ADVERTISEMENT

ലണ്ടൻ∙ യുഎസ് ഫെഡ് റിസർവിനു പിന്നാലെ തുടർച്ചയായ പലിശ നിരക്കു വർധനയിൽ ഇടവേളയെടുത്ത് ബാങ്ക് ഓഫ് ഇംഗ്ലണ്ടും. വിലക്കയറ്റം കുറയുന്നതിന്റെ പശ്ചാത്തലത്തിലാണ് നിരക്കിൽ മാറ്റം വേണ്ടെന്ന തീരുമാനം. ഏകദേശം രണ്ടു വർഷമായി പലിശ നിരക്ക് തുടർച്ചയായി വർധിപ്പിച്ചുകൊണ്ടിരിക്കുകയായിരുന്നു. നിലവിലെ നിരക്ക് 15 വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന നിലവാരമായ 5.25 ശതമാനമാണ്. ഒൻപതംഗ പണനയ സമിതിയിൽ നാലുപേർ നിരക്കു വർധന വേണമെന്നു വാദിച്ചു. അതേസമയം, ബുധനാഴ്ച പുറത്തുവന്ന കണക്കനുസരിച്ച് യുകെയിലെ വിലക്കയറ്റം ഓഗസ്റ്റിൽ അപ്രതീക്ഷിതമായി 6.7 ശതമാനത്തിലേക്കു കുറഞ്ഞു. 

7 ശതമാനമാണ് സാമ്പത്തിക വിദഗ്ധർ പ്രവചിച്ചിരുന്നത്. 2022 ഫെബ്രുവരിയിൽ യുക്രെയ്ൻ യുദ്ധം തുടങ്ങിയശേഷം ഇത്രയും കുറഞ്ഞ നിരക്ക് ആദ്യമാണ്.  ലോകമാകെയുള്ള പ്രധാന കേന്ദ്രബാങ്കുകൾ പലിശ നിരക്കുകൾ തൽക്കാലം വർധിപ്പിക്കേണ്ട എന്ന നിലപാടിലാണ്. യുഎസ് ഫെഡ്റിസർവിന്റെ കഴിഞ്ഞ ദിവസത്തെ യോഗവും പലിശ നിരക്ക് കൂട്ടേണ്ട എന്ന് തീരുമാനിച്ചിരുന്നു. കഴിഞ്ഞ മൂന്നു യോഗങ്ങളിൽ രണ്ടാം തവണയാണ് നിരക്ക് മാറ്റാതിരിക്കുന്നത്. നിലവിൽ 22 വർഷത്തെ ഉയർന്ന നിലവാരമായ 5.25–5.50 ശതമാനത്തിലാണ് യുഎസിലെ പലിശ നിരക്ക്. അതേസമയം, ഈ വർഷം പലിശ കാൽ ശതമാനം കൂടി കൂട്ടുമെന്ന സൂചനയും നൽകി. 

2024ലും പലിശ ഉയർന്നു തന്നെ നിൽക്കാനാണ് സാധ്യത. 2024ൽ രണ്ടു തവണ മാത്രമാണ് പലിശ കുറയ്ക്കാൻ സാധ്യതയെന്നും വിലയിരുത്തുന്നു. നാലു തവണ കുറയ്ക്കുമെന്നായിരുന്നു ജൂണിലെ അനുമാനം. അത്ര എളുപ്പമല്ലെങ്കിലും, വിലക്കയറ്റം സഹനപരിധിയായ 2 ശതമാനത്തിലേക്ക് എത്തിക്കാനാകുമെന്ന പ്രതീക്ഷയും ഫെഡ് റിസർവ് പങ്കുവച്ചു. 2022 മാർച്ച് മുതൽ ഇതുവരെ 11 തവണ ഫെഡ് റിസർവ് പലിശ നിരക്ക് കൂട്ടിയിരുന്നു. കഴിഞ്ഞ മാസം യുഎസിലെ വിലക്കയറ്റത്തോത് 3.7 ശതമാനത്തിലാണ്.

2022 ജൂണിലാണ് ഏറ്റവും ഉയർന്ന നിരക്ക് രേഖപ്പെടുത്തിയിരുന്നത്; 9.1%. സ്വിസ് നാഷനൽ ബാങ്കും നിരക്ക് വർധന വേണ്ടെന്നു വച്ചപ്പോൾ, സ്വീഡൻ, നോർവേ‍ എന്നിവിടങ്ങളിലെ കേന്ദ്രബാങ്കുകൾ പലിശ കാൽശതമാനം വീതം കൂട്ടി. കഴിഞ്ഞയാഴ്ച നിരക്കു വർധന പ്രഖ്യാപിച്ച യൂറോപ്യൻ സെൻട്രൽ ബാങ്ക് അത് അവസാനത്തേതായിരിക്കുമെന്ന് സൂചിപ്പിച്ചിരുന്നു. ബാങ്ക് ഓഫ് ജപ്പാന്റെ യോഗം ഇന്നാണ്. നിരക്കു കൂട്ടാനുള്ള സമ്മർദം ബാങ്കിനുമേൽ കുറവാണ്.

ലോകമാകെ നിലതെറ്റി ഓഹരിവിപണികൾ

ഫെഡ് റിസർവ് ഈ വർഷം പലിശ ഒരു തവണ കൂടി കൂട്ടിയേക്കുമെന്ന സൂചന ലോകമാകെയുള്ള ഓഹരിവിപണികളെ പ്രതികൂലമായി ബാധിച്ചു. അടുത്ത വർഷവും പലിശ ഉയർന്നു നിൽക്കുമെന്ന സൂചനയും വിപണികളെ പിന്നോട്ടടിക്കുന്നു. ഏഷ്യ, യൂറോപ്പ്, യുഎസ് വിപണികളെല്ലാം നഷ്ടത്തിലായിരുന്നു.  തുടർച്ചയായ മൂന്നാം ദിനവും ഇന്ത്യൻ ഓഹരിവിപണിയിൽ ഇടിവു നേരിട്ടു. നിക്ഷേപകരുടെ ആസ്തി മൂല്യത്തിലുണ്ടായ കുറവ് 5.50 ലക്ഷം കോടി രൂപയാണ്. 

സെൻസെക്സ് 570.60 പോയിന്റ് കുറഞ്ഞ് 66,230.24 ലാണ് ക്ലോസ് ചെയ്തത്. മൂന്നു ദിവസംകൊണ്ട് സെൻസെക്സിന് നഷ്ടമായത് 1608.39 പോയിന്റ്. വിദേശ ധനസ്ഥാപനങ്ങൾ ഓഹരികൾ വിറ്റഴിക്കുന്നതും, ഡോളർ ശക്തിപ്രാപിക്കുന്നതും, അസംസ്കൃത എണ്ണ വില കൂടുന്നതും ഇന്ത്യൻ വിപണിക്കു ക്ഷീണമാകുന്നുണ്ട്. ബുധനാഴ്ച മാത്രം വിദേശ ധനസ്ഥാപനങ്ങൾ 3,110.69 കോടി രൂപയുടെ ഓഹരികളാണ് ഇന്ത്യൻ വിപണിയിൽനിന്ന് വിറ്റൊഴിഞ്ഞത്. 

Content Highlight: Central Banks pauses interest rate hikes

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT