എസ്ഐബി എംഡി സ്‌ഥാനമൊഴിയുന്നു

മുരളി രാമകൃഷ്‌ണൻ
SHARE

കൊച്ചി ∙ സൗത്ത് ഇന്ത്യൻ ബാങ്ക് മാനേജിങ് ഡയറക്‌ടറും ചീഫ് എക്‌സിക്യൂട്ടീവ് ഓഫിസറുമായ മുരളി രാമകൃഷ്‌ണൻ സ്‌ഥാനമൊഴിയുന്നു. സെപ്‌റ്റംബർ 30 നു കാലാവധി പൂർത്തിയാകുമ്പോൾ പുനർനിയമനം താൽപര്യപ്പെടുന്നില്ലെന്ന് അദ്ദേഹം അറിയിച്ചതിനെ തുടർന്നു ബാങ്കിന്റെ ബോർഡ് യോഗം പുതിയ സാരഥിക്കു വേണ്ടിയുള്ള അന്വേഷണത്തിനു തുടക്കം കുറിച്ചുകഴിഞ്ഞു. പുതിയ സാരഥി സൗത്ത് ഇന്ത്യൻ ബാങ്കിൽ നിന്നു തന്നെയാകാനും സാധ്യതയുണ്ട്.

തികച്ചും വ്യക്‌തിപരമായ കാരണങ്ങളാലാണു പുനർനിയമനത്തിനു താൽപര്യമില്ലെന്നു തീരുമാനിച്ചതെന്നു മാധ്യമപ്രവർത്തകരെ തിരക്കിട്ട് ഓൺലൈനായി വിളിച്ചു കൂട്ടിയാണു മുരളി വെളിപ്പെടുത്തിയത്. ലീഡർഷിപ് അഡ്വൈസറി സ്‌ഥാപനമായ ഹണ്ട് പാർട്‌ണേഴ്‌സിനെയാണു മുരളിയുടെ പിൻഗാമിയെ കണ്ടെത്താൻ ചുമതലപ്പെടുത്തിയിരിക്കുന്നത് എന്ന് അറിയുന്നു. പുതിയ നിയമനത്തിനു നാലു മാസം മുൻപെങ്കിലും റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ അനുമതി ആവശ്യമായതിനാൽ ബോർഡിന്റെ തീരുമാനം വൈകാതെയുണ്ടാകും. 

മാത്രമല്ല, ഒക്‌ടോബർ ഒന്നിനു പുതുതായി സ്‌ഥാനമേൽക്കേണ്ടയാൾ ഏതെങ്കിലും പദവിയിൽ ജൂലൈ ഒന്നിനെങ്കിലും ബാങ്കിൽ ചേർന്നു മുരളിയോടൊപ്പം പ്രവർത്തിക്കുന്നതു ഭരണമാറ്റം സുഗമമാകുന്നതിനു സഹായകമാകുമെന്നും ബോർഡ് കരുതുന്നു. മുരളി സാരഥ്യം ഏറ്റെടുക്കുന്നതിനു മൂന്നു മാസം മുൻപു 2020 ജൂലൈ ഒന്നിന് അഡ്വൈസർ പദവിയിൽ ബാങ്കിന്റെ ഭാഗമായിരുന്നു. മൂന്നു വർഷത്തെ കാലാവധി പൂർത്തിയാക്കുന്ന മുരളിക്കു മൂന്നു പതിറ്റാണ്ടിലേറെക്കാലത്തെ ബാങ്കിങ് സേവന പരിചയമുണ്ട്. 

സൗത്ത് ഇന്ത്യൻ ബാങ്കിന്റെ വളർച്ച ലക്ഷ്യമിട്ട് അദ്ദേഹം ആവിഷ്‌കരിച്ച ‘വിഷൻ 2025’ എന്ന പദ്ധതി പ്രകാരമുള്ള പല പരിഷ്‌കാരങ്ങളും നടപ്പായിക്കഴിഞ്ഞു. കിട്ടാക്കടം ഗണ്യമായി കുറയ്‌ക്കുന്നതിലും കോർപറേറ്റ് വായ്‌പകളിൽ മികച്ച വളർച്ച നേടുന്നതിലും അറ്റ പലിശ വരുമാനം വർധിപ്പിക്കുന്നതിലും മുരളി വലിയ നേട്ടമുണ്ടാക്കിയിട്ടുണ്ട്. ഐസിഐസിഐ ബാങ്കിൽ നിന്നാണു മുരളി സൗത്ത് ഇന്ത്യൻ ബാങ്കിലെത്തിയത്. മുൻ സാരഥികളെല്ലാം പൊതു മേഖലയിലെ ബാങ്കുകളിൽ നിന്നുള്ളവരായിരുന്നു.

മുരളിയുടെ തീരുമാനം സൗത്ത് ഇന്ത്യൻ ബാങ്കിന്റെ ഓഹരി വിലകളിൽ വലിയ ഇടിവിനു കാരണമായി. നാഷനൽ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചി (എൻഎസ്‌ഇ) ൽ വില 17% ഇടിഞ്ഞു 13.75 രൂപ വരെയെത്തി. എന്നാൽ വ്യാപാരാവസാനത്തോടെ 14.40 നിലവാരത്തിലേക്കു വില മെച്ചപ്പെട്ടു. എൻഎസ്‌ഇയിൽ ബാങ്കിന്റെ 15 കോടിയിലേറെ ഓഹരികളിലാണു ക്രയവിക്രയം നടന്നത്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

FROM ONMANORAMA