ലോകത്തിലെ ഏറ്റവും നീളം കൂടിയ ഫാക്ടറിക്ക് തെലങ്കാനയിൽ തറക്കല്ലിട്ട് കിറ്റെക്സ്
Mail This Article
കിഴക്കമ്പലം∙ കിറ്റെക്സ് ഗ്രൂപ്പ് ലോകത്തിലെ ഏറ്റവും നീളം കൂടിയ ഫാക്ടറിക്ക് തെലങ്കാനയിൽ തറക്കല്ലിട്ടു. വ്യവസായ മന്ത്രി കെ.ടി.രാമറാവു പുതിയ ഫാക്ടറിയുടെ ശിലാസ്ഥാപനം നിർവഹിച്ചു.
രംഗറെഡ്ഡി ജില്ലയിലെ സീതാരാംപൂരിൽ 1.2 കിലോമീറ്റർ വീതം നീളമുള്ള മൂന്നു ഫാക്ടറികൾ അടങ്ങുന്ന മൊത്തം 3 .6 കിലോമീറ്റർ നീളമുള്ള ഫൈബർ-ടു-അപ്പാരൽ നിർമാണ കേന്ദ്രമാണ് ഒരുക്കുന്നത്. 250 ഏക്കർ വിസ്തൃതിയുള്ള ക്യാംപസിൽ 3 .6 കിലോമീറ്റർ നീളമുള്ള ഫാക്ടറിക്ക് മറ്റു സൗകര്യങ്ങൾ ഉൾപ്പെടെ 4.5 ദശലക്ഷം ചതുരശ്ര അടി വിസ്തീർണം വരുമെന്ന് കിറ്റെക്സ് ഗ്രൂപ്പ് മാനേജിങ് ഡയറക്ടർ സാബു എം.ജേക്കബ് പറഞ്ഞു. വാറങ്കലിലെ കാക്കാത്തിയ ടെക്സ്റ്റൈൽ പാർക്കിൽ കഴിഞ്ഞ വർഷം പ്രവർത്തനം ആരംഭിച്ച കിറ്റെക്സിന്റെ ആദ്യഘട്ട ഫാക്ടറി ഡിസംബറിൽ പൂർണമായി പ്രവർത്തന സജ്ജമാകും.
വാറങ്കലിലെയും സീതാറാംപൂരിലെയും ഫാക്ടറികളിൽ രണ്ടു ഘട്ടങ്ങളായി ഏകദേശം അൻപതിനായിരം തൊഴിലവസരങ്ങളുണ്ടാകും .ഇതിൽ 80 ശതമാനവും സ്ത്രീകൾക്കാണ് ലഭ്യമാവുക.
ചടങ്ങിൽ മൈൻസ് ആൻഡ് ജിയോളജി വകുപ്പ് മന്ത്രി മഹീന്ദർ റെഡ്‌ഡി, രഞ്ജിത് റെഡ്‌ഡി എംപി, യാദയ്യ എംഎൽഎ, പ്രിൻസിപ്പൽ സെക്രട്ടറി ജയേഷ് രഞ്ജൻ, വാണിജ്യ വ്യവസായ വകുപ്പ് ഡയറക്ടർ കൃഷ്ണ പ്രഭാകർ , തെലങ്കാന സ്റ്റേറ്റ് ഇൻഡസ്ട്രിയൽ ഇൻഫ്രാസ്ട്രക്ചർ കോർപറേഷൻ എംഡി ഇ.വി.നരസിംഹ റെഡ്‌ഡി , ഹാൻഡ്‌ലൂം ആൻഡ് ടെക്സ്റ്റൈൽസ് ഡയറക്ടർ അളഗു വർഷിണി , കലക്ടർ ഡോ.എസ്.ഹാരിഷ് എന്നിവർ പ്രസംഗിച്ചു.
Content Highlight: Kitex to start world's longest factory in Hyderabad