ലേ ഓഫ്: ഭയം വേണ്ട, ജാഗ്രത മതി

Mail This Article
പ്രഫഷനലുകളെയും വിദ്യാർഥികളെയുമെല്ലാം ഇപ്പോൾ ഏറ്റവും ആശങ്കയിലാഴ്ത്തുന്ന വാക്കാണ് ലേ ഓഫ് (ജോലിയിൽ നിന്നു പിരിച്ചുവിടൽ). ആഗോള വമ്പൻമാർ മുതൽ ചെറുകമ്പനികൾ വരെ ലേ ഓഫ് അവരുടെ പ്രധാന ചെലവുചുരുക്കൽ മാർഗമായി സ്വീകരിച്ചുകഴിഞ്ഞു. പെട്ടെന്നു തൊഴിൽ നഷ്ടമാകുന്നവരിൽ ഭൂരിഭാഗവും പുതിയ ജോലി കണ്ടെത്താനായി നട്ടം തിരിയുകയാണ്. വളരെപ്പെട്ടെന്നുണ്ടാകുന്ന, വരുമാനമില്ലാത്ത സാഹചര്യത്തെ അതിജീവിക്കാൻ പലർക്കും കഴിയുന്നില്ല.
ജോലി നഷ്ടമാകുമ്പോൾ, കൃത്യമായ വരുമാനം തരാനും അടുത്ത ജോലി ലഭിക്കുന്നതുവരെ ജീവിതച്ചെലവുകൾ നടത്താനും കഴിയുന്ന സുരക്ഷിത നിക്ഷേപമാർഗങ്ങൾ ജോലി ലഭിക്കുന്ന ആദ്യ മാസം മുതൽ തുടങ്ങണമെന്നതാണ് ഈ കാലഘട്ടത്തിലെ ഏറ്റവും പ്രധാന നിക്ഷേപതന്ത്രം. വരുമാനം ലഭിച്ചുതുടങ്ങുമ്പോൾ മുതൽ സ്വീകരിക്കേണ്ട ഫിനാൻഷ്യൽ പ്ലാനിങ്ങിനെക്കുറിച്ച് ചർച്ച ചെയ്യുന്ന പംക്തി ആരംഭിക്കുന്നു.
കോവിഡ് സമയത്ത് മികച്ച നേട്ടമുണ്ടാക്കിയ വൻകിട എഡ്യുടെക് കമ്പനിയിലായിരുന്നു രമ്യ ജോലി ചെയ്തിരുന്നത്. എന്നാൽ കോവിഡിനു ശേഷം വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറന്നതോടെ സ്ഥാപനത്തിന്റെ ലാഭത്തിൽ കാര്യമായ ഇടിവുണ്ടായി. കമ്പനിയുടെ ചെലവു ചുരുക്കലിന്റെ ഭാഗമായി രമ്യയുൾപ്പെടെ ഒട്ടേറെ ജീവനക്കാരുടെ ജോലി നഷ്ടമായി.
12–ാം ക്ലാസിൽ പഠിക്കുന്ന പെൺകുട്ടിയുടെ സിംഗിൾ പേരന്റായ രമ്യ പെട്ടെന്നുണ്ടായ തൊഴിൽനഷ്ടത്തിന്റെ നടുക്കത്തിലായിരുന്നു ആദ്യ ദിവസങ്ങളിൽ. പക്ഷേ, 8 മാസങ്ങൾക്കൊണ്ട് രമ്യ മികച്ച ജീവിത നിലവാരത്തിലേക്കു തിരിച്ചെത്തി. രമ്യയെ സഹായിച്ച ‘ഫിനാൻഷ്യൽ പ്ലാനിങ്’ എങ്ങനെയായിരുന്നുവെന്നു നോക്കാം.
∙ സാമ്പത്തികമായി താൻ എവിടെ നിൽക്കുന്നുവെന്ന കൃത്യമായ കണക്കെടുപ്പായിരുന്നു ആദ്യത്തേത്.
∙ ബാങ്ക് നിക്ഷേപങ്ങൾ, കൈവശമുള്ള പണം, സ്വർണം പോലെ പണമാക്കി മാറ്റാൻ കഴിയുന്ന ആസ്തി, വിവിധ വായ്പകൾ, മറ്റ് ആസ്തികൾ, നിക്ഷേപങ്ങൾ, പ്രതിമാസച്ചെലവുകൾ, പെട്ടെന്നുണ്ടാകാൻ സാധ്യതയുള്ള ചെലവ് എന്നിവ കൃത്യമായി കണക്കുകൂട്ടി.
∙ ഭക്ഷണം, സ്കൂൾ ഫീസ്, വൈദ്യുതി, ഇലക്ട്രിസിറ്റി, ആശുപത്രിച്ചെലവുകൾ, യാത്രാച്ചെലുകൾ തുടങ്ങി 6 മാസത്തേക്കുള്ള അത്യാവശ്യ ചെലവുകൾ കൃത്യമായി കണക്കുകൂട്ടി ആ തുക ഒരു ബാങ്ക് അക്കൗണ്ടിലേക്കു മാറ്റി. അത്യാവശ്യ സാഹചര്യങ്ങൾക്കുപയോഗിക്കാനുള്ള ഹ്രസ്വകാല ഫണ്ടുകൾ രമ്യയ്ക്കുണ്ടായിരുന്നു.
∙6 മാസത്തിനുള്ളിൽ ജോലി കണ്ടെത്തുകയെന്ന ലക്ഷ്യത്തോടെ ചെലവുകൾ ചിട്ടപ്പെടുത്തി.
∙ ഇടയ്ക്കിടെയുള്ള വസ്ത്രം വാങ്ങൽ, പുറത്തുപോയുള്ള ഭക്ഷണം കഴിക്കൽ, ടൂർ തുടങ്ങിയവ അനാവശ്യച്ചെലവുകളായെടുത്ത് അവ ഈ കാലഘട്ടത്തിലേക്ക് ഒഴിവാക്കി.
∙ മാത്തമാറ്റിക്സ് ട്യൂട്ടറായി കമ്പനിയിൽ ജോലി ചെയ്തുകൊണ്ടിരുക്കുമ്പോൾ സ്വകാര്യ ട്യൂഷൻ ആവശ്യപ്പെട്ട ഒട്ടേറെ മാതാപിതാക്കളുടെ കോൺടാക്ട് രമ്യ സൂക്ഷിച്ചിരുന്നു. ഇവരെയെല്ലാം ബന്ധപ്പെട്ട് ഫ്രീലാൻസ് മാത്‌സ് ടീച്ചർ എന്ന നിലയ്ക്ക് 3 മാസത്തിനുള്ളിൽ രമ്യ വീണ്ടും കൃത്യവരുമാനമുള്ള ജോലി തുടങ്ങി. സ്വന്തം സ്ഥാപനം വേറിട്ട രീതിയിൽ വിപുലപ്പെടുത്തുന്നതിനുള്ള ശ്രമങ്ങളും തുടങ്ങി.
ഓർമിക്കാൻ
1. നിലവിലെ ആഗോള സാമ്പത്തിക സാഹചര്യത്തിൽ, നിങ്ങളുടേതല്ലാത്ത കാരണങ്ങൾക്കൊണ്ട് ലേ ഓഫ് ഏതു നിമിഷവും സംഭവിക്കാമെന്നു കരുതിയിരിക്കുക.
2. കൃത്യമായ സാമ്പത്തിക പ്ലാനിങ് തുടങ്ങാത്തവർ പോലും കുറഞ്ഞത് 6 മാസത്തേക്കുള്ള എമർജൻസി ഫണ്ട് രൂപീകരിക്കുക.
3. പെട്ടെന്നു പണമാക്കി മാറ്റാവുന്ന ഹ്രസ്വകാല നിക്ഷേപങ്ങൾ തുടങ്ങുക.
4.ആദ്യ ശമ്പളം മുതൽ വരുമാനത്തിന്റെ 20% നിക്ഷേപിക്കുക.
5. നിങ്ങളുടെ തൊഴിൽ നൈപുണ്യം വളർത്തിക്കൊണ്ടേയിരിക്കുക.
അടുത്ത ആഴ്ചകളിൽ– ലേഓഫ് കാലത്തെ ഹെൽത്ത് ഇൻഷുറൻസ്, നിങ്ങൾക്കായി സമ്പാദിക്കാൻ കഴിയുന്ന എസ്ഐപികൾ, മ്യൂച്വൽ ഫണ്ടുകൾ.