ADVERTISEMENT

ഒരു രൂപയുടെ നേട്ടത്തിൽ ലഭിക്കുന്ന സന്തോഷത്തെക്കാൾ കഠിനമായിരിക്കും ഒരു രൂപ നഷ്ടപ്പെടുമ്പോഴുണ്ടാകുന്ന മാനസികവേദന. മനുഷ്യരുടെ ഈ മിഥ്യാബോധം മുതലെടുത്താണ് നികുതി നഷ്ടം ഒഴിവാക്കുകയെന്ന മുഖ്യ കാരണം മുന്നോട്ടു വച്ച് ലൈഫ് ഇൻഷുറൻസ് പോളിസികൾ വിൽക്കപ്പെടുന്നത്. എന്നാൽ, 2023 ഏപ്രിൽ 1ന് തുടങ്ങിയ സാമ്പത്തിക വർഷത്തിൽ ഒഴിവാക്കലുകളും ഇളവുകളും ഇല്ലാത്ത പുതിയ ആദായനികുതി ഘടന നിലവിൽ വന്നതോടെ നികുതി നഷ്ടം നികത്താനായി ലൈഫ് പോളിസികൾ എടുക്കുന്നത് ഒരു പരിധി വരെ അപ്രസക്തമായിരിക്കുന്നു. ലൈഫ് ഇൻഷുറൻസ് പോളിസികൾ വാങ്ങുമ്പോൾ പരിഗണിക്കേണ്ടുന്ന ഘടകങ്ങളെക്കുറിച്ച് ഇനി മാറി ചിന്തിക്കേണ്ടിയിരിക്കുന്നു.

പോളിസികളിലെ നികുതി മാറ്റം

ലൈഫ് ഇൻഷുറൻസ് പോളിസികളെ പുതിയ നികുതിഘടന പ്രധാനമായും 2 രീതിയിലാണു ബാധിക്കുക. പോളിസികളിൽ പ്രീമിയമായി അടയ്ക്കുന്ന തുക മറ്റ് അർഹമായ നിക്ഷേപാവസരങ്ങളോടൊപ്പം ഒന്നര ലക്ഷം രൂപ വരെ വർഷം തോറും നികുതിയിൽ നിന്ന് ഒഴിവാക്കിയിരുന്നത് പുതിയ നികുതി രീതി തിരഞ്ഞെടുക്കുമ്പോൾ അപ്രസക്തമാകും. വട്ടമെത്തുമ്പോൾ ലഭിക്കുന്ന ബോണസ് ഉൾപ്പെടെയുള്ള പോളിസി ആനുകൂല്യങ്ങൾക്ക് പരിധിയില്ലാതെ നിലവിലുണ്ടായിരുന്ന ഇളവുകളിൽ നിയന്ത്രണങ്ങൾ വന്നതാണ് രണ്ടാമത്തെ മാറ്റം. 5 ലക്ഷം രൂപ വരെ വാർഷിക പ്രീമിയം നൽകേണ്ടുന്ന പരമ്പരാഗത പോളിസികൾക്ക് മാത്രമേ ഇനിയങ്ങോട്ട് നികുതി ഇളവിന് അർഹതയുള്ളൂ. യൂണിറ്റ് ലിങ്ക്ഡ് പോളിസികളിൽ ഇപ്പോൾ തന്നെ ഈ പരിധി രണ്ടര ലക്ഷം രൂപയാണ്. പത്തോ പതിനഞ്ചോ കൊല്ലം പ്രീമിയം അടച്ച് ദീർഘകാല ആനുകൂല്യമായിട്ടാണ് തുക ലഭിക്കുകയെങ്കിൽ കൂടി ഇൻഡക്സേഷന്റെ പ്രയോജനവും ലഭ്യമല്ല. വാർഷിക പ്രീമിയത്തിന്റെ പത്തിരട്ടി പരിരക്ഷയെങ്കിലും നൽകുന്ന പോളിസികൾക്കു മാത്രമേ നികുതി ആനുകൂല്യങ്ങൾ ഇപ്പോൾ തന്നെ ലഭിക്കുന്നുള്ളൂ. ഉടമ മരണമടയുമ്പോൾ ലഭിക്കുന്ന പരിരക്ഷ ആനുകൂല്യങ്ങൾക്കുള്ള നികുതിയിളവുകൾ തുടരുമെന്നത് ആശ്വാസകരമാണ്.

നയം മാറ്റത്തിന്റെ  അടിസ്ഥാനം

ലൈഫ് ഇൻഷുറൻസ് കോർപറേഷൻ ഉൾപ്പെടെ അൻപതിലധികം കമ്പനികൾ ആദായനികുതി ആനുകൂല്യങ്ങളുടെ ഒഴികഴിവുകൾ കൂടി ഉൾപ്പെടുത്തി ലൈഫ് പോളിസികൾ വിപണനം നടത്തിയിട്ടും ജനസംഖ്യയിൽ ഭൂരിഭാഗത്തിനും ആവശ്യത്തിന് പരിരക്ഷ ഇനിയും നേടാനായിട്ടില്ല. ഇൻഷുറൻസ് പെനിട്രേഷൻ എന്നും ഇൻഷുറൻസ് ഡെൻസിറ്റി എന്നും 2 മാനദണ്ഡങ്ങളിലൂടെയാണ് പോളിസികളുടെ പ്രചാരം അളക്കുന്നത്. രാജ്യത്തെ ജിഡിപിയുടെ എത്ര ശതമാനമാണ് പോളിസികളിൽ പ്രീമിയമായി ശേഖരിക്കപ്പെടുന്ന തുക എന്നുള്ളതാണ് പെനിട്രേഷൻ കൊണ്ട് ഉദ്ദേശിക്കുന്നത്. 2001-02ൽ 2.7 ശതമാനമായിരുന്ന ഇൻഷുറൻസ് പെനിട്രേഷൻ 2021-22ൽ വെറും 4.2 ശതമാനമായി മാത്രമേ വർധിച്ചിട്ടുള്ളൂ. അതിൽത്തന്നെ ലൈഫ് ഇൻഷുറൻസ് പെനിട്രേഷൻ 3.2 ശതമാനവും മറ്റ് ഇൻഷുറൻസ് പെനിട്രേഷൻ ഒരു ശതമാനവും. ലോക ശരാശരി 7 ശതമാനമാണ്. ആഫ്രിക്കയിൽ ഇത് 8%.

പ്രീമിയം തുകയും ജനസംഖ്യയും തമ്മിലുള്ള അനുപാതം അഥവാ ആളോഹരി പ്രീമിയം തുകയാണ് ഇൻഷുറൻസ് ഡെൻസിറ്റി. ഇന്ത്യയിൽ ഇൻഷുറൻസ് ഡെൻസിറ്റി 69 അമേരിക്കൻ ഡോളറാണെന്നിരിക്കെ ചൈനയിൽ പോലും 253 ഡോളറുണ്ട്. ലൈഫ് പോളിസികളിൽ ഉയർന്ന പ്രീമിയം അടച്ച് നികുതി നൽകാതിരിക്കുന്ന പ്രവണത ഒഴിവാക്കുകയാണ് പുതിയ നയത്തിൽ.

പ്രീമിയം തുക ശ്രദ്ധിക്കണം

പ്രീമിയമായി അടയ്ക്കുന്ന തുകയുടെ നിശ്ചിത ശതമാനമാണ് പോളിസി വിൽക്കുന്നവരുടെ വരുമാനത്തിന് അടിസ്ഥാനമെന്നിരിക്കെ, പരിരക്ഷയെക്കാൾ പ്രീമിയത്തിനാണു പ്രാധാന്യം. അടച്ച പ്രീമിയം തുകയെങ്കിലും തിരികെ നൽകാമെന്ന് വാഗ്ദാനം ചെയ്യുന്ന പോളിസികളിൽ പോലും ശുദ്ധ പരിരക്ഷ മാത്രം ലഭിക്കുന്ന പോളിസികളിൽ മുടക്കേണ്ടി വരുന്നതിനെക്കാൾ പതിൻമടങ്ങ് ഉയർന്ന പ്രീമിയമാണ് ഈടാക്കുന്നതെന്ന് തിരിച്ചറിയണം. നഷ്ടപ്പെടലിന്റെ വേദനയാണ് ഇവിടെ മുതലെടുക്കപ്പെടുന്നത്.

അടുത്തയാഴ്ച– പുതിയ നികുതി ഘടനയും ആരോഗ്യ ഇൻഷുറൻസും പ്രസക്തമാകുന്നു, ടേം പോളിസികൾ

പ്രീമിയം തുകയ്ക്ക് നികുതി ഒഴിവാക്കുന്നതിനു പ്രാധാന്യം നൽകാതെ പ്രീമിയമായി നൽകുന്ന തുകയ്ക്ക് എത്ര ഉയർന്ന അളവിൽ പരിരക്ഷ ഉറപ്പാക്കുമെന്നുള്ളതാണ് ഇനിയങ്ങോട്ട് ലൈഫ് പോളിസികൾ വാങ്ങാൻ അടിസ്ഥാനമാക്കേണ്ടത്. ചുരുങ്ങിയ പ്രീമിയം ഈടാക്കിക്കൊണ്ട് കൂടുതൽ പരിരക്ഷ നൽകുന്നവയാണ് ടേം പോളിസികൾ. പരമ്പരാഗത പോളിസികളിലുള്ള നിക്ഷേപ ലക്ഷ്യങ്ങൾ ഒഴിവാക്കിക്കൊണ്ട് പരിരക്ഷാ ചെലവു മാത്രം പ്രീമിയമായി ഈടാക്കുന്നതിനാലാണ് ടേം പോളിസികളിൽ പ്രീമിയം തുക കുറഞ്ഞിരിക്കുന്നത്. താങ്ങാവുന്ന പ്രീമിയം ചെലവിൽ പരമാവധി പരിരക്ഷ ലഭ്യമാക്കുകയാണ് ടേം പോളിസികളിൽ. അത്യാഹിതങ്ങൾ സംഭവിക്കുമ്പോൾ കുടുംബങ്ങൾക്ക് അതിജീവനത്തിന് പര്യാപ്തമായത്ര ഉയർന്ന പരിരക്ഷ ഉറപ്പാക്കാൻ ടേം പോളിസികൾക്കു കഴിയുന്നു. ഇതോടൊപ്പം ഓൺലൈനായി വാങ്ങുന്ന പോളിസികളിൽ പ്രീമിയം ചെലവു കുറയും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com