Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ജിയോ ഇപ്പോഴത്തെപ്പോലെ ഉപയോഗിക്കാം; മാസം 303 രൂപ നൽകിയാൽ

INDIA TELCO

കൊച്ചി ∙ 170 ദിവസത്തിനുള്ളിൽ 10 കോടി വരിക്കാരെ നേടിയ റിലയൻസ് ജിയോ ഇൻഫോകോം, നിലവിൽ സൗജന്യമായി നൽകുന്ന ഡേറ്റ അടക്കമുള്ള സേവനങ്ങൾ പ്രതിമാസം 303 രൂപയ്ക്കു 2018 മാർച്ച് 31 വരെ നൽകുമെന്നു പ്രഖ്യാപിച്ചു. നിലവിലെ വരിക്കാരും അടുത്ത മാസം 31വരെ വരിക്കാരാകുന്നവരും 99 രൂപ നൽകി ‘ജിയോ പ്രൈം മെംബർഷിപ്’ എടുത്താൽ ഈ ആനുകൂല്യം നേടാം.

ഏപ്രിൽ ഒന്നു മുതൽ നിലവിൽ വരുന്ന മറ്റു താരിഫ് പാക്കേജുകൾ, മറ്റു ടെലികോം കമ്പനികളുടേതുമായി താരതമ്യപ്പെടുത്താവുന്നതും എന്നാൽ 20% ഡേറ്റ അധികം നൽകുന്നതും ആയിരിക്കുമെന്നു ചെയർമാൻ മുകേഷ് അംബാനി പറഞ്ഞു.

എസ്ടിഡിയും റോമിങ്ങും അടക്കമുള്ള വോയ്സ് കോൾ സൗജന്യമായിരിക്കുമെന്നും അംബാനി പറ‍ഞ്ഞു. അടുത്ത മാസം മൈ ജിയോ വെബ് സൈറ്റിലൂടെയാണു മെംബർഷിപ്പ് പ്രോഗ്രാമിൽ ചേരാനാവുക. ചേരുന്നവർക്ക് 10000 രൂപ വാർഷിക വരിസംഖ്യവരുന്ന മൈ ജിയോ മീഡിയ പാക്കേജ് (ലൈവ് ടിവി, മ്യൂസിക് തുടങ്ങിയവയടങ്ങുന്നത്) സൗജന്യമായി ലഭിക്കും.

ഓരോ സെക്കൻഡിലും ഏഴു വരിക്കാരെ വീതം ചേർത്താണ് 170 ദിവസത്തിനുള്ളിൽ 10 കോടി എന്ന ലക്ഷ്യത്തിലേക്ക് ജിയോ എത്തിച്ചേർന്നതെന്ന് അംബാനി പറഞ്ഞു. രാജ്യത്തെ 4ജി സ്മാർട്ഫോണുകളിലെ സിം സ്ലോട്ടുകളിൽ ഭൂരിഭാഗവും ജിയോ സിം ഉപയോഗിക്കുന്നതിലേക്ക് എത്തിയതു കൂടാതെ 3ജി, 4ജി ഫോൺ ഉപയോഗിക്കുന്നവർക്ക് ജിയോ ഫൈ എന്ന വൈഫൈ ഉപകരണത്തിന്റെ സഹായത്തോടെ 4ജി ഡേറ്റ, വോയ്സ് സംവിധാനങ്ങൾ ലഭ്യമാക്കിയതും ജിയോയ്ക്കു നേട്ടമായി.

മൊബൈൽ നമ്പരിൽ മാറ്റമില്ലാതെ ജിയോ സിം ഉപയോഗിക്കാൻ കഴിയുന്ന മൊബൈൽ നമ്പർ പോർട്ടബിലിറ്റി സംവിധാനം ഉപയോഗപ്പെടുത്തി ലക്ഷക്കണക്കിനു ഉപഭോക്താക്കൾ ജിയോയിലേക്കു മാറിയെന്നും അംബാനി പറഞ്ഞു.

related stories
Your Rating: