ഇന്ത്യയിൽ ഐഫോൺ നിർമാണം: രൂപരേഖയുമായി ആപ്പിൾ

ന്യൂഡൽഹി ∙ ഇന്ത്യയിൽ ഐ ഫോണുകൾ ഉൽപാദിപ്പിക്കുന്നതിന് യൂണിറ്റ് സ്ഥാപിക്കാൻ ആപ്പിൾ.ഇതിനാവശ്യമായ രൂപരേഖ തയാറായതായി ആപ്പിൾ കമ്പനി സർക്കാരിനെ അറിയിച്ചു. എന്നാൽ നികുതി ഇളവുകൾ‌ നൽകണമെന്നാണ് കമ്പനിയുടെ ആവശ്യം. ഇറക്കുമതി നടത്തുന്ന ഉൽപന്നങ്ങളെ കസ്റ്റംസ് തീരുവയിൽനിന്ന് ഒഴിവാക്കണമെന്നും കമ്പനി ആവശ്യപ്പെട്ടു.

ഉൽപാദന യൂണിറ്റ് സ്ഥാപിക്കുന്നതു സംബന്ധിച്ച് ഐഫോൺ ഓപ്പറേഷൻസ് ആഗോള വൈസ് പ്രസിഡന്റ് പ്രിയ ബാലസുബ്രഹ്മണ്യൻ ഉൾപ്പെടുന്ന മുതിർന്ന ഉദ്യോഗസ്ഥർ അവതരണം നടത്തി. ഐ ഫോണുകളുടെ മികച്ച വിപണിയായി ഇന്ത്യ മാറുന്ന സാഹചര്യത്തിലാണ് ഉൽപാദന യൂണിറ്റ് ആരംഭിക്കാൻ ആപ്പിൾ പദ്ധതി തയാറാക്കുന്നത്.ആപ്പിൾ ഉൽപന്നങ്ങളുടെ ഉൽപാദന ഹബാക്കി ഇന്ത്യയെ മാറ്റാനും കമ്പനിക്ക് ആലോചനയുണ്ട്.