ADVERTISEMENT

വൈദ്യരുടെ കയ്യിൽ നിന്നു വാങ്ങിയ കുറിപ്പടി വച്ച് ആദ്യം എണ്ണയുണ്ടാക്കി. എണ്ണക്കമ്പനിയെന്നു പറയാൻ ഷെഡ് മാത്രമായിരുന്നു ആദ്യം. പഴയ കാലത്തെ മനോഹരമായൊരു പെൺപേരിട്ടു. പരസ്യകോലാഹലം നടത്തി. തലമുടി വളർത്തുന്ന എണ്ണ വച്ചടി വച്ചടി കേറി. കേരളത്തിലും പിന്നെ തമിഴ്നാട്, കർണാടക സംസ്ഥാനങ്ങളിലും എണ്ണ വിറ്റുകൊണ്ടിരുന്നപ്പോൾ ഉത്തരേന്ത്യൻ വമ്പൻ ഉപഭോക്തൃകമ്പനി വിലയ്ക്കു കൊടുക്കുമോയെന്നു ചോദിച്ചു.

ഇന്നത്തെ കാലത്ത് ‘വാല്യുവേഷൻ’ എന്നൊരു സംഗതി ഉണ്ടല്ലോ. ചില പ്രഫഷനൽ ഏജൻസികൾ മൂല്യനിർണയം നടത്തി കൊടുക്കും. ഫാക്ടറി ഉടമകൾ സ്വപ്നത്തിൽ കാണാത്ത തുകയാവും മൂല്യം. എന്തിനു പറയുന്നു എണ്ണ വിപണനം തുടങ്ങി 10 കൊല്ലം തികയും മുൻപേ, 250 കോടിക്കു വിറ്റു. എണ്ണക്കമ്പനിയുടെ ആസ്തിയുടെ എത്രയോ മടങ്ങ് കാശ് ബാങ്കിലെത്തി.

എല്ലാവർക്കും ഇങ്ങനെ വാല്യുവേഷനിലും വിൽപനയിലും രുചി പിടിച്ചിരിക്കുകയാണ്. സോപ്പ് കമ്പനികൾ, കറിപ്പൊടി കമ്പനികൾ, കേക്കും പലഹാരവും ഉണ്ടാക്കുന്ന കമ്പനികൾ... ആസ്തിയുടെ പല മടങ്ങ് കൊടുത്ത് ബ്രാൻഡ് മാത്രമായിട്ടും ഫാക്ടറി ഉൾപ്പെടെയും വാങ്ങാനാളുണ്ട്.

ബ്രാൻഡ് മാത്രമായിട്ടാണു വാങ്ങുന്നതെങ്കിൽ ഫാക്ടറി കയ്യിലിരിക്കും. വൻകിടക്കാർ വാങ്ങിയതിനാൽ വിപണനം ഇന്ത്യ മുഴുവനാകും. അപ്പോൾ ഉൽപാദനം കൂട്ടണം. അതിനുള്ള പ്രവർത്തന മൂലധനവും അവർ തരും. പഴയ തൊഴിലാളികൾ, പഴയ മുതലാളി, പഴയതു പോലെ ഉൽപാദനം. ക്വാളിറ്റി കൺട്രോളിൽ പുതിയ ഉടമയുടെ പിടിയുണ്ടാകും. പുതിയ ഉൽപന്നങ്ങൾ അവർ അവതരിപ്പിച്ചെന്നിരിക്കും.

അങ്ങനെ പഴയതിനെക്കാൾ മെച്ചപ്പെട്ട ബ്രാൻഡുകളുണ്ട്, ഗുണം പിടിക്കാത്തവയുമുണ്ട്. വാങ്ങിയ വമ്പൻമാർക്ക് കോടികൾ പ്രശ്നമല്ലാത്തതിനാൽ അവർ ഏറ്റെടുത്ത ശേഷം അധോഗതിയാണെങ്കിലും സാരമില്ല. കഷണ്ടി മാറ്റാനും മുടി വളർത്താനുമുള്ള എണ്ണകൾ ഇങ്ങനെ ഫ്ലോപ്പായതിൽ ഉൾപ്പെടുന്നു. വിറ്റ ഉടമ പണക്കാരനായി ആഡംബര കാർ വാങ്ങി, ഉലകം ചുറ്റിയെന്നു മാത്രം.

പാരമ്പര്യ ഹോട്ടൽ, വർക്ക്ഷാപ്പ് എന്നിവയുടെ ലൈൻ വേറെയാണ്. പഴയ കാലത്ത് പ്രശസ്തമായിരുന്നു. ഹോട്ടലിന് പഴയ പാചകക്കാർ പോയതോടെ രുചിയും പോയി, പഴയ മേസ്തിരിമാർ പോയതിനൊപ്പം അവർ പണിതിരുന്ന അംബാസഡർ, ഫിയറ്റ് കാറുകളും ഇല്ലാതായി. പക്ഷേ ഹോട്ടലും വർക്ക്ഷാപ്പും ഇരുന്ന സ്ഥലത്തിന്റെ വിലയിൽ കോളല്ലേ...! നൂറ് കോടിയിലേറെ കിട്ടിയ ഹോട്ടൽ ഇടപാടുകളുണ്ട്. മക്കൾ തമ്മിൽ സ്വത്തിന് അടിയായപ്പോൾ വിറ്റ ഹോട്ടലുകളുണ്ട്. കാശാവുമ്പോൾ വീതിക്കാൻ എളുപ്പമാണല്ലോ, ഏത്...??

ഒടുവിലാൻ∙ സ്റ്റാർട്ടപ് തുടങ്ങിയിട്ട് വാല്യുവേഷൻ നടത്തി വല്ല സായിപ്പും വന്നു മുഴുവനായി ഏറ്റെടുക്കുമെന്നോ, ഓഹരി വാങ്ങുമെന്നോ, പ്രൈവറ്റ് ഇക്വിറ്റി വരുമെന്നോ മനപ്പായസം കുടിച്ചിരിക്കുന്നവർ ഒരുപാടുണ്ട്. ഇപ്പൊ വല്യ കോളില്ല. അമേരിക്കയിലും യൂറോപ്പിലും മാന്ദ്യമായതോടെ സായിപ്പ് പഴയ പോലെ കാശ് വാരിയെറിയുന്നില്ല. സീൻ ഡാർക്ക്!

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com