചിതത്വത്തിൽനിന്നു വിപണിക്കു മോചനമുണ്ടാകാൻ ഇടയില്ലെന്ന നിരീക്ഷണമാണു സാങ്കേതിക വിദഗ്ധരുടേത്. 16,600 – 16,500 വരെ നിഫ്റ്റി താഴ്ന്നേക്കാനുള്ള സാധ്യത അവർ ചൂണ്ടിക്കാട്ടുന്നുണ്ട്. 17,200 – 17,250 വരെ ഉയരാനുള്ള സാധ്യതയും അവർ സൂചിപ്പിക്കുന്നു. അവ്യക്തതകളുടെ പശ്ചാത്തലത്തിൽ ഇടപാടുകൾക്ക് അവധി നൽകുകയായിരിക്കും നിക്ഷേപകർക്ക് ഉചിതം എന്നാണ് ഇതിൽനിന്ന് ഉൾക്കൊള്ളാവുന്ന പാഠം.

ഈ ആഴ്ചയും പ്രധാനം

അടുത്ത ആഴ്ച പോലെ പ്രധാനമാണു വിപണിക്ക് ഈ ആഴ്ചയും. രാമനവമി പ്രമാണിച്ചു 30ന് അവധിയായതിനാൽ വ്യാപാരം നാലു ദിവസത്തിലൊതുങ്ങുന്ന ഈ ആഴ്ച വിപണിയുടെ ഗതി നിർണയത്തെ സ്വാധീനിക്കാൻ എന്തൊക്കെ കാരണമാകും എന്നു നോക്കുക:

∙ കമ്പനികൾ പുറപ്പെടുവിക്കുന്ന കടപ്പത്രങ്ങളിന്മേലുള്ള ആദായ വിതരണത്തിലെ വീഴ്ചയ്ക്കു പരിരക്ഷയായി നിക്ഷേപകർ കരുതുന്ന ക്രെഡിറ്റ് ഡിഫോൾട്ട് സ്വാപ് (സിഡിഎസ്) സംബന്ധിച്ചു യൂറോപ്പിൽ ഉയർന്ന ഉൽക്കണ്ഠ കെട്ടടങ്ങിയിട്ടില്ല. ഈ ആഴ്ചയിലും അതിന്റെ  പ്രതിഫലനം വിപണിയിൽ കാണാനായേക്കും.

∙ യുഎസിലെ സമ്പദ്‌വ്യവസ്ഥയുടെ 2022 ഒക്ടോബർ – ഡിസംബർ കാലയളവിലെ വളർച്ചയുടെ കണക്കുകൾ 30നു പുറത്തുവരും. ജൂലൈ – സെപ്റ്റംബറിൽ 3.2% വളർച്ച നേടുകയുണ്ടായി. അതിനെക്കാൾ കുറവാണ് ഒക്ടോബർ – ഡിസംബർ കാലയളവിലെങ്കിൽ അതു യുഎസ് വിപണിക്കു മാത്രമല്ല, ആഗോള വിപണികൾക്കുതന്നെ അപ്രിയ  വാർത്തയായിരിക്കും. യുകെയിലെ സാമ്പത്തിക വളർച്ചയുടെ കണക്കുകളും ഈ ആഴ്ചയാണു പുറത്തുവരുന്നത്. അതും വിപണിക്കു ശ്രദ്ധേയം.

∙ മൂന്നു വർഷത്തിൽ കൂടുതൽ കാലാവധിയുള്ള ഡെറ്റ് മ്യൂച്വൽ ഫണ്ട് നിക്ഷേപത്തിനു പണപ്പെരുപ്പവുമായി തട്ടിച്ചുള്ള ഇൻഡക്സേഷനിൽ നൽകിയിരുന്ന നികുതി ആനുകൂല്യം കേന്ദ്ര സർക്കാർ ഒഴിവാക്കിയിരിക്കുന്നു. ഇത് ഓഹരി വിപണിയിലേക്കുള്ള പണപ്രവാഹത്തെ ഗുരുതരമായിത്തന്നെ ബാധിക്കുമെന്നാണു വിലയിരുത്തൽ. ആദ്യ പ്രതികരണം ഈ ആഴ്ച പ്രകടമാകും.

∙ ഇന്ത്യയിൽനിന്നുള്ള ചില സുപ്രധാന സാമ്പത്തിക സൂചികകളും ഈ ആഴ്ച വിപണിക്കു നിർണായകമാണ്. ധനക്കമ്മി സംബന്ധിച്ച കണക്കുകൾ 31നു പ്രഖ്യാപിക്കുന്നു. വിദേശനാണ്യ ശേഖരത്തിന്റെ ഏറ്റവും ഒടുവിലെ സ്ഥിതി 30ന് അറിയാം. 

∙ രാജ്യാന്തര വിപണിയിലെ അസംസ്കൃത എണ്ണ വില ഇന്ത്യ ഉൾപ്പെടെയുള്ള ഇറക്കുമതി രാജ്യങ്ങൾക്കു വളരെ അനുകൂലമാണ് ഇപ്പോൾ. വില ഇപ്പോഴത്തെ നിലയിൽ സ്ഥിരതയാർജിക്കുമോ എന്നാണ് അറിയേണ്ടത്. വില ഉയർന്നാൽ അതു ധനക്കമ്മി നിയന്ത്രിക്കുന്നതിനു വെല്ലുവിളിയാകും.

∙ വിദേശ നിക്ഷേപകർ ഇന്ത്യയിലെ ഓഹരി വിപണിയിൽനിന്നു പണം പിൻവലിക്കുന്നതു വൻതോതിൽത്തന്നെ തുടരുന്നു. കഴിഞ്ഞ ആഴ്ച 6654 കോടി രൂപയുടെ ഓഹരികളാണു വിദേശ നിക്ഷേപ സ്ഥാപനങ്ങൾ വിറ്റുമാറിയത്. അവയുടെ നിലപാടിൽ മാറ്റത്തിനു സാധ്യത പ്രതീക്ഷിക്കാനാവുന്നില്ല. ആഭ്യന്തര ധനസ്ഥാപനങ്ങളുടെ പിന്തുണയാണു വിപണിയെ ഇപ്പോഴത്തെ നിലയിലെങ്കിലും സംരക്ഷിക്കുന്നത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com