ADVERTISEMENT

കൊച്ചി∙ വിനോദ സഞ്ചാരികൾക്ക് നിപ്പയെ പ്രതിയുള്ള സംശയം മാറിയ പോലെ. ആഭ്യന്തര സഞ്ചാരികളുടെ ബുക്കിങ് റദ്ദാക്കലുകൾ വളരെ കുറയുകയോ കഴിഞ്ഞ 3 ദിവസത്തിനിടെ നിലയ്ക്കുകയോ ചെയ്തു. നിപ്പയെക്കുറിച്ചുള്ള ആശങ്കാകുലമായ അന്വേഷണങ്ങളിലും കുറവുണ്ട്. വിദേശ സഞ്ചാരികളിൽ നിന്ന് നവംബർ, ഡിസംബർ, ജനുവരി സീസൺ കാലത്ത് ഇതുവരെ കാര്യമായ റദ്ദാക്കലുകളില്ല.

കേരള ടൂറിസത്തെക്കുറിച്ച് ഓൺലൈനിൽ ശക്തമായ പ്രചാരണവും സർക്കാർ ആരംഭിച്ചിട്ടുണ്ട്. ഒക്ടോബറിലെ പൂജാ അവധി ദിനങ്ങളിലും നവംബറിലെ ദീപാവലി അവധി ദിനങ്ങളിലും ഉത്തരേന്ത്യയിൽ നിന്ന് പതിവുപോലെ ലഭിച്ചിട്ടുള്ള ബുക്കിങ്ങുകൾക്ക് ഇതുവരെയും ഇടിവുണ്ടായിട്ടില്ല. ആർക്കെങ്കിലും സംശയം ബാക്കിയുണ്ടെങ്കിൽ മാറ്റുന്നതിനാണ് ഓൺലൈൻ പ്രചാരണം.

ഒരു വിഭാഗം ഉത്തരേന്ത്യൻ മാധ്യമങ്ങളും ടൂറിസം ലോബിയും കേരളത്തെക്കുറിച്ച് നെഗറ്റീവ് പ്രചാരണം നടത്തിയിരുന്നു. എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും അതിർത്തികളും അടച്ചുവെന്നുമാണ് പ്രചരിപ്പിച്ചത്. പൂജ, ദീപാവലി അവധിക്കാല സഞ്ചാരികളെ ഡൽഹി, ആഗ്ര, ജയ്പുർ റൂട്ടുകളിലേക്ക് ആകർഷിക്കുകയാണ് ഉത്തരേന്ത്യൻ ലോബിയുടെ ലക്ഷ്യം.

കോഴിക്കോട്ടെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് 24 വരെ അവധി നൽകിയതല്ലാതെ മറ്റൊന്നുമില്ല. സാമൂഹിക മാധ്യമങ്ങളിൽ വ്യാജപ്രചാരണം നടത്തിയതിനെ ഒരാൾക്കെതിരെ കേസെടുക്കുകയും ചെയ്തു. പോസിറ്റീവ് പ്രചാരണത്തിനു ഫലമുണ്ടായി. കേരളത്തിലേക്ക് യാത്ര പോകുന്നത് സുരക്ഷിതമാണോ എന്ന് ഗൂഗിൾ ചെയ്തു നോക്കിയാൽ തികച്ചും സുരക്ഷിതം എന്ന മറുപടിയാണു കിട്ടുന്നത്. ഒരു രാജ്യവും കേരളത്തിലേക്കു പോകുന്നതിനെതിരെ ട്രാവൽ ഉപദേശം നൽകിയിട്ടുമില്ല. അത്തരം ഇമെയിൽ അന്വേഷണങ്ങളും ഇപ്പോൾ കുറഞ്ഞിട്ടുണ്ട്. എന്നാൽ 22 മുതൽ നടക്കേണ്ടിയിരുന്ന മലബാർ ടൂറിസം യോഗം (എംടിഎം) മാറ്റിയത് മറ്റു സംസ്ഥാനങ്ങളിൽ നിന്നുള്ള അനേകം ടൂർ ഓപ്പറേറ്റർമാരിൽ നിന്ന് ചോദ്യങ്ങളുയർത്തി.

നിപ്പ വയനാട് ടൂറിസത്തെയാണു കാര്യമായി ബാധിച്ചത്. പ്രത്യേകിച്ച് കർണാടക–തമിഴ്നാട് സഞ്ചാരികളിൽ നിന്ന്. പക്ഷേ ഭൂരിപക്ഷം സഞ്ചാരികളും കൊച്ചിക്കും തിരുവനന്തപുരത്തിനും ഇടയിലുള്ള സ്ഥലങ്ങളിലാണെത്തുന്നത്. കൊച്ചിയിൽ തുടങ്ങി ആലപ്പുഴ, മൂന്നാർ തിരികെ കൊച്ചി, അല്ലെങ്കിൽ തിരുവനന്തപുരം എന്നിങ്ങനെയും തിരിച്ചുമുള്ള പാക്കേജുകൾക്ക് യാതൊരു മാറ്റവുമില്ലെന്ന് ടൂർ ഓപ്പറേറ്റർമാർ സാക്ഷ്യപ്പെടുത്തുന്നു.

Content Highlight: Nipah scare in the tourism sector is decreasing

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com