കൊച്ചി∙ ആയുർവേദം പോലെ പാരമ്പര്യ വൈദ്യവും സുഖചികിത്സയും പ്രചാരത്തിലുള്ള മെക്സികോയ്ക്ക് കേരളവുമായി ഇതേ രംഗങ്ങളിൽ സംയുക്ത സംരംഭങ്ങൾ നടത്തി വിജയിപ്പിക്കാൻ കഴിയുമെന്ന് ഇന്ത്യയിലെ മെക്സിക്കൻ സ്ഥാനപതി ഫെഡറിക്കോ സാലസ് ലോട്ട്ഫെ. കേരളത്തിന്റെ ഉൽപന്നങ്ങൾക്ക് മെക്സിക്കൻ വിപണിയിൽ പുതിയ സാധ്യതകളും തുറന്നുകൊടുക്കാൻ കഴിയും. ഇന്ത്യ–മെക്സിക്കോ വാണിജ്യ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മെക്സിക്കോയുടെ വാണിജ്യ പങ്കാളിയെന്ന നിലയിൽ ഇന്ത്യയ്ക്ക് പത്താം സ്ഥാനമുണ്ട്. സ്റ്റീൽ, ഐടി, നിർമിത ബുദ്ധി തുടങ്ങി ഇന്ത്യയിലെ അനേകം വ്യവസായങ്ങൾ മെക്സിക്കോയിൽ ഓഫിസ് തുറന്ന് പ്രവർത്തിക്കുന്നു. അവിടത്തെ ബിസിനസ് സൗഹൃദ അന്തരീക്ഷം മൂലം അത്തരം സംരംഭങ്ങൾ വൻ വിജയത്തിലുമാണ്. ടൂറിസം രംഗത്തും ഇന്ത്യയുമായി സഹകരിക്കാനുള്ള സാധ്യതകളേറെ. മെക്സിക്കോയുടെ എംബസി വാതിലുകൾ എന്തു സഹായത്തിനുമായി തുറന്നിട്ടിരിക്കുകയാണ്. കേരളത്തിന്റെ പാരമ്പര്യ കാർഷികോൽപന്നങ്ങൾക്കും സുഗന്ധ വ്യഞ്ജനങ്ങൾക്കും മെക്സിക്കോയിൽ മാത്രമല്ല മറ്റു ലാറ്റിൻ അമേരിക്കൻ രാജ്യങ്ങളിലും സ്വീകാര്യതയുണ്ടെന്ന് അംബാസഡർ ലോട്ട്ഫെ ചൂണ്ടിക്കാട്ടി.
ഇന്ത്യയുമായി വ്യാപാരബന്ധം സജീവമാകാൻ ലാറ്റിൻ അമേരിക്കൻ കരീബിയൻ ട്രേഡ് കമ്മിഷണറായി മണികണ്ഠൻ സൂര്യ വെങ്കട്ടയെ മെക്സിക്കോ നിയമിച്ചു.കയറ്റുമതി പ്രമോഷൻ കൗൺസിൽ റീജനൽ ചെയർമാൻ കെ.കെ.പിള്ള, ഇന്ത്യൻ ഇക്കണോമിക് ട്രേഡ് ഓർഗനൈസേഷൻ ഡയറക്ടർ ഡോ. അസീഫ് ഇക്ബാൽ, സ്പൈസസ് ബോർഡ് സെക്രട്ടറി ഡി.സത്യൻ, ട്രേഡ് കമ്മിഷണർ മണികണ്ഠൻ സൂര്യ വെങ്കട്ട, കയർബോർഡ് ചെയർമാൻ കുപ്പുരാജു തുടങ്ങിയവർ പ്രസംഗിച്ചു.