ADVERTISEMENT

ബിസിനസിൽ ‘പൊട്ടും–വീർക്കും’ എന്നൊരു തത്വമുണ്ട്. പണം വരവു കൂടുമ്പോൾ വീർക്കുന്നു, കുറയുമ്പോൾ പൊട്ടുന്നു. നഗരങ്ങളും ഇടയ്ക്കിടെ പൊട്ടും–വീർക്കും. കോവിഡ് കാലത്ത് പൊട്ടിയ പല ബിസിനസുകളും നഗരങ്ങളും ഇപ്പോൾ വീർക്കുകയാണ്. മലയാളിയെ സംബന്ധിച്ചിടത്തോളം ഏറ്റവും പ്രസക്തമായ ദുബായ് കോവിഡിൽ പിന്നോട്ടായെങ്കിലും വരത്തരുടെ ബലത്തിൽ പിന്നെയും വീർക്കുകയാണ്.

ഹോട്ടലുകളും റസ്റ്ററന്റുകളും ബാറുകളും ഫുൾ. റോഡുകളിൽ കോവിഡിനു മുൻപത്തെ വാഹനത്തിരക്ക്. സർവ പാർപ്പിടങ്ങളുടെയും വാടക കൂടുന്നു. മുൻപ്, വർഷം 20% വരെ മാത്രമേ കൂട്ടാവൂ എന്നുണ്ടായിരുന്നു. സർവ സാധനങ്ങൾക്കും ആവശ്യക്കാരേറിയതോടെ വിലക്കയറ്റവുമുണ്ട്. റിയൽ എസ്റ്റേറ്റ് പിന്നെയും വീർക്കുകയാണ്. കോവിഡ് കാലത്ത് വില ഇടിഞ്ഞ തക്കത്തിന് ഫ്ലാറ്റുകളും മറ്റും വാങ്ങിയവർ വൻ ലാഭത്തിനു വിൽക്കുകയും ചെയ്തു.

യുദ്ധം വന്നതോടെ യുക്രെയ്നിലെയും റഷ്യയിലെയും കാശുകാർ ദുബായിലേക്കു മാറി. പാശ്ചാത്യ ഉൽപന്നങ്ങൾ റഷ്യയിലേക്കു കയറ്റി അയയ്ക്കുന്നതിൽ നിരോധനം വന്നു. പക്ഷേ, അവ ഉപയോഗിച്ചിരുന്നവർക്ക് അതു തന്നെ വേണം. റഷ്യക്കാർ കൂട്ടത്തോടെ വന്നു സർവതും ദുബായിൽ നിന്നു വാങ്ങി റഷ്യയിലേക്കു കയറ്റി അയയ്ക്കാൻ തുടങ്ങി. അതു വൻ ലാഭം കിട്ടുന്ന ബിസിനസായി. കാശു കുമിഞ്ഞപ്പോൾ അതു ചെലവാക്കാൻ വഴികൾ വേണമല്ലോ. ബാറുകളിലും ഉല്ലാസകേന്ദ്രങ്ങളിലും റഷ്യക്കാരുടെ കളിയായി.

‘ഹൈ എൻഡ്’ കേന്ദ്രങ്ങളിലാണ് ആൾക്കൂട്ടം. ഒരിടത്ത് റഷ്യാക്കാരുടെ ഗ്രൂപ്പ് വന്ന് 3 മണിക്കൂർ കൊണ്ട് 2 ലക്ഷം ദിർഹം (44 ലക്ഷം രൂപ) പൊട്ടിച്ചത്രേ. ഷാംപെയ്ൻ കുപ്പിക്ക് 18000 ദിർഹം (ഏകദേശം 4 ലക്ഷം രൂപ) വിലയുള്ള സ്ഥലത്ത് 11 കുപ്പികളാണു വാങ്ങിയത്. പാർട്ടികളിൽ ഇംഗ്ലിഷ് അറിയാവുന്ന റഷ്യൻ വെയ്ട്രസുമാരെയും റഷ്യക്കാർ കൊണ്ടു വരുന്നു.

മുൻപ് സിറിയയിൽ ആകെ കുഴപ്പമായപ്പോൾ അവിടത്തെ കാശുകാരും കൂട്ടമായി ദുബായിലെത്തിയിരുന്നു. കാശുകൂടിയാൽ നേരേ ദുബായ് എന്ന ആഗോള ട്രെൻഡ് ഗുണം ചെയ്യുന്നതും ആ നാടിനു തന്നെയാണ്. ദിവസവും വിമാന സർവീസ് അനുവദിച്ചതോടെ ഇസ്രയേലികളും കൂട്ടത്തോടെ വന്നു. ബിസിനസിൽ മുതൽമുടക്കാനും കാശുണ്ടാക്കാനും പറ്റിയ സ്ഥലം എന്നു പേരെടുത്താൽ ലോകമാകെ നിന്ന് കാശുമായി ആളു വരും. പത്തായത്തിൽ നെല്ലുണ്ടെങ്കിൽ എലി മൂന്നാറിൽ നിന്നും വരുമെന്ന ചൊല്ലു പോലെ. നമ്മുടെ ഏതെങ്കിലും നഗരത്തെ ഇതുവരെ അങ്ങനെ മാറ്റിയെടുക്കാൻ കഴിഞ്ഞിട്ടില്ലെന്നു മാത്രം.

ഒടുവിലാൻ∙ദുബായ് സമൃദ്ധിക്കു പിന്നിൽ ‘വരത്തർ’ തന്നെയാണ്. ഇപ്പോൾ റഷ്യൻ, യുക്രെയ്ൻ, ഇസ്രയേലി വരത്തരാണെന്നു മാത്രം. വരത്തരെ സർവാത്മനാ സ്വാഗതം ചെയ്യുന്ന നാടുകൾ വളരും, അല്ലാത്തതു പൊളിയും, സത്യമല്ലേ.? അമേരിക്ക ഏറ്റവും നല്ല ഉദാഹരണം

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com