ആർബിഐക്ക് അവ്യക്തത: ഈ സാമ്പത്തിക വർഷവും പലിശ നിരക്ക് കുറയില്ല

interest-rate-14
SHARE

കൊച്ചി ∙ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ) യുടെ പണ, വായ്പ നയ പ്രഖ്യാപനത്തിൽ പ്രതിഫലിക്കുന്നത് ഒരേ അളവിലുള്ള പ്രത്യാശയും ആശങ്കയും. നടപ്പു സാമ്പത്തിക വർഷത്തിന്റെ മൂന്നാം മാസത്തിലെത്തിയിട്ടും അടുത്ത ഒൻപതു മാസത്തെ  സാഹചര്യങ്ങളെപ്പറ്റി ആർബിഐക്കുള്ള അവ്യക്തതയാണ് ഈ വൈരുധ്യത്തിനു കാരണം. എന്നാൽ ഈ വൈരുധ്യത്തിൽനിന്ന് ഒരു കാര്യം വ്യക്തമാകുന്നുണ്ട്: ഈ സാമ്പത്തിക വർഷം തീരുന്നിടത്തോളം വായ്പ നിരക്കുകളിൽ കുറവുണ്ടാകില്ലെന്ന യാഥാർഥ്യം.

പണപ്പെരുപ്പത്തിന്റെ വാർഷിക നിരക്ക് 5.2 ൽനിന്ന് 5.1 ശതമാനത്തിലേക്കു താഴുമെന്നാണ് ആർബിഐയുടെ പ്രത്യാശ. സാമ്പത്തിക വളർച്ചയുടെ നിരക്ക് 6.5 ശതമാനമായിരിക്കുമെന്ന പ്രസ്താവനയിലും പ്രത്യാശയാണുള്ളത്. അതേസമയം, പണപ്പെരുപ്പ നിരക്കു നാലു ശതമാനത്തിലേക്കു താഴ്ത്തേണ്ടതുണ്ടെന്നു ഗവർണർ ശക്തികാന്ത ദാസ് പറഞ്ഞു. അതിനുള്ള ശ്രമം ഏതു യാത്രയുടെയും അവസാനഘട്ടമെന്ന പോലെ ഏറ്റവും പ്രയാസമുള്ളതായിരിക്കുമെന്ന കൂട്ടിച്ചേർക്കലിൽ ആശങ്കയാണു നിഴലിക്കുന്നത്. കാലവർഷത്തിന്റെ തോത്, എൽ നിനോ പ്രതിഭാസത്തിന്റെ പ്രത്യാഘാതം എന്നിവ സംബന്ധിച്ച അനിശ്ചിതത്വത്തെപ്പറ്റിയുള്ള അദ്ദേഹത്തിന്റെ പരാമർശവും ആശങ്കയിൽനിന്നുണ്ടായതാണ്.

പണപ്പെരുപ്പം നിയന്ത്രിക്കുന്നതിനോ സാമ്പത്തിക വളർച്ച ഉത്തേജിപ്പിക്കുന്നതിനോ ഏതിനാണു മുൻഗണന എന്നു നയത്തിൽനിന്നു വ്യക്തമല്ല. ഒന്നിനും മുൻഗണനയില്ലെന്നു വ്യാഖ്യാനിക്കുകയുമാവാം. വായ്പ നിരക്കുകളിൽ തൽസ്ഥിതി തുടരുമെന്നല്ലാതെ നിരക്കു വർധനയ്ക്കു വിരാമമാകുകയാണ് എന്നു പറയാനും ആർബിഐക്കു കഴിഞ്ഞിട്ടില്ല. പണപ്പെരുപ്പത്തിന്റെ വാർഷിക നിരക്ക് 5.1% വരെ മാത്രമേ ഈ സാമ്പത്തിക വർഷം താഴുകയുള്ളൂ എന്ന പ്രവചനം 2 – 4 ശതമാനമെന്ന സഹന നിലവാരം വിദൂരമാണെന്നു വ്യക്തമാക്കുന്നു. വായ്പ നിരക്കുകളുടെ പടിയിറക്കത്തിന് ഈ സാമ്പത്തിക വർഷം സാധ്യതയില്ലെന്നു നിരീക്ഷകർ അനുമാനിക്കുന്നത് ഈ സാഹചര്യത്തിലാണ്.

നയപ്രഖ്യാപനത്തിലെ പ്രത്യാശയ്ക്ക് ഓഹരി വിപണി വില കൽപിച്ചില്ലെന്നു മാത്രമല്ല ആശങ്കയിൽ തളരുകയും ചെയ്തു. സെൻസെക്സ് 294 പോയിന്റും നിഫ്റ്റി 92 പോയിന്റും ഇടിവോടെയാണു ‘ക്ലോസ്’ ചെയ്തത്. ഇരു സൂചികകളിലെയും നഷ്ടം 0.5 ശതമാനത്തോളം. നിക്ഷേപകരുടെ ആസ്തിമൂല്യത്തിൽ 1.54 ലക്ഷം കോടി രൂപയുടേതാണു നഷ്ടം.

English Summary: The interest rate will not decrease during this economic year

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

FROM ONMANORAMA