ADVERTISEMENT

ചൈനയിൽ ജപ്പാനിഫിക്കേഷൻ എത്തിപ്പോയി എന്നാണ് ആഗോള സാമ്പത്തിക വിശാരദർ പറയുന്നത്. ഇക്കൊല്ലം തന്നെ അവരുടെ സമ്പദ്‌വ്യവസ്ഥ മൂടിടിച്ചു വീഴാൻ സാധ്യതയെന്നും പ്രവചിക്കുന്നു. ബാക്കി ലോകരാജ്യങ്ങളെല്ലാം വിലക്കയറ്റം നേരിടുമ്പോൾ ചൈന വിലയിടിവ് നേരിടുന്നതാണു പ്രധാന കാരണം–ഡിഫ്ലേഷൻ! 

എന്താണീ ജപ്പാനിഫിക്കേഷൻ? ജപ്പാൻ എഴുപതുകളിലും എൺപതുകളിലും ഫാക്ടറി ഉൽപാദനം കുന്നുപോലെ കൂട്ടിയിരുന്നു. ചെറിയ കാറുകൾ കയറ്റി അയച്ച് യുഎസിൽ ഫോഡിനെ പോലും തറപറ്റിച്ചു. സർവ ഗൾഫ്കാരും അക്കാലത്ത് പാട്ടു കേൾക്കാൻ ജപ്പാന്റെ പാനസോണിക്, അകായ് തുടങ്ങിയ സ്റ്റീരിയോകൾ കൊണ്ടുവന്നിരുന്നത് ഓർക്കുക. നടന്നു കൊണ്ട് പാട്ട് കേൾക്കാൻ സോണി വോക്ക്മാൻ. കാൽക്കുലേറ്ററുകളെല്ലാം കാസിയോ...! അങ്ങനെയങ്ങനെ സർവതിലും ജപ്പാൻ. ഫാക്ടറി ഉൽപാദനം ഓവറായി. തൊണ്ണൂറുകളിൽ ഇനി കൂടുതൽ വളരാൻ പറ്റാത്ത സ്ഥിതിയുണ്ടായി. എത്രയെന്നു വച്ച് കയറ്റുമതി ചെയ്യും? വിലയിടിയാൻ തുടങ്ങി. ഡിഫ്ലേഷൻ എന്ന വാക്ക് കേട്ടത് അന്നാണ്. 30 കൊല്ലം കഴിഞ്ഞിട്ടും ജപ്പാന് അതിൽ നിന്ന് ഊരാൻ പറ്റിയിട്ടില്ല. ഈ ദുഃസ്ഥിതിയാണ് ജപ്പാനിഫിക്കേഷൻ! 

അദ്ദാണ് ചൈനയിലും സംഭവിച്ചിരിക്കുന്നത്. ലോകത്തിന്റെ ഫാക്ടറി ഞങ്ങളാണ് എന്നായിരുന്നു ചൈനയുടെ ബഡായി. ഷർട്ടിലെ ബട്ടൺ പോലുള്ള ലൊട്ടുലൊടുക്കുകളും ഐഫോൺ പോലുള്ള അൾട്രാ മോഡേൺ സാധനങ്ങളും ചൈന ഉണ്ടാക്കിത്തള്ളി. പിന്നെ കോവിഡ് പരത്തിവിട്ടു, അന്വേഷണത്തിൽ ചൈന സഹകരിച്ചില്ല. ലോകമാകെ ചൈനയോട് കെറുവിച്ചു. അമേരിക്കയെ വെല്ലാൻ നോക്കിയതോടെ ജിയോപൊളിറ്റിക്സ് കളി തുടങ്ങി. എന്നാൽ പിന്നെ ചൈനയെ വീഴ്ത്തുക തന്നെ. പാശ്ചാത്യ ലോകം ചൈന പ്ലസ് വൺ പോളിസി ഉണ്ടാക്കി– നിർബന്ധമാണെങ്കിൽ മാത്രം ഏത് ഉൽപന്നത്തിനും ചൈനയിൽ ഒരു ഫാക്ടറി ആയിക്കോ, പക്ഷേ വേറൊരിടത്തു കൂടി ഫാക്ടറി വേണം. അതാണ് പ്ലസ് വൺ. അങ്ങനെ ഐഫോൺ ഫാക്ടറികൾ ഇന്ത്യയിൽ വന്നു.

അമേരിക്കയിൽ വിലക്കയറ്റമാണ്– ഇൻഫ്ലേഷൻ. അതത്ര മോശമല്ല ഭായ്, ഉപഭോഗം കൂടുന്നതിന്റെ ലക്ഷണമാണ്. വിലയിടിവോ? ഫാക്ടറികൾ ഉണ്ടാക്കി കൂട്ടിയത് വിൽക്കാനാവാതെ വരുമ്പോഴാണു വിലയിടിയുന്നത്. ഇനിയും വില താഴോട്ടു വരും അപ്പോൾ വാങ്ങാം എന്ന് എല്ലാവരും വിചാരിക്കുന്നു. സാധനങ്ങൾക്ക് ഇറക്കുമതിക്കാർ വരുന്നുമില്ല. ഇനിയും നോക്കിയിരുന്നാൽ ഇൻവെന്ററി നഷ്ടമാവുമോ എന്നു പേടിച്ച് സ്റ്റോക്കിസ്റ്റുകൾ കിട്ടിയ വിലയ്ക്ക് തട്ടുന്നു. ഇത്ര വിലിയിടിവ് മുതലാവാതെ ഫാക്ടറികൾ ഉൽപാദനം കുറയ്ക്കുകയോ പൂട്ടുകയോ ചെയ്യുന്നു. തൊഴിലില്ലായ്മ പെരുകുന്നു. കുരുക്കായി...!

ഒ‌ടുവിലാൻ∙ ചൈനയ്ക്കു പകരം ഇന്ത്യ അന്തംവിട്ട് ഉൽപാദിപ്പിച്ചാലോ? ലക്ഷക്കണക്കിന് ഫാക്ടറികൾ! 140 കോടി ജനം ഫാക്ട‍റി പ്രോഡക്‌ഷനിൽ! ഇതെല്ലാം എവിടെ കൊണ്ടു പോയി വിൽക്കും? ആര് വാങ്ങും? ഇരുട്ടി വെളുക്കും മുൻപേ ജപ്പാനിഫിക്കേഷനാവും!

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com