അജയ് സോഫ്റ്റ്‌വെയർ എൻജിനീയറാണ്. ബെംഗളൂരുവിൽ ജോലി കിട്ടി. മികച്ച ശമ്പളം. കുറച്ചു മാസങ്ങൾക്കു ശേഷം അച്ഛന് ഒരേ നിർബന്ധം.നാട്ടിൽ ഒരു ഫ്ലാറ്റ് വാങ്ങണം. അച്ഛന്റെ നിർബന്ധമല്ലേ, മാസങ്ങൾക്കുള്ളിൽ ശമ്പളത്തിന്റെ പകുതി ഇഎംഐ വരുന്ന ഭവന വായ്പയിൽ ഫ്ലാറ്റ് കച്ചവടമാക്കി. അമേരിക്കയിലെ സാമ്പത്തിക പ്രതിസന്ധി മൂലം ഐടി കമ്പനികൾ വലിയ ലേ ഓഫ് നടത്തിയപ്പോൾ അജയ്ക്കു ജോലി നഷ്ടമായി. ഹോം ലോണിനു പുറമേ, കാർ ലോൺ കൂടി അജയ്ക്കുണ്ടായിരുന്നു. ഈ സാഹചര്യത്തിൽ സാമ്പത്തികമായി സഹായിക്കാനുള്ള അവസ്ഥ അച്ഛനുമുണ്ടായിരുന്നില്ല. കടം അടച്ചു തീർക്കാൻ പഴ്സനൽ ലോൺ എടുത്തു. അവസാനം ആകെ കെണിയിൽ വീണ അവസ്ഥയിലായി.
ലോണെടുക്കും മുൻപേ ഓർക്കാൻ...
1. വായ്പ എടുക്കുന്നതിനു മുൻപായി കുറഞ്ഞത് 6 മാസത്തെ ഇഎംഐക്കുള്ള തുക കരുതി വയ്ക്കണം. മുൻ ലക്കങ്ങളിൽ ഇത്തരം എമർജൻസി ഫണ്ടിനെക്കുറിച്ച് വിശദമായി പറഞ്ഞിരുന്നല്ലോ.
2. സ്വന്തമായി ഒരു വീടു വാങ്ങുകയെന്നത് തിരക്കിട്ടെടുക്കേണ്ട തീരുമാനമല്ല. മാറുന്ന ജോലികൾക്കും ജോലി സ്ഥലങ്ങൾക്കുമിടെയിൽ എവിടെയാണോ ജോലിയും ജോലി സ്ഥലവും സ്ഥിരമാകുന്നത്, എവിടെയാണ് സ്ഥിരതാമസമാക്കാൻ ആഗ്രഹിക്കുന്നത് എന്നതെല്ലാം തീരുമാനമായ ശേഷം വീടു വാങ്ങുന്നതാണ് ഉചിതം. വേണ്ടപ്പോൾ വാങ്ങാനും വിൽക്കാനും ബുദ്ധിമുട്ടാണെന്ന് അറിഞ്ഞു കൊണ്ടാണ് പലരും ഈ കെണിയിൽപെടുന്നത്.
3. ഇന്ത്യയിൽ പൊതുവേ വീടിന്റെ മൂല്യത്തിന്റെ 2.5 % - 3 % ചെലവിൽ വീടു വാടകയ്ക്കു ലഭിക്കും. വാടകയ്ക്കു താമസിക്കുന്നത് ഒരു കുറവായി കാണുന്നവർ ഇപ്പോഴുമുണ്ട്. എന്നാൽ മാറിയ സാഹചര്യങ്ങൾക്കൊപ്പം ചിന്താഗതിയും മാറണം.
4. സൗകര്യം, സുരക്ഷിതത്വം എന്നിവ മുന്നിൽക്കണ്ട് വാഹനം വാങ്ങാൻ തീരുമാനിക്കുമ്പോൾ അതിൽ ആർഭാടം നുഴഞ്ഞു കയറാതിരിക്കാൻ ശ്രദ്ധിക്കണം. തുടക്കക്കാർക്ക് നല്ല കണ്ടീഷനുള്ള സെക്കൻഡ് ഹാൻഡ് വാഹനം വാങ്ങുന്നത് ആലോചിക്കാം. ഷോറൂമിൽ നിന്ന് താക്കോൽ കയ്യിൽ ലഭിക്കുമ്പോൾ മുതൽ മൂല്യം കുറയുന്ന ഒന്നാണ് വാഹനം എന്നോർക്കുക.
കടം തീ പോലെയാണ്. നമ്മുടെ നിയന്ത്രണത്തിൽ നിൽക്കുന്നിടത്തോളം കാലം അത് ഉപകരിക്കും. കൈവിട്ടു പോയാൽ നമ്മെ ചാമ്പലാക്കും. ലോൺ വേണോ.. ലോൺ വേണോ.. എന്നുള്ള കോളുകൾ വരുമ്പോൾ വേണ്ട എന്നു തീർത്തു പറയാൻ കഴിയണം. ഇഎംഐ എന്ന വാൾ തലയ്ക്കു മുകളിൽ ഇല്ലാത്ത ജീവിതമാണ് സുഖപ്രദം.