ADVERTISEMENT

ന്യൂഡൽഹി∙ വിലക്കയറ്റഭീഷണി കുറഞ്ഞുതുടങ്ങിയതിനാൽ ഇത്തവണയും റിസർവ് ബാങ്ക് പലിശനിരക്കിൽ മാറ്റം വരുത്തിയില്ല. 2 മാസത്തേക്കു കൂടി ഭവന, വാഹന, വ്യക്തിഗത വായ്പകളുടെ പലിശ നിലവിലെ നിരക്കിൽ തുടരുമെന്നതിനാൽ വായ്പയെടുത്തവർക്ക് തിരിച്ചടവ് ഭാരം കൂടില്ല. പലിശനിരക്ക് തീരുമാനിക്കുന്ന ആർബിഐ പണനയസമിതിയുടെ (എംപിസി) അടുത്ത യോഗം ഓഗസ്റ്റ് 8 മുതൽ 10 വരെയാണ്.

തുടർച്ചയായി 6 തവണത്തെ വർധനയ്ക്കു ശേഷം ഏപ്രിലിലാണ് ആർബിഐ പലിശനിരക്ക് വർധനയിൽ ആദ്യമായി ഇടവേളയെടുത്തത്. അത് ഇത്തവണയും തുടരാനാണ് ആറംഗ ആർബിഐ എംപിസി സമിതി ഏകകണ്ഠമായി തീരുമാനിച്ചത്. ഇത്തവണ വർധനയില്ലെങ്കിലും ഭാവിയിലെങ്ങനെയായിരിക്കുമെന്നത് അപ്പോഴത്തെ സാഹചര്യമനുസരിച്ച് മാത്രമേ തീരുമാനിക്കാനാവൂ എന്ന് ആർബിഐ ഗവർണർ ശക്തികാന്ത ദാസ് വ്യക്തമാക്കി.വിലക്കയറ്റം 4 ശതമാനത്തിലെത്തിക്കുകയാണ് ആർബിഐയുടെ ലക്ഷ്യം.

2022 മേയ് 4 മുതൽ പലിശനിരക്കിൽ 6 തവണയായുണ്ടായ വർധന 2.5% ആണ്. വിപണിയിലെ പണലഭ്യത കുറച്ച് വിലക്കയറ്റത്തോത് (നാണ്യപ്പെരുപ്പം) വരുതിയാലാക്കാനാണ് പലിശനിരക്ക് ഉയർത്തുന്നത്. ആർബിഐ വാണിജ്യ ബാങ്കുകൾക്ക് നൽകുന്ന ഹ്രസ്വകാല വായ്പയുടെ പലിശനിരക്കായ റീപ്പോ 6.5% ആയി തുടരും.നടപ്പുസാമ്പത്തിക വർഷത്തിലെ രാജ്യത്തിന്റെ സാമ്പത്തിക വളർച്ച 6.5 ശതമാനമായിരിക്കുമെന്ന അനുമാനത്തിൽ ആർബിഐ മാറ്റം വരുത്തിയില്ല. വിലക്കയറ്റം 5.2 ശതമാനമാകുമെന്നാണ് ഏപ്രിലിൽ ആർബിഐ വിലയിരുത്തിയിരുന്നതെങ്കിൽ ഇപ്പോഴത് 5.1 ശതമാനമായി കുറച്ചു. വിലക്കയറ്റത്തിന്റെ കാര്യത്തിൽ ജാഗ്രത തുടർന്നേ പറ്റൂ എന്ന് ആർബിഐ ഗവർണർ പറഞ്ഞു. കാലവർഷത്തിന്റെ തോത്, കാർഷികമേഖലയിൽ എൽ നിനോ പ്രതിഭാസത്തിന്റെ സ്വാധീനം എന്നിവയൊക്കെ വിലക്കയറ്റതോതിനെ ബാധിച്ചേക്കാമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

2000ന്റെ നോട്ട് പകുതിയും തിരിച്ചെത്തി: ആർബിഐ

വിനിമയത്തിലുള്ള 2,000 രൂപ നോട്ടുകളിൽ പകുതിയും ബാങ്കുകളിലേക്ക് തിരിച്ചെത്തിയതായി റിസർവ് ബാങ്ക്. മാർച്ച് 31ലെ കണക്കനുസരിച്ച് 2,000 രൂപയുടെ 3.62 ലക്ഷം കോടി കറൻസികളാണുണ്ടായിരുന്നത്. ഇതിൽ 1.8 ലക്ഷം കോടി കറൻസി തിരിച്ചെത്തിയെന്ന് ആർബിഐ ഗവർണർ ശക്തികാന്ത ദാസ് പറഞ്ഞു. തിരികെയെത്തിയ നോട്ടുകളിൽ 85 ശതമാനവും ബാങ്ക് നിക്ഷേപമായാണ് എത്തിയത്. ബാക്കിയുള്ളവ മാറ്റിയെടുക്കുകയും ചെയ്തു. 

മേയ് 19നാണ് 2,000 രൂപയുടെ കറൻസി പിൻവലിക്കുന്നത് സംബന്ധിച്ച പ്രഖ്യാപനം ആർബിഐ നടത്തിയത്. മേയ് 23 മുതലായിരുന്നു കറൻസി മാറ്റിയെടുക്കാൻ അവസരം. സെപ്റ്റംബർ 30 വരെ സമയമുണ്ട്. 500 രൂപയുടെ നോട്ട് പിൻവലിച്ച് 1,000 രൂപയുടെ നോട്ട് പുറത്തിറക്കുമോയെന്ന ചോദ്യത്തിന് ഇത്തരം ആലോചനകളൊന്നുമില്ലെന്നായിരുന്നു മറുപടി.

കേരളത്തിൽ ബാങ്ക് അക്കൗണ്ട് ബ്ലോക്കിങ്: വിവരം തേടുമെന്ന് ആർബിഐ

യുപിഐ ഇടപാട് നടത്തിയതിന്റെ പേരിൽ കേരളത്തിൽ ചിലരുടെ ബാങ്ക് അക്കൗണ്ട് ബ്ലോക്ക് ആയ സംഭവം ശ്രദ്ധയിൽപ്പെട്ടിട്ടില്ലെന്നും, വിവരം തേടുമെന്നും ഗവർണർ ശക്തികാന്ത ദാസ്. ഒരു ഇടപാടു കൊണ്ട് മാത്രം അക്കൗണ്ട് ബ്ലോക്ക് ആകുമെന്ന് കരുതാൻ കാരണമില്ലെന്ന് ആർബിഐ ഡപ്യൂട്ടി ഗവർണർ ടി.രബി ശങ്കർ പറഞ്ഞു.

ഇനി അങ്ങനെ നടന്നാൽ അത് പൊലീസ് അടക്കമുള്ള അന്വേഷണ ഏജൻസികളുടെ ഇടപെടൽ മൂലമാകാം. ചില അക്കൗണ്ടുകളിൽ നിന്ന് യുപിഐ വഴി പണമെത്തിയതിനു പിന്നാലെ ബാങ്ക് അക്കൗണ്ട് മരവിച്ചതായി ഒട്ടേറെ പരാതികൾ അടുത്തയിടെ ഉയർന്നിരുന്നു. സഹകരണ ബാങ്കുകൾക്കും കടബാധ്യത എഴുതിത്തള്ളാം

സഹകരണ ബാങ്കുകൾക്കും മറ്റ് ബാങ്കുകളെ പോലെ കടബാധ്യതകൾ സാങ്കേതികമായി എഴുതിത്തള്ളാൻ അവസരമൊരുങ്ങുമെന്ന് ശക്തികാന്ത ദാസ് പറഞ്ഞു. ഇതുസംബന്ധിച്ച മാർഗരേഖ ഉടൻ പുറത്തിറങ്ങും. സാങ്കേതികമായി കടബാധ്യത എഴുതിത്തള്ളുമ്പോൾ, ആ തുക ബാങ്കിന്റെ ബാലൻസ് ഷീറ്റിൽ ആസ്തിയുടെ ഗണത്തിൽ നിന്ന് ഒഴിവാക്കും. എന്നാൽ, ബാങ്ക് ശാഖയുടെ കിട്ടാക്കട കണക്കിൽ അതു തുടരും. പണം തിരിച്ചുപിടിക്കാനുള്ള നടപടികളും തുടരണം. 

മറ്റ് പ്രഖ്യാപനങ്ങൾ

∙ ഇ–റുപ്പി വൗച്ചർ: ഫോണിൽ ലഭിക്കുന്ന ഇലക്ട്രോണിക് വൗച്ചറുകൾ വഴി നിശ്ചിത ആവശ്യങ്ങൾക്ക് പണമിടപാട് നടത്താൻ കഴിയുന്ന 'ഇ–റുപ്പി' (e-Rupi) സേവനം വിപുലപ്പെടുത്തും. നിലവിൽ സർക്കാരുകൾക്കും കമ്പനികൾക്കു മാത്രമാണ് ഇത് നൽകാൻ കഴിഞ്ഞിരുന്നതെങ്കിൽ ഇനി വ്യക്തികൾക്ക് ഗിഫ്റ്റ്, ഫുഡ് വൗച്ചറുകൾ നൽകാനും പോക്കറ്റ് മണി നൽകാനും ഉപയോഗിക്കാം. സ്വകാര്യ വോലറ്റ് സേവനദാതാക്കൾക്കും വൗച്ചറുകൾ ഇഷ്യു ചെയ്യാം.

∙ റുപേയ് കാർഡ്: വിദേശത്ത് പോകുന്നവർക്ക് ടോപ്–അപ് ചെയ്ത് ഉപയോഗിക്കാൻ കഴിയുന്ന റുപേയ് പ്രീപെയ്ഡ് ഫോറെക്സ് കാർഡ് ഇഷ്യു ചെയ്യാൻ ബാങ്കുകൾക്ക് അനുമതി നൽകി. വിദേശ എടിഎം, പിഒഎസ് എന്നിവിടങ്ങളിലെല്ലാം എടിഎം കാർഡിനു സമാനമായ കാർഡ് ഉപയോഗിക്കാം. നാട്ടിലുള്ളവർക്ക് കാർഡ് റീചാർജ് ചെയ്യാം. റുപേയ് കാർഡുകൾ രാജ്യാന്തര രംഗത്ത് പ്രചാരത്തിലാക്കാനാണ് നീക്കം.

∙ ഡിജിറ്റൽ കറൻസി: ജൂൺ അവസാനത്തോടെ റിസർവ് ബാങ്ക് ഡിജിറ്റൽ കറൻസിയായ ഇ–റുപ്പിയുടെ (E-Rupee) ഉപയോക്താക്കളുടെ എണ്ണം 10 ലക്ഷമാകും. യുപിഐയുടെയും ഇ–റുപ്പിയുടെയും ക്യുആർ കോഡുകൾ പരസ്പരബന്ധിതമായി പ്രവർത്തിക്കുന്ന തരത്തിൽ സജ്ജമാക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com