Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

50,000 കോടിയുടെ വികസന പദ്ധതി: കിഫ്ബി വഴി നടപ്പാക്കിയാൽ സർക്കാർ ബാധ്യത 94,118 കോടി

Kerala Infrastructure Investment Fund Board- KIIFB Logo

തിരുവനന്തപുരം∙ അഞ്ചു വർഷം കൊണ്ടു സംസ്ഥാനത്ത് 50,000 കോടി രൂപയുടെ വികസന പദ്ധതികൾ കിഫ്ബി വഴി നടപ്പാക്കിയാൽ സർക്കാരിനു ബാധ്യതയായി വരുന്നതു 94,118 കോടി രൂപയാണെന്നു ധനമന്ത്രി തോമസ് ഐസക്. 9.5% പലിശയ്ക്കാണു പണം വായ്പയായി ലഭിക്കുക.

ആദ്യ മൂന്നുവർഷം തിരിച്ചടവുണ്ടാകില്ല. തുടർന്നുള്ള ഏഴു വർഷംകൊണ്ടാണു പണം തിരിച്ചടയ്ക്കേണ്ടത്. ഇൗ സർക്കാരിന്റെ കാലാവധി അവസാനിക്കുമ്പോൾ റവന്യു കമ്മി അഞ്ചുശതമാനമായി കുറയ്ക്കാൻ കഴിയും.

ഇതോടെ സർക്കാർ സാമ്പത്തിക ഭദ്രതയിലാകുകയും തിരിച്ചടവ് ബാധ്യതയല്ലാതായി മാറുകയും ചെയ്യുമെന്നും നിയമസഭയിലെ ബജറ്റ് ചർച്ചയ്ക്കുള്ള മറുപടിയിൽ തോമസ് ഐസക് വ്യക്തമാക്കി.

വരുമാനമുണ്ടാക്കുന്ന എല്ലാ കിഫ്ബി പദ്ധതികളിൽനിന്നും തിരിച്ചടവിനുള്ള പണം കണ്ടെത്തും. ഇന്ധന സെസ്, മോട്ടോർ വാഹന നികുതിയുടെ 15% എന്നീ വകയിൽ കിട്ടുന്ന തുക ഓരോ വർഷവും പെരുകും. ഇതു തിരിച്ചടവിനും പദ്ധതിച്ചെലവിനും ഉള്ള വലിയ വരുമാനമാകും.

2031-32 ആകുമ്പോൾ ഈ വരുമാനത്തിലൂടെ മാത്രം 15,116 കോടി ലഭിക്കും.
പെൻഷനും ശമ്പളവും ട്രഷറി വഴിയാക്കുന്നതോടെ ട്രഷറിയിൽ എപ്പോഴും 2000 കോടി രൂപയുടെയെങ്കിലും നിക്ഷേപമുണ്ടാകുമെന്നാണു പ്രതീക്ഷ. ഇതും പദ്ധതിച്ചെലവുകൾക്ക് ഉപയോഗിക്കാം.

ഒരു ലക്ഷം പേരെങ്കിലും അംഗമാകുന്ന പ്രവാസി ചിട്ടി വഴിയും പണമെത്തും.
ഇന്ത്യൻ ബോണ്ട് മാർ‌ക്കറ്റിലേക്കു ബോണ്ടുകളിറക്കി പണം സമാഹരിക്കാനും ബുദ്ധിമുട്ടില്ല. പദ്ധതികൾ പൂർത്തിയാകുമ്പോൾ മാത്രം പണം നൽകിയാൽ മതിയെന്ന അനുകൂല സാഹചര്യവുമുണ്ട്.

അതിനാലാണ് ഇപ്പോൾ കിഫ്ബിയിലേക്കു പണം എത്തിക്കാൻ ശ്രമിക്കാത്തത്. കിഫ്ബി മുഖേന 2017-18ൽ 5000 കോടിയും 2018-19ൽ 10,000 കോടിയും 2019-20ൽ 20,000 കോടിയും 2020-21ൽ 15,000 കോടിയുമാണു ചെലവഴിക്കുക.

കിഫ്ബിയിലൂടെ എടുക്കുന്ന വായ്പയുടെ ഗുണം ലഭിക്കുന്ന സ്ഥാപനങ്ങളെല്ലാം ചേർന്ന് 20,000 കോടി രൂപയാണു തിരിച്ചടയ്ക്കേണ്ടി വരിക. ബാക്കി തിരിച്ചടവിനുള്ള പണമാണു മറ്റു മാർഗങ്ങളിലൂടെ കണ്ടെത്തേണ്ടി വരുന്നതെന്നും മന്ത്രി വ്യക്തമാക്കി.

related stories
Your Rating: