ADVERTISEMENT

സ്‌ലീപ് ടൂറിസം എന്നു കേട്ടാൽ നമ്മുടെ ആയുർവേദ റിസോർട്ടുകളിലുള്ളവർ കോട്ടുവായിടും. അതൊരു പുതിയ സംഭവമല്ലല്ലോ. ഇവിടെ വരുന്ന പ്രായമായ വിദേശ സഞ്ചാരികൾക്ക് ബാങ്കോക്ക് കണ്ട മലയാളിയെപ്പോലെ തുള്ളിച്ചാട്ടമല്ല വേണ്ടത്, ഉറക്കമാണ്. കാലാകാലങ്ങളായി എത്രയോ പേർ കാലത്തും വൈകിട്ടും ധ്യാനവും യോഗയും നടത്തി, എണ്ണയിട്ട് തിരുമ്മി, ജെറ്റ് ലാഗ് മാറാൻ എണ്ണ തലവഴിയെ ഒഴിച്ച് (ധാര) സുഖമായി ഉറങ്ങിയിട്ട് പോയിരിക്കുന്നു, പിന്നാ! കോവിഡ് കാലം കഴിഞ്ഞപ്പോഴാണ് ഉറക്കത്തിന്റെ സൂക്കേട് അധികമായത്. കോവിഡ് വന്ന പലർക്കും ഉറങ്ങാൻ പറ്റുന്നില്ല. 

അഥവാ കുറച്ചു നേരം ഉറങ്ങിയിട്ട് ഉണരും. ഗാഢനിദ്രയില്ല, വെറും മയക്കം മാത്രം. ഭയങ്കര സ്ട്രെസും ടെൻഷനും അഥവാ ആധിയും പിരിമുറുക്കവും. ഉറക്കക്കുറവുണ്ടെങ്കിൽ ബിപി, പക്ഷാഘാതം, വിഷാദം, പൊണ്ണത്തടി, പ്രമേഹം...യ്യോ പേടിപ്പിക്കല്ലേ! ഇതിനു പരിഹാരമെന്ന പേരിലുള്ള പലതരം നമ്പരുകൾ ലോകമാകെ വെൽനെസ് റിസോർട്ടുകൾ ഇറക്കിയിട്ടുണ്ട്. നമുക്കും ആ വഴിക്ക് അൽപം ശ്രമിച്ചാൽ കാശ് വാരാനുള്ള മാർഗമാണ്. ഉറക്കത്തിനു വേണ്ടതെല്ലാം ഒരുക്കുന്നു. നിശ്ശബ്ദത (സൗണ്ട് പ്രൂഫ് മുറി), സ്വർഗീയ മെത്തയും കട്ടിലും, ഉറക്കം വരുത്തുന്ന ബാമുകൾ, പലതരം മണങ്ങൾ, എന്തിന് പലതരം തലയിണകളുടെ മെനു പോലുമുണ്ട്. 

മെനുവിൽ നിന്ന് ഇഷ്ടപ്പെട്ട തലയിണ തിരഞ്ഞെടുക്കാം. സ്പെഷൽ റേറ്റ് ആണെന്നേയുള്ളു. രാത്രി സുഖമായ ഉറക്കത്തിന് പ്രത്യേക ഭക്ഷണ മെനുവുണ്ട്. ഷെഫ് വെള്ള തൊപ്പിവച്ചു വന്ന് അതെല്ലാം വിശദീകരിക്കും. അതും കൂടി നേരത്തേ കഴിച്ചു കിടന്നാൽ മരിച്ചതു പോലെ സുഖ ഉറക്കം!. വിവിധ മേഖലകളിലെ ഹൈ അച്ചീവേഴ്സ് അഥവാ വില്ലാളി വീരൻമാർ പെട്ടെന്നു കുഴഞ്ഞു വീണു മരിക്കാൻ തുടങ്ങിയപ്പോൾ കണ്ടുപിടിച്ച കാരണവും ഉറക്കക്കുറവാണ്. 

പ്രായം മുപ്പതുകളുടെ അസാനമോ നാൽപ്പതുകളുടെ പടിവാതിലിലോ എത്തിയിട്ടേയുള്ളു. വെട്ടിപ്പിടിക്കാൻ എപ്പോഴും നെട്ടോട്ടമാണ്. ജോലിക്കു പുറമേ പലതരം ക്ലബ്ബുകൾ, പ്രഫഷനൽ സംഘടനകൾ, അതിന്റെയെല്ലാം ഭാരവാഹിത്വം, സമ്മേളനം നടത്തിപ്പ്...7–8 മണിക്കൂർ ഉറക്കം വേണ്ട സ്ഥാനത്ത് വെറും 4–5 മണിക്കൂർ മാത്രമായതാണത്രെ പ്രശ്നം. അതോടെ ഉറക്കം ഒരു ടൂറിസം ഐറ്റമായി. വാതവും പിത്തവും കഫവും നോക്കി വെജ് ഭക്ഷണം. മുറിയിൽ വൈഫൈ നിരോധനം. സുഖമായി ഉറങ്ങിയവർ അടുത്ത 2 വർഷത്തേക്ക് കൂടി ഇപ്പോഴേ മുറി ബുക്ക് ചെയ്തിട്ടാണ് പോകുന്നതത്രെ.

ഒ‌ടുവിലാൻ∙ഉറക്കത്തിനും സ്പെഷൽ ഡയറ്റോ! ഓ...എന്നാ വാഴയ്ക്കായാ...എന്നു നമുക്കു പറയാൻ തോന്നും. നമ്മൾ എത്രകാലമായി ചൂട് കഞ്ഞിയും കൂടെ പയറോ, പുഴുക്കോ, അസ്ത്രമോ കഴിച്ച് സുഖമായി ഉറങ്ങിയിരിക്കുന്നു!

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com