പാക്കിസ്ഥാന്റെ കടം പെരുകുന്നു; പരിധി വിട്ട് പണപ്പെരുപ്പം
![pakistan protest വിലവർധനവിനെതിരെ പാക്കിസ്താനിലെ സുക്കൂർ പ്രവിശ്യയിൽ പ്രതിഷേധിക്കുന്ന ജനങ്ങൾ (Photo credit:Asianet-Pakistan/Shutterstock)](https://img-mm.manoramaonline.com/content/dam/mm/mo/news/business/images/2023/6/6/pakistan-protest-2.jpg?w=1120&h=583)
Mail This Article
ഇസ്‌ലാമാബാദ് ∙ പാക്കിസ്ഥാൻ സർക്കാറിന്റെ മൊത്ത കടത്തിൽ വീണ്ടും വർധന. കടം കഴിഞ്ഞ വർഷത്തെക്കാൾ 34.1% വർധിച്ച് 58.6 ലക്ഷം കോടിയിലെത്തിയതായി സ്റ്റേറ്റ് ബാങ്ക് ഓഫ് പാക്കിസ്ഥാൻ അറിയിച്ചു. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് രാജ്യത്ത് ഈ മേയിൽ 2.6 ശതമാനം വർധനവാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
രാജ്യത്തിന്റെ മൊത്തം കടത്തിൽ, ആഭ്യന്തര കടം 36.5 ലക്ഷം കോടിയും വിദേശകടം 22 ലക്ഷം കോടിയുമാണ്. ഒരു വർഷത്തെ കണക്കു നോക്കിയാൽ വിദേശകടത്തിലുള്ള വർധനവ് 49.1 ശതമാനമാണ്. കേന്ദ്ര ബാങ്കിന്റെ കണക്കെടുത്താൽ കഴിഞ്ഞ ഒരുമാസമായി വിദേശ കടത്തില്‍ ഒരു മാറ്റവും സംഭവിച്ചിട്ടില്ല.
![pakistan protest തൊഴിലില്ലായ്മയ്ക്കും വിലക്കയറ്റത്തിനുമെതിരെ കറാച്ചിയിൽ തെഹ്റീക് –ഇ–ലബായിക് എന്ന സംഘടനയുടെ നേതൃത്വത്തില്‍ സർക്കാറിനെതിരെ പ്രതിഷേധിക്കുന്നവർ
(Photo credit:Asianet-Pakistan/Shutterstock)](https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg)
ആഭ്യന്തര കടത്തിന്റെ ഭൂരിഭാഗവും സർക്കാർ ബോണ്ടുകളിലൂടെയാണ് പാക്കിസ്ഥാൻ എടുത്തിരിക്കുന്നത്. ഏകദേശം 25 ലക്ഷം കോടിയുടെ വായ‍്പകളാണ് ഇത്തരത്തിൽ ബോണ്ടുകൾ ഈടാക്കി നൽകിയിരിക്കുന്നത്. ഹ്രസ്വകാല വായ‍്പകൾ 7.2 ലക്ഷം കോടിയും നാഷനൽ സേവിങ് സ്കീമുകളിൽ നിന്നുൾപ്പെടെ കടമെടുത്ത മറ്റു വായ്പകൾ 2.9 ലക്ഷം കോടിയും ഉൾപ്പെടുന്നു.
അടവുശിഷ്ടം (ബാലൻസ് ഓഫ് പെയ്മെന്റ്) മെച്ചപ്പെടുത്തുന്നതിൽ രാജ്യം പെടാപ്പാട് പെടുകയാണ്. നിലവിലുള്ള വിദേശ നാണ്യ ശേഖരമുപയോഗിച്ച് ഒരു മാസത്തെ ഇറക്കുമതിത്തീരുവ പോലും അടയ്ക്കാൻ കഴിയാത്ത സാഹചര്യമാണ് രാജ്യം അഭിമുഖീകരിക്കുന്നത്. ആഭ്യന്തര കടം പെരുകുന്നത് പണപ്പെരുപ്പം ഇനിയും വർധിക്കുമെന്ന സൂചനയാണ് നൽകുന്നത്. നിലവിൽ 22 ശതമാനമാണ് രാജ്യത്തെ പലിശനിരക്ക്. പണപ്പെരുപ്പം ഏപ്രിലിൽ വീണ്ടും വർധിച്ച് 36.4 ശതമാനത്തിലെത്തി. മാർച്ചിലിത് 35.4 ശതമാനമായിരുന്നു.
2023-24 സാമ്പത്തിക വർഷം 95,000 കോടി പാക്കിസ്ഥാൻ റുപീയുടെ (PKR) ബജറ്റിനാണ് സർക്കാർ അംഗീകാരം നൽകിയത്. കഴിഞ്ഞ ബജറ്റിനെ അപേക്ഷിച്ച് 31 ശതമാനത്തിന്റെ വർധനവ് ഇതിലും കാണാം. രാജ്യത്തെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്തുന്നതോടൊപ്പം കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും സർക്കാർ പദ്ധതിയിടുന്നു. അടുത്ത സാമ്പത്തിക വർഷം ജിഡിപിയിൽ 6 ശതമാനത്തിന്റെ വളർച്ചയാണ് പാക്കിസ്ഥാൻ സർക്കാർ ലക്ഷ്യമിടുന്നത്.
English summary- Pakistan government debt swells to 58.6 trillion