ലേ ഓഫ് കാലത്ത് ആരോഗ്യ ഇൻഷുറൻസ്

Mail This Article
എൻജിനീയറിങ് പഠിച്ച സഞ്ജയ്ക്ക് ദുബായിിൽ ഓൺലൈൻ ഗെയിമിങ് കമ്പനിയിലായിരുന്നു ജോലി. ഭാര്യ ലതിക നാട്ടിൽ സ്വകാര്യ സ്കൂൾ ടീച്ചർ. 5 വയസ്സുള്ള മകൻ. ലതിക ഇപ്പോൾ ഗർഭിണിയും. അമ്മയും ഒപ്പമുണ്ട്. കോവിഡ് സമയത്ത് ആളുകൾ ഗെയിമുകൾ കൂടുതലായി ഉപയോഗിച്ചെങ്കിലും കോവിഡിനു ശേഷം കമ്പനിയുടെ ലാഭത്തിൽ ഇടിവുണ്ടായി. അടുത്ത മാസം ജോലിയില്ലെന്നു വ്യക്തമാക്കുന്ന ഇ–മെയിൽ ലഭിച്ചപ്പോൾ മുതൽ പുതിയ ജോലിക്കായി ശ്രമിച്ചെങ്കിലും നാട്ടിലേക്കു തിരികെപ്പോരേണ്ട സ്ഥിതി വന്നു.
സഞ്ജയ് തിരിച്ചെത്തി കുറച്ചു ദിവസം കഴിഞ്ഞപ്പോൾ മകൻ കളിക്കുന്നതിനിടെ വീണു. സാരമായി പരുക്കുപറ്റി. ശസ്ത്രക്രിയ വേണ്ടിവന്നു. മാസങ്ങൾക്കുള്ളിൽ ഭാര്യയുടെ പ്രസവവും നടന്നു. ഇതോടെ സമ്പാദ്യത്തിന്റെ നല്ലൊരു പങ്കും തീർന്നു. ഇതിനൊപ്പം അമ്മയുടെ ചികിത്സാച്ചെലവുകളും. കുടുംബത്തിന്റെ ധനസ്ഥിതി താളംതെറ്റി.
എന്നാൽ, സഞ്ജയ്‌യുടെ ഈ അവസ്ഥ ഒരു പരിധി വരെ ഒഴിവാക്കാമായിരുന്നു.പ്രവാസികൾ പലരും ജോലി ചെയ്യുന്ന കമ്പനിയുടെ ആരോഗ്യ ഇൻഷുറൻസ് പരിരക്ഷ ഉണ്ടെന്ന കാരണത്താൽ സ്വന്തമായി പോളിസി എടുക്കാറില്ല. ഇതിന്റെ ഭവിഷ്യത്ത് ഗുരുതരമാവാറുമുണ്ട്. ജോലി നഷ്ടമായാൽ അടുത്ത ജോലി വരെ പരിരക്ഷയൊന്നുമില്ല. പുതിയ ജോലികിട്ടിയാലും പഴയതുപോലുള്ള ആനുകൂല്യം കിട്ടണമെന്നുമില്ല.
ലതികയ്ക്ക് ആദ്യം ഇഎസ്ഐ കവറേജ് ഉണ്ടായിരുന്നു. എന്നാൽ ശമ്പളം 21,000 എത്തിയതോടെ ഇതിനു പുറത്തായി. ഗർഭിണിയായതിനു ശേഷം ഹെൽത്ത് ഇൻഷുറൻസ് എടുത്താലും പ്രസവസമയത്തുള്ള ആശുപത്രിച്ചെലവിന് കവറേജ് ലഭിക്കില്ല. പല കമ്പനികളും പോളിസിയെടുത്ത് 2വർഷം കഴിഞ്ഞെങ്കിലേ മറ്റേണിറ്റി കവറേജ് നൽകുന്നുള്ളു.
60നു ശേഷം ഇൻഷുറൻസ് പോളിസിയെടുക്കുമ്പോൾ ഒരു ഭാഗം നാം വഹിക്കണം. ഏതെങ്കിലും അസുഖം വന്നുകഴിഞ്ഞാൽ അതിനു കവറേജ് കിട്ടാനും ബുദ്ധിമുട്ടുണ്ട്. മലയാളികളുടെ ശരാശരി ആയുർദൈർഘ്യം 75 ആണെങ്കിലും 80–90 വയസ്സുവരെയുള്ള കണക്കുകൂട്ടൽ നമുക്കുണ്ടാകണം. പ്രായമാകുന്തോറും അസുഖങ്ങൾ വരാനുള്ള സാധ്യത കൂടുതലാണ്. കഴിവതും മക്കളെ ആശ്രയിക്കരുതെന്നു കരുതുന്നവരാണു ഭൂരിഭാഗം ആളുകളും. അതിനുള്ള വഴികളെക്കുറിച്ചും എല്ലാവർക്കും അറിയാം. പക്ഷേ, വേണ്ട സമയത്ത് ചെയ്യണമെന്നതാണു പ്രധാനം.
ലൈഫ് ഇൻഷുറൻസും ഹെൽത്ത് ഇൻഷുറൻസും തമ്മിലുള്ള വ്യത്യാസവും മനസ്സിലാക്കണം. ലൈഫ് ഇൻഷുറൻസ് സമ്പാദിക്കുന്ന കാലത്തേക്ക് എടുത്താലും മതി. പക്ഷേ, ഹെൽത്ത് ഇൻഷുറൻസ് ജീവിതാവസാനം വരെ ഉണ്ടാകണം. 26 വയസ്സായാൽ സ്വന്തമായി ഹെൽത്ത് ഇൻഷുറൻസ് എടുക്കുക. കുടുംബത്തിന്റെ ആരോഗ്യം കാത്തുസൂക്ഷിക്കുകയെന്നത് അത്യാവശ്യമാണെന്നു തിരിച്ചറിഞ്ഞ് ം ആദ്യം അതിനുവേണ്ടി പണം മാറ്റിവയ്ക്കുക.