ന്യൂഡൽഹി∙ ഡെബിറ്റ് കാർഡിനു പകരം ഫോൺപേ, പേയ്ടിഎം പോലെയുള്ള യുപിഐ ആപ്പുകൾ വഴി എടിഎം മെഷീനിൽ നിന്ന് പണം പിൻവലിക്കാൻ സംവിധാനം. ബാങ്ക് ഓഫ് ബറോഡ സേവനം ലഭ്യമാക്കിത്തുടങ്ങി.മറ്റു പല ബാങ്കുകളും വൈകാതെ ഏർപ്പെടുത്തും.ഉദാഹരണത്തിന് 1,000 രൂപ കറൻസിയായി പിൻവലിക്കണമെങ്കിൽ എടിഎം സ്ക്രീനിൽ ദൃശ്യമാകുന്ന ക്യുആർ കോഡ് യുപിഐ വഴി സ്കാൻ ചെയ്ത് 1,000 രൂപ അയച്ചാൽ മതിയാകും.
എങ്ങനെ?
ബാങ്ക് ഓഫ് ബറോഡയുടെ എടിഎം മെഷീനുകളിൽ ‘കാർഡ്‍ലെസ് കാഷ് വിത്ഡ്രോവൽ’ ഓപ്ഷൻ തുറന്ന് ‘ക്യുആർ കോഡ് ഓപ്ഷൻ’ തിരഞ്ഞെടുക്കുക. പിൻവലിക്കേണ്ട തുക ടൈപ്പ് ചെയ്യുക. തുടർന്ന് കാണുന്ന ക്യുആർ കോഡ് ഏതെങ്കിലും യുപിഐ ആപ് ഉപയോഗിച്ച് സ്കാൻ ചെയ്ത് ആ തുക അയയ്ക്കുക. തുടർന്ന് 'Press here for cash' അമർത്തിയാൽ കറൻസി ലഭിക്കും. ഒരു യുപിഐ അക്കൗണ്ടുമായി ഒന്നിലേറെ ബാങ്ക് അക്കൗണ്ടുകൾ ബന്ധിപ്പിച്ചിട്ടുണ്ടെങ്കിൽ ഇഷ്ടമുള്ള അക്കൗണ്ട് തിരഞ്ഞെടുക്കാം. പ്രതിദിനം രണ്ടു തവണ 5,000 രൂപ വീതം പിൻവലിക്കാം.
എസ്ബിഐ എടിഎമ്മിലും കാർഡില്ലാതെ പണമെടുക്കാം
എസ്ബിഐ യോനോ അല്ലെങ്കിൽ യോനോ ലൈറ്റ് ആപ് ഉള്ളവർക്ക് ക്യുആർ കാഷ്, അല്ലെങ്കിൽ യോനോ കാഷ് എന്നീ സേവനം ലഭ്യമാണ്. മറ്റ് ബാങ്കുകൾക്കും അവരവരുടെ മൊബൈൽ ആപ്പുകളിൽ സമാന സംവിധാനമുണ്ട്.
യോനോ കാഷ്: യോനോ ആപ്പിൽ 'യോനോ കാഷ്' എടുത്ത് തുക ടൈപ്പ് ചെയ്യുക. തുടർന്ന് 6 അക്കമുള്ള പുതിയ പിൻ സൃഷ്ടിക്കുക. എസ്എംഎസ് ആയി ഒരു ട്രാൻസാക‍്ഷൻ നമ്പർ ലഭിക്കും. 4 മണിക്കൂറിനുള്ളിൽ ഒരു എസ്ബിഐ എടിഎമ്മിൽ ചെന്ന് 'യോനോ കാഷ്' ഓപ്ഷൻ തുറക്കുക. ട്രാൻസാക‍്ഷൻ നമ്പറും 6 അക്ക പിൻ നമ്പറും നൽകുന്നതോടെ മെഷീനിൽ നിന്ന് കറൻസി ലഭിക്കും.
ക്യുആർ കാഷ്: എടിഎം സ്ക്രീനിലെ ക്യുആർ കാഷ് തിരഞ്ഞെടുത്താൽ 2,000 രൂപ, 4,000 രൂപ എന്നീ 2 ഓപ്ഷനുകൾ കാണാം. ഇതിലൊന്ന് തിരഞ്ഞെടുത്ത് യോനോ ലൈറ്റ് ആപ്പിലെ ക്യുആർ കാഷ് വിത്ഡ്രോവൽ ഓപ്ഷൻ ഉപയോഗിച്ച് ക്യുആർ കോഡ് സ്കാൻ ചെയ്താൽ കറൻസി ലഭിക്കും.