Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കുതിച്ചും കിതച്ചും വാഹന വിപണി

HYUNDAI-CAPACITY/

ന്യൂഡൽഹി ∙ നോട്ട് നിരോധനത്തെ തുടർന്നുള്ള വിപണിമാന്ദ്യം വാഹന വിൽപനയെ ബാധിച്ചതായി കണക്കുകൾ. ആഭ്യന്തര വിപണിയിലാണു വാഹന നിർമാതാക്കൾക്കു തിരിച്ചടി നേരിട്ടത്. മാരുതി, ഹ്യുണ്ടായ്, ഫോഡ്, മഹീന്ദ്ര ആൻഡ് മഹീന്ദ്ര എന്നിവയുടെ ആഭ്യന്തര വിപണിയിലെ വിൽപന കുറഞ്ഞു എന്നാണു കണക്കുകൾ.

അതേസമയം ടാറ്റ മോട്ടോഴ്സ്, റെനോ, നിസ്സാൻ, ഫോക്സ് വാഗൻ തുടങ്ങിയവ വിൽപന നേട്ടമുണ്ടാക്കി. മാരുതി സുസുക്കി ഇന്ത്യയുടെ വാഹനവിൽപനയിൽ ഡിസംബറിൽ ഒരു ശതമാനം ഇടിവ്. 1,17,908 വാഹനങ്ങളാണ് ഇത്തവണ നിരത്തിലിറക്കിയത്.

2015 ഡിസംബറിൽ വിറ്റത് 1,19,149 വാഹനങ്ങൾ. ആഭ്യന്തര വിപണിയിൽ 4.4% വിൽപനയിടിവു സംഭവിച്ചതായി മാരുതി പറയുന്നു. ചെറിയ കാറുകളായ ഓൾട്ടോ, വാഗണർ എന്നിവയുടെ വിൽപനയിൽ 15.3% കുറവുവന്നു. സ്വിഫ്റ്റ്, എസ്റ്റിലോ, റിറ്റ്സ്, ഡിസൈർ, ബലേനോ എന്നിവയുൾപ്പെടുന്ന കോംപാക്ട് സെഗ്‌മെന്റിൽ 8.6% ആണ് വിൽപന ഇടിവ്.

സെഡാനായ സിയസിന്റെ വിൽപന 30.6% ഉയർന്നു. 3711 വണ്ടികൾ വിറ്റുപോയി. ജിപ്സി, ഗ്രാൻഡ് വിറ്റാര, എർട്ടിഗ, എസ്–ക്രോസ്, വിറ്റാര ബ്രെസ എന്നിവയടങ്ങുന്ന വിഭാഗത്തിൽ വിൽപന കുതിച്ചുയർന്നു; 75.3%. ഓംനി, ഇക്കോ വിൽപന 17.1% കുറഞ്ഞു. അതേസമയം, വാഹന കയറ്റുമതി 47.1% കുതിച്ചുയർന്നു. 11,494 യൂണിറ്റുകളാണു കയറ്റിയയച്ചത്.

ആഭ്യന്തര വിപണിയിൽ ഹ്യുണ്ടായിക്ക് 4.3% ഇടിവുണ്ടായി. 2015 ഡിസംബറിൽ 41,861 വാഹനങ്ങൾ വിറ്റപ്പോൾ കഴിഞ്ഞമാസം വിൽക്കാൻ കഴിഞ്ഞത് 40,057 വാഹനങ്ങൾ മാത്രം. നോട്ട് നിരോധനമാണു വിൽപന പിന്നോട്ടടിച്ചതിനു കാരണമെന്നു കമ്പനി അധികൃതർ പറഞ്ഞു.

ടാറ്റ മോട്ടോഴ്സിന്റെ വിൽപന രണ്ടു ശതമാനം കൂടി. കഴിഞ്ഞ മാസം വിറ്റത് 40,944 വാഹനങ്ങൾ. 2015 ഡിസംബറിൽ 39,973 എണ്ണം. യാത്രാ വാഹനങ്ങളുടെ വിൽപനയിൽ 35% വർധനയുണ്ടായി. കാറുകളുടെ വിൽപനയിൽ 40% ആണു വർധന. വാണിജ്യ വാഹന വിൽപന ഒൻപതു ശതമാനം ഇടിഞ്ഞു. അതേസമയം കയറ്റുമതിയിൽ 12% ശതമാനം കൂടി (5,119 വാഹനങ്ങൾ).

ഫോക്സ്‌വാഗന് വിൽപനയിൽ വൻ കുതിപ്പ്. 68.72% വർധന. ഇത്തവണ 4,348 കാറുകൾ വിറ്റപ്പോൾ 2015 ഡിസംബറിൽ ഇത് 2,577 എണ്ണം മാത്രമായിരുന്നു. ഇന്ത്യയിൽ നിർമിക്കുന്ന അമിയോ ആണ് കുതിപ്പിനു കാരണം. ഫോഡിന്റെ വിൽപന ഇരട്ടിയായി. 23,470 വാഹനങ്ങൾ. 2015 ഡിസംബറിൽ 10,865 എണ്ണമായിരുന്നു വിറ്റത്.

ആഭ്യന്തര വിപണിയിൽ 6.04% ഇടിവുണ്ടായെങ്കിലും കയറ്റുമതിയാണു രക്ഷയായത്. 2015 ഡിസംബറിൽ 4,941 കാറുകൾ ആയിരുന്നെങ്കിൽ ഇത്തവണ 17,904 വാഹനങ്ങൾ കയറ്റുമതി നടത്തി. ടൊയോട്ട കിർലോസ്കർ മോട്ടോർ നേടിയത് 29% വിൽപന നേട്ടം. 14,093 വാഹനങ്ങൾ നിരത്തിലിറങ്ങി. മുൻവർഷം ഇതേകാലത്ത് വിറ്റുപോയത് 10,863 വാഹനങ്ങൾ.

ആഭ്യന്തര വിപണിയിൽ 12,747 വാഹനങ്ങൾ വിറ്റു. അ‍ഞ്ചുവർഷത്തെ ഏറ്റവും മികച്ച ഡിസംബർ വിൽപനയാണിത്. മഹിന്ദ്ര ആൻഡ് മഹീന്ദ്രയുടെ വിൽപനയിൽ നാലു ശതമാനമാണു കുറവ്. 36,363 വാഹനങ്ങൾ ഡിസംബറിൽ വിറ്റു. മുൻവർഷം ഇതേമാസം 37,915 വാഹനങ്ങളാണു വിറ്റത്.

ആഭ്യന്തര വിപണിയിൽ ഒന്നര ശതമാനം ഇടിവേ ഉണ്ടായുള്ളൂ എങ്കിലും കയറ്റുമതിയിൽ 33% ഇടിവുണ്ടായി. യാത്രാവാഹന വിൽപന എട്ടു ശതമാനം കുറഞ്ഞു. അതേസമയം വാണിജ്യവാഹന വിൽപന 14% കൂടി. ട്രാക്ടറുകളുടെ വിൽപനയിലും ഒൻപതു ശതമാനം വർധനയുണ്ടായി.

വാണിജ്യ വാഹന നിർമാതാക്കളായ എസ്എംഎൽ ഇസുസു 16.4% വിൽപന നേട്ടമുണ്ടാക്കി. 2015 ഡിസംബറിൽ 877 വാഹനങ്ങൾ വിറ്റ കമ്പനി കഴിഞ്ഞ മാസം വിറ്റത് 1,021 എണ്ണം.
നിസ്സാൻ മോട്ടോർ ഇന്ത്യക്കും വിൽപന നേട്ടമുണ്ടായി; 21%. ഡിസംബറിൽ വിറ്റുപോയത് 3,711 വാഹനങ്ങൾ.

റെനോ ഇന്ത്യക്കും ഡിസംബർ നേട്ടത്തിന്റെ മാസമായി. 11,244 വാഹനങ്ങളാണു നിരത്തിലിറക്കിയത്. 2015 ഡിസംബറിൽ വിറ്റത് 10,292 എണ്ണം. വർധന 9.2%.
എസ്കോർട്സ് ട്രാക്ടറുകളുടെ വിൽപനയിലും കഴിഞ്ഞ മാസം മുന്നേറ്റം കണ്ടു. 15.8% വർധന. അശോക് ലെയ്‌ലാൻഡിനു വിൽപനയിൽ 12% ഇടിവുണ്ടായി. കഴിഞ്ഞ മാസം വിറ്റത് 10,731 വാഹനങ്ങൾ.

ഇരുചക്ര വാഹന വിഭാഗത്തിൽ വൻ കുതിപ്പു നടത്തിയതു റോയൽ എൻഫീൽഡ് (42%). ഈ ഡിസംബറിൽ 57,398 വണ്ടികളാണു നിരത്തിലിറങ്ങിയത്. ഇത് നിർമാതാക്കളായ ഐഷർ മോട്ടോഴ്സിന്റെ ഓഹരിവിലയിലും പ്രതിഫലിച്ചു. ഒറ്റ ദിവസം മൂന്നു ശതമാനം വർധന ഓഹരിവിലയിലുമുണ്ടായി.

ഇന്ത്യ യമഹ മോട്ടോറും വിൽപനയിൽ നേട്ടം കൊയ്തു. 49,775 വാഹനങ്ങൾ വിറ്റു. 2015 ഡിസംബറിൽ 38,833 വണ്ടികളാണു നിരത്തിലിറങ്ങിയത്. നേട്ടം 28%.

ബജാജ് ഓട്ടോയ്ക്ക് 22% ഇടിവാണു വിൽപനയിൽ. 2,25,529 യൂണിറ്റുകൾ വിറ്റുപോയി. മോട്ടോർ സൈക്കിൾ വിൽപനയിൽ 18% കുറവ്. (2,03,312 വാഹനങ്ങൾ). വാണിജ്യ വാഹനങ്ങളുടെ വിൽപന പകുതിയോളമായി.

Your Rating: