സ്റ്റാർട്ടപ്പുകളിൽ നിന്ന് സർക്കാർ 3 കോടിയുടെ ഉൽപന്നങ്ങൾ വാങ്ങും
Mail This Article
തിരുവനന്തപുരം ∙ കേരള സ്റ്റാർട്ടപ് മിഷനിൽ (കെഎസ്‍യുഎം) റജിസ്റ്റർ ചെയ്ത സ്റ്റാർട്ടപ്പുകളിൽ നിന്നു സർക്കാർ വകുപ്പുകളും പൊതുമേഖലാ സ്ഥാപനങ്ങളും ഉൽപന്നങ്ങളും സേവനങ്ങളും വാങ്ങുന്നതിനുള്ള പരിധി 3 കോടി രൂപയായി വർധിപ്പിച്ചു. നേരത്തെ ഇത് ഒരു കോടി രൂപയായിരുന്നു. ഇതുവരെ ഐടി മേഖലയിലുള്ള സ്റ്റാർട്ടപ്പുകൾക്ക് മാത്രം ലഭ്യമായിരുന്ന ആനുകൂല്യം ഇനി ഐടി ഇതര മേഖലകളിലെ സ്റ്റാർട്ടപ്പുകൾക്കും ലഭ്യമാകും.
പരിധി വർധിപ്പിക്കുന്നതിലൂടെ സ്റ്റാർട്ടപ്പുകളിൽ നിന്നുള്ള നൂതന സാങ്കേതിക ഉൽപന്നങ്ങളും സേവനങ്ങളും എല്ലാ സർക്കാർ വകുപ്പുകൾക്കും ഉപയോഗിക്കാനാകും. കൃഷി, തദ്ദേശസ്വയംഭരണം, ആരോഗ്യം, ടൂറിസം തുടങ്ങി സംസ്ഥാന സർക്കാരിനു കീഴിലുള്ള 49 വകുപ്പുകൾക്കും ആയിരത്തിലധികം ഉപസ്ഥാപനങ്ങൾക്കും ഉത്തരവ് ബാധകമാണ്. മറ്റു സംസ്ഥാനങ്ങളിൽ നിന്നു കേരളത്തിലെത്തുന്ന സ്റ്റാർട്ടപ്പുകൾക്കും ഇതുവഴി സർക്കാർ ആനുകൂല്യം ലഭ്യമാകും.