Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

തടിയൻമാരെ നിലത്തിറക്കി എയർ ഇന്ത്യ

overweight

ന്യൂഡൽഹി ∙ ഭാരം കൂടിയ കാബിൻ സ്റ്റാഫിന് എയർ ഇന്ത്യയിൽ ആകാശത്തു ഡ്യൂട്ടിയില്ല. എയർ ഹോസ്റ്റസുമാർ ഉൾപ്പെടെ കൂടുതൽ ഭാരമുള്ള 57 പേരെയാണ് എയർ ഇന്ത്യ താൽക്കാലികമായി ഗ്രൗണ്ട് ഡ്യൂട്ടികളിലേക്കു മാറ്റിയത്. നിശ്ചിത സമയത്തിനുള്ളിൽ തടി കുറച്ച് ഷേയ്പ് ആയാൽ തിരിച്ച് പറക്കൽ ഡ്യൂട്ടിയിൽ പ്രവേശിക്കാം. ഇല്ലെങ്കിൽ താഴെയുള്ള ജോലികൾ ചെയ്താൽ മതിയെന്നാണു നിർദേശം.

എയർ ഇന്ത്യയ്ക്കു 3,800 കാബിൻ ക്രൂ അംഗങ്ങളാണുള്ളത്. ഇതിൽ 2500 പേർ സ്ത്രീകളാണ്. 2200 പേരാണ് സ്ഥിരം ജീവനക്കാർ. ഏവിയേഷൻ റഗുലേറ്ററുടെ നിയമങ്ങൾ പ്രകാരം കാബിൻ ക്രൂ അംഗങ്ങൾക്ക് ഡോക്ടർമാർ സമയബന്ധിത പരിശോധന നടത്തി ഫിറ്റ് ആണോ എന്നു പ്രഖ്യാപിക്കേണ്ടതുണ്ട്.

താൽക്കാലികമായി ഫിറ്റ് അല്ലാതിരിക്കുന്നവർക്ക് തിരികെ ഫിറ്റ്നെസ് വീണ്ടെടുക്കാൻ സമയം നൽകുകയാണു പതിവ്. കഴിഞ്ഞ ഒന്നര വർഷത്തിനിടെ ഇതു രണ്ടാം തവണയാണ് തടി കൂടിയതിനു കുറെ പേരെ താഴെയിറക്കുന്നത്.

ശരീരത്തിന്റെ ഉയരം, ഭാരം, കൊഴുപ്പിന്റെ അളവ് എന്നിവ കണക്കാക്കി നിശ്ചയിക്കുന്ന ബോഡി മാസ് ഇൻഡക്സ്(ബിഎംഐ) ആണ് പറക്കൽ ഡ്യൂട്ടിക്കു കണക്കാക്കുന്ന മാനദണ്ഡം. മൂന്നു മാസമാണ് ഫിറ്റ്നെസ് വീണ്ടെടുക്കാൻ അനുവദിക്കുക. താൽക്കാലികമായ അയോഗ്യത വരുന്നയാൾക്ക് പരമാവധി 19 മാസം വരെ പറക്കൽ ഡ്യൂട്ടിയിൽ തുടരാം. ഇതിനകം ഫിറ്റ്നെസ് വീണ്ടെടുത്തില്ലെങ്കിൽ സ്ഥിരമായി ഈ ഡ്യൂട്ടിയിൽനിന്നു നീക്കും.

Your Rating: