ADVERTISEMENT

നെടുമ്പാശേരി ∙ വികസന ചരിത്രത്തിൽ പുതിയൊരധ്യായം കൂടി കുറിച്ച് കൊച്ചി രാജ്യാന്തര വിമാനത്താവള കമ്പനി (സിയാൽ). അടിസ്ഥാന സൗകര്യ വികസനം ലക്ഷ്യമിട്ടുള്ള 7 പുതിയ പദ്ധതികൾ‌ക്ക് ഗാന്ധിജയന്തി ദിനത്തിൽ തുടക്കമാകും.ഇംപോർട്ട് കാർഗോ ടെർമിനൽ, ഡിജി യാത്ര, എയർപോർട്ട് എമർജൻസി സർവീസ് എന്നിവയുടെയും രാജ്യാന്തര ടെർമിനൽ (ടി 3) വികസനം, എയ്‌റോ ലോഞ്ച്, ഗോൾഫ് ടൂറിസം, ഇലക്ട്രോണിക് സുരക്ഷാ വലയം എന്നിവയുടെ നിർമാണ പ്രവർത്തനങ്ങളുടെയും ഉദ്ഘാടനം മുഖ്യമന്ത്രി നിർവഹിക്കും.

ഇംപോർട്ട് കാർഗോ ടെർമിനൽ

പദ്ധതിയിലൂടെ പ്രതിവർഷം കൈകാര്യം ചെയ്യാനാകുന്ന കാർഗോ 2 ലക്ഷം മെട്രിക് ടൺ ആയി ഉയരും. നിലവിൽ ഉപയോഗിക്കുന്ന കാർഗോ കേന്ദ്രം മുഴുവൻ കയറ്റുമതി വിഭാഗത്തിനായി ലഭ്യമാക്കും. ഇതു കേരളത്തിന്റെ കാർഷിക മേഖലയ്ക്ക് ഉത്തേജനമേകും.

ഡിജിയാത്ര

പുറപ്പെടൽ പ്രക്രിയ, ആധുനിക ഡിജിറ്റൽ സാങ്കേതിക വിദ്യയുടെ സഹായത്തോടെ കൂടുതൽ കാര്യക്ഷമവും സുഗമമാക്കുന്ന സംവിധാനമാണ് ഡിജിയാത്ര.  സോഫ്റ്റ്‌വെയർ രൂപകൽപന ചെയ്തത് സിയാലിന്റെ ഐടി വിഭാഗമാണ്.

എമർജൻസി സർവീസ്

വിമാനത്താവള അഗ്‌നിശമന സേനയെ എയർപോർട്ട് എമർജൻസി സർവീസ് എന്ന നിലയിലേക്ക് ആധുനികവൽക്കരിക്കുന്ന പദ്ധതി. അടിയന്തരാവശ്യങ്ങൾക്കുപയോഗിക്കുന്ന വാഹന വ്യൂഹത്തിലേക്ക് 2 ഓസ്ട്രിയൻ നിർമിത ഫയർ എൻജിനുകളും എത്തുന്നു.

രാജ്യാന്തര ടെർമിനൽ വികസനം

ആദ്യ ഘട്ട വികസനത്തിന്റെ ഭാഗമായി നിലവിലെ രാജ്യാന്തര ടെർമിനലിന്റെ വടക്ക് ഭാഗത്തു കൂടി പുതിയ ഏപ്രൺ വരും. 15 ലക്ഷം ചതുരശ്രയടി വിസ്തീർണത്തിലാണിത്. 8 പുതിയ എയ്‌റോബ്രിജുകൾ ഇവിടെയുണ്ടാകും. പാർക്കിങ് ബേകളുടെ എണ്ണം 44 ആകും.

എയ്റോ ലോഞ്ച്

ആഭ്യന്തര ടെർമിനലിനു സമീപം നിർമിക്കുന്ന ആഡംബര ലോഞ്ച് ആഭ്യന്തര, രാജ്യാന്തര ടെർമിനലുകളിലെയും ജെറ്റ് ടെർമിനലിലെയും യാത്രക്കാർക്ക് ഉപയോഗിക്കാം. 42 ആഡംബര അതിഥി മുറികൾ, റസ്റ്ററന്റ്, മിനി കോൺഫറൻസ് ഹാൾ, ബോർഡ് റൂം, ജിം, സ്പാ എന്നിവയുണ്ടാകും. രാജ്യത്തെ ഏറ്റവും വലിയ വിമാനത്താവള ലോഞ്ചായി ഇത് മാറും.

ഇലക്ട്രോണിക് സുരക്ഷാ വലയം

ഓപ്പറേഷനൽ മേഖലയുടെ സുരക്ഷ വർധിപ്പിക്കുന്നതിനാണ് അത്യാധുനിക ഇലക്ട്രോണിക് സുരക്ഷാ വലയം ‘പെരിമീറ്റർ ഇൻട്രൂഷൻ ഡിറ്റക്‌ഷൻ സിസ്റ്റം’ (പിഐഡിഎസ്) സ്ഥാപിക്കുന്നത്. 12 കിലോമീറ്റർ വൈദ്യുതവേലി, ഫൈബർ ഒപ്റ്റിക് വൈബ്രേഷൻ സെൻസർ, തെർമൽ ക്യാമറകൾ എന്നിവ സ്ഥാപിച്ച് കൺട്രോൾ റൂമുമായി ബന്ധപ്പെടുത്തും.

ഗോൾഫ് ടൂറിസം പദ്ധതി

കേരളത്തിലെ ഏക 18 ഹോൾ ഗോൾഫ് കോഴ്സ് ആയ സിയാൽ ഗോൾഫ് കോഴ്സിൽ  വാട്ടർഫ്രണ്ട് കോട്ടേജുകൾ, പാർട്ടി, കോൺഫറൻസ് ഹാളുകൾ, സ്പോർട്സ് സെന്റർ തുടങ്ങിയവ നിർമിക്കും.

പുതിയ പദ്ധതികൾ സിയാലിന്റെ വികസന യാത്രയിലെ പുതു യുഗമാണ്. യാത്രക്കാരുടെ വർധിച്ചു വരുന്ന ആവശ്യങ്ങൾ നിറവേറ്റുക എന്നതിലുപരി അടിസ്ഥാന വികസന പ്രവർത്തനങ്ങൾക്കു കൂടി ഊന്നൽ നൽകുന്ന പദ്ധതികളാണിവ – എസ്.സുഹാസ് (മാനേജിങ് ഡയറക്ടർ, സിയാൽ).

ഓഹരി ഉടമകൾക്ക് 35% ലാഭവിഹിതം

നെടുമ്പാശേരി ∙ ഓഹരി ഉടമകൾക്ക് 35% ലാഭവിഹിതം നൽകാൻ സിയാൽ (കൊച്ചി രാജ്യാന്തര വിമാനത്താവള കമ്പനി) വാർഷിക പൊതു യോഗം തീരുമാനിച്ചു. 167.38 കോടി രൂപ ഇതിനായി ചെലവഴിക്കും. കമ്പനിയുടെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന വരുമാനവും ലാഭമാണ് ഇക്കഴിഞ്ഞ സാമ്പത്തിക വർഷം നേടിയത്. 770.9 കോടി രൂപയാണു മൊത്തം വരുമാനം. അറ്റാദായം 265.08 കോടി.

രജത ജൂബിലി വർഷത്തിൽ 1000 കോടി രൂപ വരുമാനം ലക്ഷ്യമിട്ടുള്ള പദ്ധതികളാണു സിയാൽ നടപ്പാക്കുന്നതെന്നു കമ്പനി ചെയർമാൻ കൂടിയായ മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. അവകാശ ഓഹരി വിതരണത്തിലൂടെ 478.22 കോടി രൂപ സിയാൽ സമാഹരിച്ചു. കമ്പനിയിൽ സംസ്ഥാന സർക്കാരിന്റെ ഓഹരി വിഹിതം 33.38 ശതമാനമായി ഉയർന്നു.

Content Highlight: CIAL to unveil seven mega projects in infra development

മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ഓൺലൈനായി ചേർന്ന യോഗത്തിൽ, മന്ത്രിമാരായ പി.രാജീവ്, കെ.രാജൻ, സിയാൽ എംഡി എസ്.സുഹാസ്, ഡയറക്ടർമാരായ ഇ.കെ.ഭരത് ഭൂഷൺ, അരുണ സുന്ദരരാജൻ, എൻ.വി.ജോർജ്, ഇ.എം.ബാബു, പി.മുഹമ്മദലി, കമ്പനി സെക്രട്ടറി സജി കെ.ജോർജ് തുടങ്ങിയവർ പങ്കെടുത്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com