ADVERTISEMENT

കൊച്ചി ∙ ഇന്ത്യൻ വിനോദ വ്യവസായ മേഖലയിൽ പുതിയൊരു മാർക്കറ്റിങ് തന്ത്രവുമായി ബെംഗളൂരു ആസ്ഥാനമായ മലയാളി സ്റ്റാർട്ടപ് കമ്പനി റൂട്ഫോർ ഡോട് എക്സ്‌വൈസെഡ് (rootfor.xyz). മോഹൻലാൽ – ലിജോ ജോസ് പെല്ലിശ്ശേരി ടീമിന്റെ പുതിയ ചലച്ചിത്രമായ ‘മലൈക്കോട്ടൈ വാലിബൻ’ ആദ്യ പോസ്റ്റർ പുറത്തിറക്കിയതിനൊപ്പം കമ്പനി ആവിഷ്കരിച്ചതു പുതിയൊരു പ്രചാരണ തന്ത്രം. മോഹൻലാലും ലിജോ ജോസ് പെല്ലിശേരിയും ഒപ്പിട്ട ലിമിറ്റഡ് എഡിഷൻ മെറ്റൽ പോസ്റ്റർ ഓൺലൈൻ ലേലത്തിലൂടെ സ്വന്തമാക്കാനുള്ള അവസരം. വിജയികൾക്കു മെറ്റൽ പോസ്റ്ററിന് ഒപ്പം എൻഎഫ്ടി (നോൺ ഫൻജിബിൾ ടോക്കൺ) പതിപ്പും ലഭിക്കും. 25 മെറ്റൽ പോസ്റ്ററുകളാണു ലേലത്തിൽ വച്ചത്. അവയെല്ലാം വളരെപ്പെട്ടെന്നു തന്നെ വിവിധ രാജ്യങ്ങളിൽ നിന്നുള്ള ആരാധകർ സ്വന്തമാക്കി. 

∙ ‘ഫിജിറ്റൽ’ സ്മരണിക 

സ്മരണികയായി സൂക്ഷിക്കാവുന്ന മെറ്റൽ പോസ്റ്ററും അതിന്റെ ഡിജിറ്റൽ രൂപവും ചേർന്ന ‘ഫിജിറ്റൽ കലക്ടിബിൾസ്’ ഭാവിയിൽ വലിയ സാധ്യതയായി മാറുമെന്നു കമ്പനി സഹസ്ഥാപകൻ ആഷിഖ് റഹ്മാൻ ‘ബിസിനസ് മനോരമ’യോടു പറഞ്ഞു. മുൻപു രണ്ടു സിനിമകൾക്കു വേണ്ടി മെറ്റൽ പോസ്റ്ററും എൻഎഫ്ടി പതിപ്പും തയാറാക്കി ആരാധകർക്കു നൽകിയിട്ടുണ്ടെങ്കിലും ഓൺലൈൻ ലേലം ആദ്യമാണ്. ഇന്ത്യൻ സിനിമയിൽ തന്നെ ഇത്തരമൊരു രീതി മുൻപു പരീക്ഷിച്ചതായി തോന്നുന്നില്ല. ഫിസിക്കൽ സുവനീറും ഡിജിറ്റൽ സുവനീറും ചേർന്ന ഫിജിറ്റൽ കലക്ടിബിൾ. ഇഷ്ടതാരം കയ്യൊപ്പിട്ട സ്മരണിക ആരാധകർക്ക് ഇഷ്ടമാകും’’ – ആഷിഖിന്റെ വാക്കുകൾ. 

∙ ബില്യൻ ഡോളർ വിപണി 

ഇന്ത്യയിലെ വിനോദ വ്യവസായത്തിൽ ഫിജിറ്റൽ കലക്ടിബിൾസ് വിപണിയുടെ വലുപ്പം ഏകദേശം ഒരു ബില്യൻ ഡോളർ (ഏകദേശം 8180 കോടി രൂപ) വരുമെന്നാണു വിലയിരുത്തൽ. പ്രത്യേകിച്ചും സിനിമ, സ്പോർട്സ് മേഖലകളിൽ. ഇഷ്ട താരത്തിന്റെയൊ സംവിധായകരുടെയൊ കളിക്കാരുടെയൊ സ്നേഹ മുദ്ര ചാർത്തിയ സ്മരണികകൾ വാങ്ങി സൂക്ഷിക്കാൻ എത്ര പണം മുടക്കാനും തയാറുള്ള പതിനായിരക്കണക്കിന് ആരാധകരുണ്ട് ഇന്ത്യയിൽ. ‘‘ ഞങ്ങൾ മറ്റു ഭാഷകളിലെ ചലച്ചിത്ര നിർമാതാക്കളുമായും ചർച്ചകളിലാണ്. കൂടുതൽ സിനിമകൾക്കു വേണ്ടി ഇത്തരം സ്മരണികകളും സമാനമായ ഡിജിറ്റൽ അവതരണങ്ങളും തയാറാക്കാനാണു ശ്രമം’’ – ആഷിഖ് പറയുന്നു. നിതിൻ ഷാജി, വിഷ്ണു സാറ്റിസ് എന്നിവരാണു കമ്പനിയുടെ മറ്റു സഹസ്ഥാപകർ.

English Summary: New promotion technique in film industry

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com