ADVERTISEMENT

ഒരു ശതമാനത്തിലധികം നേട്ടത്തിലാണ് കഴിഞ്ഞ വെള്ളിയാഴ്ച ഓഹരി വിപണികൾ വ്യാപാരം അവസാനിപ്പിച്ചത്. മികച്ചരീതിയിൽ കഴിഞ്ഞ ആഴ്ച വ്യാപാരം തുടങ്ങിയെങ്കിലും ആഗോള സാഹചര്യങ്ങൾ പ്രതികൂലമായതോടെ ചില ദിവസങ്ങളിൽ നേരിയ ഇടിവുകളുമുണ്ടായി. പക്ഷേ, വെള്ളിയാഴ്ച വ്യാപാരം അവസാനിപ്പിക്കുമ്പോൾ നിഫ്റ്റി 18,400 പോയിന്റ് പിന്നിട്ടു. സെൻസെക്സ് 62,500 കടന്നു. മെറ്റൽ, ഫാർമ, ഐടി കമ്പനികളാണ് സൂചികകളെ മുന്നിൽനിന്നു നയിച്ചത്.

ഈ ആഴ്ചയും ഫലങ്ങൾ നിർണായകം

കമ്പനികളുടെ നാലാംപാദ ഫലങ്ങൾ ഈ ആഴ്ചയിലും വിപണികളെ സ്വാധീനിക്കും. 1700 മിഡ് ക്യാപ്, സ്മോൾ ക്യാപ് കമ്പനികളുടെ ഫലമാണ് ഈ ആഴ്ച വരാനുള്ളത്. നിലവിൽ മിഡ്ക്യാപ്, സ്മോൾ ക്യാപ് ഓഹരികൾ മികച്ച പ്രകടനമാണു കാഴ്ച വയ്ക്കുന്നത്. അപ്പോളോ ഹോസ്പിറ്റൽ, ഐആർസിടിസി, അദാനി പോർട്സ് എന്നിവയാണ് ഈ ആഴ്ച നാലാംപാദ ഫലങ്ങൾ പുറത്തുവിടുന്ന പ്രധാന കമ്പനികൾ.

വരാനിരിക്കുന്നത് നിർണായക കണക്കുകൾ

വാഹന വിൽപനയുടെ കണക്കുകൾ, ജിഡിപി ഡേറ്റ, പിഎംഐ ഡേറ്റ തുടങ്ങിയ നിർണായക കണക്കുകളും ഈ ആഴ്ച വരാനുണ്ട്. മേയ് മാസത്തെ വാഹന വിൽപനയുടെ കണക്കുകൾ ജൂൺ 1 മുതൽ കമ്പനികൾ പുറത്തുവിട്ടു തുടങ്ങും. കഴിഞ്ഞ 2 മാസങ്ങളായി മേഖലയിൽ വളർച്ചയുണ്ട്. മേയ് 31 രാജ്യത്തിന്റെ വളർച്ചാനിരക്ക് അറിയാനാകും. നാലാംപാദത്തിലെയും കഴിഞ്ഞ സാമ്പത്തിക വർഷത്തെയും രാജ്യത്തിന്റെ വളർച്ചനിരക്ക് ലോകം മുഴുവൻ ഉറ്റുനോക്കുന്നുണ്ട്. സ്റ്റാറ്റിസ്റ്റിക്സ് മന്ത്രാലയത്തിന്റെയും റിസർവ് ബാങ്കിന്റെയും പ്രതീക്ഷകൾക്കൊത്ത് ജിഡിപി ഉയർന്നാൽ വിപണിയിലേക്കു കൂടുതൽ പണമൊഴുകും.

ആഗോള സാഹചര്യങ്ങളും

അമേരിക്കയുടെ വായ്പ പരിധി (ഡെറ്റ് സീലിങ്) സംബന്ധിച്ച് വൈറ്റ് ഹൗസ് താൽക്കാലിക ധാരണയായതും റിപ്പബ്ലിക്കൻ പാർട്ടിയുടെ എതിർപ്പുകളും ആഗോള ഓഹരി വിപണികളെ സ്വാധീനിക്കും. ഇന്ത്യൻ വിപണികളിലും ഇതിന്റെ പ്രതിഫലനം ഉണ്ടാകും. അമേരിക്കൻ പ്രതിസന്ധി ശ്രദ്ധയോടെ വീക്ഷിച്ചുകൊണ്ടിരുന്ന വിദേശ നിക്ഷേപകർ പ്രശ്നം പരിഹരിക്കപ്പെട്ടാൽ നിക്ഷേപം പിൻവലിക്കുമോ അതോ ഇന്ത്യയിലേക്കുള്ള നിക്ഷേപം തുടരുമോ എന്നു കാത്തിരുന്നു കാണണം. മേയ് മാസത്തിൽ വിദേശനിക്ഷേപകർ 37,317 കോടിയുടെ ഓഹരികൾ വാങ്ങി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com