കാനഡ–ഇന്ത്യ പ്രതിസന്ധി: നിക്ഷേപ–വ്യാപാര അന്തരീക്ഷത്തെ ബാധിച്ചേക്കില്ല
Mail This Article
കാനഡ– ഇന്ത്യ നയതന്ത്ര പ്രശ്നങ്ങൾ ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാര– നിക്ഷേപ കരാറുകളെ ബാധിച്ചേക്കില്ലെന്ന് വിദഗ്ധർ. പരസ്പരം ആവശ്യമുള്ള ഉൽപന്നങ്ങളാണ് ഇന്ത്യയും കാനഡയും തമ്മിലുള്ള വ്യാപാരക്കരാറുകളിൽ ഉൾപ്പെടുന്നത്. അതുകൊണ്ട് ഇപ്പോഴത്തേതുപോലുള്ള പെട്ടെന്നുള്ള രാഷ്ട്രീയ പ്രതിസന്ധികൾ ഇവയെ ബാധിക്കില്ലെന്നും വ്യാപാരബന്ധം നാൾക്കുനാൾ മെച്ചപ്പെടാനുള്ള സാധ്യതകളാണുള്ളതെന്നും ഗ്ലോബൽ ട്രേഡ് റിസർച് ഇൻസ്റ്റിറ്റ്യൂട്ട് സഹസ്ഥാപകൻ അജയ് ശ്രീവാസ്തവ പറഞ്ഞു.
കഴിഞ്ഞ സാമ്പത്തിക വർഷം ഇരുരാജ്യങ്ങളും തമ്മിലുള്ള പരസ്പര വ്യാപാരം 816 കോടി ഡോളറിന്റേതായിരുന്നു. മരുന്നുകൾ, രത്നങ്ങളും സ്വർണാഭരണങ്ങളും, തുണിത്തരങ്ങൾ, യന്ത്രസാമഗ്രികൾ എന്നിവയാണ് ഇന്ത്യ കയറ്റുമതി ചെയ്യുന്നത്. അതേസമയം, പരിപ്പുവർഗങ്ങൾ, തടി ഉൽപന്നങ്ങൾ, പേപ്പർ, പൾപ്, ഖനി ഉൽപന്നങ്ങൾ എന്നിവയാണ് ഇറക്കുമതി. 2022ൽ കാനഡയുടെ പത്താമത്തെ വലിയ വ്യാപാര പങ്കാളിയായിരുന്നു ഇന്ത്യ.
രാഷ്ട്രീയ പ്രശ്നങ്ങൾ വ്യാവസായിക കരാറുകളെ ബാധിക്കാറില്ലെന്നും വിദഗ്ധർ പറയുന്നു. ചൈന–ഇന്ത്യ പ്രശ്നങ്ങൾക്കിടയിലും വ്യാപാരക്കരാറുകൾ ആരോഗ്യകരമായി മുന്നോട്ടുപോകുന്നുണ്ട്. വിദ്യാഭ്യാസ മേഖലയിലും ഇരുരാജ്യങ്ങളും തമ്മിൽ ശക്തമായ പങ്കാളിത്തമുണ്ട്. 200ൽ ഏറെ സ്ഥാപനങ്ങളുമായി പങ്കാളിത്തമുണ്ട്. ജിടിആർഐയുടെ കണക്കുപ്രകാരം 3,19,000 ഇന്ത്യൻ വിദ്യാർഥികളാണ് കാനഡയിലെ സ്ഥാപനങ്ങളിൽ എൻറോൾ ചെയ്തിട്ടുള്ളത്. കനേഡിയൻ ബ്യൂറോ ഓഫ് ഇന്റർനാഷനൽ എജ്യുക്കേഷന്റെ കണക്കുപ്രകാരം 2021 ൽ കാനഡയുടെ ജിഡിപിയിൽ 490 കോടി ഡോളർ സംഭാവന ചെയ്തത് ഇന്ത്യൻ വിദ്യാർഥികളാണ്.
ഓഹരി വിപണിയിൽ?
നയതന്ത്ര ബന്ധത്തിൽ വലിയ ഉലച്ചിലുകൾ ഉണ്ടായ ഇന്നലെ ഓഹരി വിപണി അവധിയായതിനാൽ വിഷയം ഇന്ന് വിപണിയെ എങ്ങനെ ബാധിക്കുമെന്നാണ് നിക്ഷേപകർ ഉറ്റുനോക്കുന്നത്. കനേഡിയൻ പെൻഷൻ ഫണ്ടുകൾക്ക് ഇന്ത്യയിൽ വൻതോതിൽ നിക്ഷേപമുണ്ട്. അതേസമയം ഇന്ത്യൻ ഓഹരി വിപണിയിൽ നിന്ന് മികച്ച ലാഭം ലഭിക്കുന്നതിനാൽ പെൻഷൻ ഫണ്ടുകളുടെ നിക്ഷേപം തുടരുമെന്നു തന്നെയാണ് വിദഗ്ധാഭിപ്രായം. മറ്റ് വിപണികളെക്കാൾ മികച്ച പ്രകടനമാണ് ഇന്ത്യൻ ഓഹരി വിപണികൾ ഇപ്പോൾ നടത്തുന്നത്.
കഴിഞ്ഞ വർഷം അവസാനത്തോടെ 4500 കോടി ഡോളറിന്റെ നിക്ഷേപം കാനഡ വിപണിയിൽ നടത്തിയിരുന്നു. കാനഡ ലോകരാജ്യങ്ങളിൽ നടത്തിയിട്ടുള്ള നാലാമത്തെ വലിയ നേരിട്ടുള്ള (എഫ്ഡിഐ) നിക്ഷേപമാണിത്. ഇൻഫ്രാസ്ട്രക്ചർ, പുനരുപയോഗ ഊർജം, ഐടി, ഫിനാൻഷ്യൽ സർവീസസ് എന്നീ മേഖലകളിലാണ് പെൻഷൻ ഫണ്ടുകൾ കൂടുതലായി നിക്ഷേപിച്ചിരിക്കുന്നത്.
India Canada tensions may not affect Investment and Trade sectors