ADVERTISEMENT

കോഴിക്കോട് ∙ വിശക്കുന്നവര്‍ക്ക് ഒരു നേരത്തെ ഭക്ഷണം എത്തിക്കുകയെന്ന ലക്ഷ്യത്തോടെ മലബാര്‍ ഗ്രൂപ്പ് ഇന്ത്യയിലെ വിവിധ പ്രദേശങ്ങളില്‍ നടപ്പാക്കി വരുന്ന ‘ഹംഗര്‍ ഫ്രീ വേള്‍ഡ്’ പദ്ധതിക്ക് കേരളത്തിലും തുടക്കമായി. തെരുവില്‍ കഴിയുന്നവര്‍ അടക്കം ഭക്ഷണം ലഭിക്കാത്തവരുടെ പട്ടിണിയും പോഷാകാഹാരക്കുറവും പരിഹരിക്കുകയെന്ന ലക്ഷ്യത്തോടെയാണ് സാമൂഹിക പ്രതിബദ്ധതയുടെ ഭാഗമായി ‘തണല്‍’ സന്നദ്ധ സംഘടനയുടെ സഹകരണത്തോടെ പദ്ധതി നടപ്പാക്കുന്നത്. 2030 ഓടെ ലോകം പട്ടിണി രഹിതമാക്കുകയെന്ന ലക്ഷ്യത്തോടെ ഐക്യരാഷ്ട്ര സംഘടന ആവിഷ്കരിച്ച സുസ്ഥിര വികസന ലക്ഷ്യം 2 നെ പിന്തുണച്ചുകൊണ്ടാണ് ഈ പദ്ധതിക്ക് മലബാര്‍ ഗ്രൂപ്പ് രൂപം നല്‍കിയിട്ടുള്ളത്.

 

ഇന്ത്യയില്‍ ദിനം പ്രതി 30,000 ആളുകള്‍ക്ക് ആദ്യഘട്ടത്തില്‍ ഒരു നേരം പോഷക സമൃദ്ധമായ, വൃത്തിയുള്ള ഭക്ഷണം നല്‍കുകയെന്ന ലക്ഷ്യത്തോടെയാണ് ഹംഗര്‍ ഫ്രീ വേള്‍ഡ് പദ്ധതി ആരംഭിച്ചിട്ടുള്ളത്. ഇതിനു വേണ്ടി വിവിധ സംസ്ഥാനങ്ങളിലായി 24 ഭക്ഷണ വിതരണ കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ആഫ്രിക്കന്‍ രാജ്യങ്ങളായ സാംബിയയിലും ടാന്‍സാനിയയിലും പദ്ധതി നടപ്പാക്കുന്നുണ്ട്. 

 

കേരളത്തിലെ പദ്ധതിയുടെ ഉദ്ഘാടനവും ഭക്ഷണ വിതരണ വാഹനത്തിന്‍റെ ഫ്ലാഗ് ഓഫും കുറ്റിക്കാട്ടൂരിലെ മൊണ്ടാന എസ്റ്റേറ്റിലെ മലബാര്‍ ഗ്രൂപ്പ് ആസ്ഥാന മന്ദിരത്തില്‍ നടന്ന ചടങ്ങില്‍ കോഴിക്കോട് കോര്‍പ്പറേഷന്‍ മേയര്‍ ഡോ.ബീനാ ഫിലിപ്പ് നിര്‍വഹിച്ചു. മലബാര്‍ ഗ്രൂപ്പ് ചെയര്‍മാന്‍ എം.പി.അഹമ്മദ് അധ്യക്ഷത വഹിച്ചു. മലബാര്‍ ഗോള്‍ഡ് ആൻഡ് ഡയമണ്ട്സ് ഇന്ത്യ ഓപ്പറേഷന്‍സ് മാനേജിങ് ഡയറക്ടര്‍ ഒ.അഷര്‍ മുഖ്യ പ്രഭാഷണം നടത്തി. പെരുവയല്‍ പഞ്ചായത്ത് പ്രസിഡന്‍റ് എം.കെ.സുഹറാബി, കോഴിക്കോട് ഡപ്യൂട്ടി കമ്മിഷണര്‍ കെ.ഇ.ബൈജു, കോഴിക്കോട് സ്പെഷല്‍ ബ്രാഞ്ച് അസിസ്റ്റന്‍റ് കമ്മിഷണര്‍ എ. ഉമേഷ്, കോഴിക്കോട് കോര്‍പറേഷന്‍ കൗണ്‍സിലര്‍മാരായ എസ്.കെ.അബൂബക്കര്‍, പി.കെ. നാസര്‍, പെരുവയല്‍ പഞ്ചായത്ത് അംഗം എം.പി സലീം, മലബാര്‍ ഗ്രൂപ്പ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ എ.കെ.നിഷാദ്, ഇഖ്റ ഹോസ്പിറ്റല്‍ എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഡോ.പി.സി.അന്‍വര്‍, തണല്‍ ചെയര്‍മാനും ജെഡിടി പ്രസിഡന്‍റുമായ ഡോ.വി. ഇദിരീസ്, മലബാര്‍ ഗ്രൂപ്പ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ കെ.പി.വീരാന്‍കുട്ടി എന്നിവർ പ്രസംഗിച്ചു. 

 

വിശക്കുന്നവര്‍ക്ക് ഒരു നേരത്തെ ഭക്ഷണം നല്‍കുകയെന്നത് ഏറ്റവും വലിയ പുണ്യകര്‍മമായാണ് മലബാര്‍ ഗ്രൂപ്പ് കാണുന്നതെന്ന് ചെയര്‍മാന്‍ എം.പി.അഹമ്മദ് പറഞ്ഞു. ‘‘ഒരു നേരത്തെ ഭക്ഷണം പോലും കിട്ടാത്ത ലക്ഷക്കണക്കിന് ആളുകള്‍ ഇന്ത്യയിലുണ്ട്. ജീവന്‍ നിലനിര്‍ത്താനുള്ള ഭക്ഷണം കിട്ടുകയെന്നത് ഓരോ വ്യക്തിയുടെയും അവകാശമാണ്. പട്ടിണിയില്ലാത്ത ഇന്ത്യയാണ് എല്ലാവരും സ്വപ്നം കാണുന്നത്. അതിലേക്കുള്ള ഒരു സുപ്രധാന ചുവടുവയ്പ്പാണ് മലബാര്‍ ഗ്രൂപ്പിന്‍റെ ഹംഗര്‍ ഫ്രീ വേള്‍ഡ് പദ്ധതി. സാമൂഹികക്ഷേമം ലക്ഷ്യമാക്കിക്കൊണ്ട് പാര്‍പ്പിടം, ആരോഗ്യം, വിദ്യാഭ്യാസം, സ്ത്രീ ശാക്തീകരണം തുടങ്ങിയ മേഖലകളില്‍ നിര്‍ധനര്‍ക്കായി വിവിധ പദ്ധതികള്‍ മലബാര്‍ ഗ്രൂപ്പ് നടപ്പാക്കുന്നുണ്ട്’’ – അദ്ദേഹം പറഞ്ഞു.

 

ഹംഗര്‍ ഫ്രീ വേള്‍ഡ് പദ്ധതിയുമായി സഹകരിച്ച് പ്രവര്‍ത്തിക്കാന്‍ തണലിന് അതിയായ സന്തോഷമുണ്ടെന്ന് ചെയര്‍മാന്‍ ഡോ.വി. ഇദിരീസ് പറഞ്ഞു. ഒരു നേരത്തെ ഭക്ഷണം പോലും കിട്ടാതെ ആരും വിശന്നിരിക്കരുതെന്ന ലക്ഷ്യത്തോടെ ഇത്തരമൊരു പദ്ധതി നടപ്പാക്കാന്‍ മുന്നോട്ടു വന്ന മലബാര്‍ ഗ്രൂപ്പിനെ അഭിനന്ദിക്കുന്നതായും അദ്ദേഹം പറഞ്ഞു.

 

പദ്ധതിയുടെ ഭാഗമായി ഭക്ഷണം തയാറാക്കുന്നതിന് അത്യാധുനിക സംവിധാനങ്ങളോടെയുള്ള അടുക്കളകളാണ് വിവിധ സംസ്ഥാനങ്ങളില്‍ സജ്ജീകരിച്ചിട്ടുള്ളത്. വൃത്തിയുള്ള ഭക്ഷണം തയാറാക്കാൻ പരിശീലനം ലഭിച്ച പാചക വിദഗ്ധരെയും മറ്റ് ജീവനക്കാരെയുമാണ് നിയോഗിച്ചിട്ടുള്ളത്. തെരുവുകളില്‍ കഴിയുന്നവരെയും മറ്റും കണ്ടെത്തി അവർക്ക് ഭക്ഷണപ്പൊതികള്‍ എത്തിച്ചു കൊടുക്കും. തണലിന്റെ സന്നദ്ധ പ്രവര്‍ത്തകരും മലബാര്‍ ഗ്രൂപ്പ് മാനേജ്മെന്‍റ് അംഗങ്ങളും ചേര്‍ന്നാണ് ഭക്ഷണ വിതരണം നടത്തുന്നത്.

 

മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്സ് ഉള്‍പ്പെടെയുള്ള വിവിധ ബിസിനസ് സംരംഭങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന മലബാര്‍ ഗ്രൂപ്പ്, ലാഭത്തിന്‍റെ അഞ്ച് ശതമാനം വിവിധ സാമൂഹിക ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കു വേണ്ടിയാണു ചെലവഴിക്കുന്നതെന്നും ഇതിനകം 200 കോടിയിലധികം രൂപ ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്കായി ചെലവഴിച്ചിട്ടുണ്ടെന്നും ഗ്രൂപ്പ് അധികൃതർ പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com