സെറോധ സ്ഥാപകരും ശതകോടീശ്വരൻമാരുമായ നിഖിൽ കാമത്തിന്റെയും നിതിൻ കാമത്തിന്റെയും സമൂഹമാധ്യമ കുറിപ്പുകളെല്ലാം വൈറലാകാറുണ്ട്. സാമൂഹിക പ്രസക്തികൊണ്ടാണ് ഇവ ചർച്ചയാകുന്നത്. ഇന്നലെ നിഖിൽ കാമത്ത് തുടങ്ങിവച്ച ചർച്ച ഇപ്പോൾ സോഷ്യൽ മീഡിയയിൽ സജീവമാണ്. സുഹൃത്ത് മാന്ദ്യത്തെക്കുറിച്ചുള്ള (ഫ്രണ്ട്ഷിപ് റിസഷൻ) തന്റെ ദുഃഖവും ആശങ്കകളുമാണ് വിവിധ സ്ഥാപനങ്ങളുടെ സർവേകൾ സഹിതം കാമത്ത് ട്വീറ്റ് ചെയ്തത്.
നമുക്ക് വേണ്ടി എന്തും ചെയ്യാൻ തയാറായ ആത്മാർഥ സുഹൃത്തുക്കളുടെ എണ്ണം കുറഞ്ഞുവരുന്നതും ഇല്ലാതാകുന്നതും ഒട്ടേറെ പേർ അനുഭവിക്കുന്ന പ്രശ്നമാണെന്നും ഇതു ഗൗരവമേറിയ വിഷയമാണെന്നുമായിരുന്നു അദ്ദേഹത്തിന്റെ കുറിപ്പ്. ഭാഗ്യവശാൽ തനിക്ക് ഇത്തരത്തിലുള്ള 5 സുഹൃത്തുക്കളുണ്ടെന്നും കാമത്ത് പറയുന്നു.