ഓഹരിവിപണിയിലേക്ക് വിദേശ പണപ്രവാഹം

HIGHLIGHTS
  • പ്രിയം ബാങ്കുകൾ ഉൾപ്പെടെ ധനസേവന രംഗത്തെ ഓഹരികൾക്ക്
fii-stock-price
SHARE

കൊച്ചി ∙ ഓഹരി വില സൂചികകളെ റെക്കോർഡ് നിലവാരത്തിനടുത്തേക്ക് ഉയർത്തിയിരിക്കുന്നതിനു കനത്ത പിന്തുണയായതു വിദേശ ധനസ്‌ഥാപന (എഫ്‌ഐഐ) ങ്ങളിൽനിന്നുള്ള പണപ്രവാഹം. ഇന്ത്യൻ വിപണിയിൽനിന്നു കഴിഞ്ഞ മാസം ഇവ വാങ്ങിക്കൂട്ടിയ ഓഹരികളുടെ അറ്റ മൂല്യം 27,856.48 കോടി രൂപയുടേത്. നീണ്ട ഇടവേളയ്‌ക്കു ശേഷമാണ് ഈ തോതിൽ വിദേശ നിക്ഷേപം വിപണിയിലേക്കു പ്രവഹിക്കുന്നത്.

എഫ്‌ഐഐകൾ ഓഹരി വിൽപനയിലൂടെ സമാഹരിച്ചതിനെക്കാൾ തുക നിക്ഷേപമായി വിപണിയിലെത്തിക്കുന്നതു തുടർച്ചയായി മൂന്നാം മാസമാണ്. മാർച്ചിലെ അറ്റ നിക്ഷേപം 1997.70 കോടി രൂപയുടേതായിരുന്നു. ഏപ്രിലിലെ അറ്റ നിക്ഷേപം 5711.80 കോടി.  

ഏതു ദിവസവും വിപണി റെക്കോർഡ് മറികടക്കാമെന്ന സ്‌ഥിതിയിലാണെങ്കിലും ഓഹരി വിലകൾ ന്യായമായ നിലവാരത്തിലാണെന്നു പൊതുവേ വിലയിരുത്തപ്പെടുന്നു. ഈ പശ്‌ചാത്തലത്തിൽ വിദേശ ധനസ്‌ഥാപനങ്ങളിൽനിന്നുള്ള പണ പ്രവാഹം തുടരുമെന്ന പ്രതീക്ഷയാണുള്ളത്. പല വികസ്വര വിപണികളെയും അപേക്ഷിച്ചു മെച്ചം ഇന്ത്യൻ വിപണിയാണെന്ന പൊതുവായ വിലയിരുത്തലും പണപ്രവാഹം തുടരാനുള്ള സാധ്യത സൂചിപ്പിക്കുന്നു. ജനുവരി – മാർച്ച് കാലയളവിൽ ചൈനയിലെയും കൊറിയയിലെയും വിപണികളിലേക്കു ശ്രദ്ധ കേന്ദ്രീകരിച്ചിരുന്ന എഫ്‌ഐഐകൾക്ക് ഇപ്പോൾ ഇന്ത്യൻ വിപണിയിലാണു കൂടുതൽ താൽപര്യം.

വിദേശ ധനസ്‌ഥാപനങ്ങൾക്ക് ഏറ്റവും പ്രിയം ബാങ്കുകൾ ഉൾപ്പെടെ ധനസേവന രംഗത്തു പ്രവർത്തിക്കുന്ന കമ്പനികളുടെ ഓഹരികളോടാണെന്നാണു കണക്കുകൾ വ്യക്‌തമാക്കുന്നത്.  മൂന്നു മാസത്തിനിടയിലെ എഫ്‌ഐഐ നിക്ഷേപത്തിന്റെ മൂന്നിലൊന്നും ഈ വിഭാഗത്തിൽപ്പെട്ട ഓഹരികൾ വാങ്ങാനായിരുന്നു. മേയ് 30നു നിഫ്‌റ്റി ബാങ്ക് ഇൻഡെക്‌സ് 44,498.60 പോയിന്റിൽ സർവകാല ഔന്നത്യത്തിലെത്തുകപോലും ചെയ്‌തു.

റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ) ഏപ്രിലിൽ പണ, വായ്‌പ നയം പ്രഖ്യാപിച്ച ശേഷം ഇതുവരെ നിഫ്‌റ്റി ബാങ്ക് ഇൻഡക്സിൽ 3,000 പോയിന്റിന്റെ വർധനയുണ്ടായിട്ടുണ്ട്. ബാങ്ക് ഓഹരികൾക്കുള്ള വർധിച്ച പിന്തുണ വ്യക്‌തമാക്കുന്ന കണക്കാണിത്. ആർബിഐ ഇന്നു പ്രഖ്യാപിക്കുന്ന പണ, വായ്‌പ നയമായിരിക്കും സമീപദിവസങ്ങളിൽ ബാങ്ക് ഓഹരികളുടെ ഗതി നിർണയിക്കുക. അതിനിടെ, വിദേശ ധനസ്‌ഥാപനങ്ങളുടെ കൈവശമുള്ള ഇന്ത്യൻ ഓഹരികളുടെ മൂല്യം 47,80,600 കോടി രൂപയുടേതാണെന്നു കണക്കാക്കുന്നു. ഇന്ത്യയിലെ ഓഹരി വിപണിയുടെ ആകെ മൂല്യത്തിന്റെ 17 ശതമാനത്തോളമാണിത്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.