Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വൈകരുത്, ഇനി ഒരാഴ്ച: കരൾ രോഗം ബാധിച്ച കുഞ്ഞ് തേടുന്നു

hamdan-liver-treatment

ചില നേരങ്ങളിൽ മരണത്തിന്റെ കയ്യകലത്തിൽ നിന്ന് ഒരാളെ ജീവിതത്തിന്റെ പ്രതീക്ഷയിലേക്ക് കൂട്ടിക്കൊണ്ടുവരാൻ നമ്മൾ ഒന്നൊരുമിച്ചു നിന്നാൽ മതി. പാച്ചിലുകൾക്കിടയിലെ നമ്മുടെ ഇത്തിരി നേരമോ സ്നേഹമുള്ള സംസാരമോ മതിയാവും. ചിലപ്പോഴൊക്കെ നമ്മൾ ‘പൊടിച്ചു’ കളയുന്ന പോക്കറ്റ് മണിയുടെ ചെറിയൊരു പങ്ക്.അങ്ങനെയൊരു സഹായത്തിനു വേണ്ടിയാണ് ഈ കുറിപ്പ്. ആറു മാസം മാത്രം പ്രായമായ ഒരു കുഞ്ഞിന്റെ ജീവൻ രക്ഷിക്കാനുള്ള ശ്രമം. 

ഈ ചിത്രത്തിൽ കാണുന്ന കുഞ്ഞിന്റെ പേര് ഹംദാൻ എന്നാണ്. ലോകത്തിന്റെ നിറങ്ങളിലേക്ക് ഹംദാൻ കണ്ണു തുറന്നിട്ട് ആറു മാസമാവുന്നതേയുള്ളൂ. ഹൈദരാബാദ് സർവകലാശാലയിൽ ഗവേഷകനായ കോഴിക്കോട് സ്വദേശി മുഹമ്മദ് അഷ്റഫിന്റെയും സുമൈറയുടെയും മകനാണ്. വേദനകളില്ലാതെ കളിച്ചു ചിരിക്കേണ്ട പ്രായത്തിൽ തന്നെ ഗുരുതരമായ കരൾ രോഗമാണ് ഈ കുഞ്ഞിനെ ബാധിച്ചിരിക്കുന്നത്. 

2016 ഒക്ടോബർ മാസമാണ് ഹംദാന്റെ ജനനം. ജനിച്ച ഉടനെ മഞ്ഞപിത്തം മൂലം ഹംദാനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. അത് ഭേദമായെങ്കിലും പിന്നീട് ഡിസംബറിൽ കുഞ്ഞിന്റെ മൂത്രത്തിന് അസ്വാഭാവിക നിറം വന്നതു കണ്ട് വീണ്ടും ഡോക്ടർമാരെ സമീപിച്ചു. തുടർന്ന് കോഴിക്കോടും കൊച്ചിയിലുമൊക്കെയായി നടത്തിയ പരിശോധനകളിലാണ് ഹംദാന്  Biliary Atresia with Neonatal Jaundice എന്ന രോഗമാണെന്ന് സ്ഥിരീകരിച്ചത്. കരൾ മാറ്റിവയ്ക്കലാണ് പരിഹാരമെന്ന് പറഞ്ഞിരുന്നെങ്കിലും ഹംദാന്റെ കുഞ്ഞു ശരീരത്തിന് ശസ്ത്രക്രിയ താങ്ങാനുള്ള ഭാരമില്ലാത്തതിനാൽ അന്ന് നീട്ടിവയ്ക്കുകയായിരുന്നു. കഴിഞ്ഞ ദിവസം കുഞ്ഞിന്റെ ചുണ്ടുകൾക്കു നിറം മാറ്റം സംഭവിക്കുകയും തുടർന്ന് ഡോക്ടറുടെ അടുത്തേക്ക് കൊണ്ടുപോവുകയും ചെയ്തപ്പോഴാണ് എത്രയും പെട്ടെന്ന് ശസ്ത്രക്രിയ വേണമെന്ന് ഡോക്ടർമാർ നിർദേശിച്ചത്. കരളിനെ ബാധിച്ചിരിക്കുന്ന രോഗം അതിന്റെ അവസാന േസ്റ്റജിലെത്തിയെന്നും പത്തു ദിവസത്തിനകമെങ്കിലും കരൾ മാറ്റി വയ്ക്കണമെന്നുമാണ് ഡോക്ടർമാർ അറിയിച്ചിരിക്കുന്നത്. വേറെ ഒന്നും ചെയ്യാനില്ലെന്നും.

നമുക്കാണെങ്കിൽ വേദന ആരോടെങ്കിലും പറയാമായിരുന്നു. ആറു മാസം മാത്രം പ്രായമുള്ള ആ പിഞ്ചോമനയ്ക്ക് പക്ഷേ അതിനാവില്ലല്ലോ. ഓരോ ദിവസം കഴിയുമ്പോഴും കൂടിക്കൂടി വരുന്ന വേദന കരഞ്ഞും ഉറങ്ങിയും തീർക്കുകയാണ് ഹംദാൻ. മരണത്തിന്റെ നിഴൽ ആ കുട്ടിയുടെ കണ്ണുകളിലേക്ക് പടരുന്നു. 

ശസ്ത്രക്രിയ വഴി കരൾ മാറ്റിവയ്ക്കാൻ തീരുമാനിച്ചിട്ടുണ്ട്. പിതാവ് അഷ്റഫിന്റെ കരളാണ് കുഞ്ഞു ഹംദാന് നൽകുന്നത്. പക്ഷേ അതിനു വലിയ ചിലവ് വരും. ഏകദേശം 20 ലക്ഷം രൂപ. യു.ജി.സിയുടെ ൈസ്റ്റപ്പൻഡിനെ ആശ്രയിച്ചു കഴിയുന്ന അഷ്റഫിനു ഇതുവരെ 5 ലക്ഷം സമാഹരിക്കാനേ കഴിഞ്ഞിട്ടുള്ളൂ. ബാക്കിയുള്ള തുകയ്ക്കായി സുഹൃത്തുക്കളും പരിചയക്കാരുമെല്ലാം പരിശ്രമിച്ചുകൊണ്ടിരിക്കുകയാണ്. നേരിട്ടറിയില്ലെങ്കിലും നമുക്കും ഹംദാന്റെ ജീവൻ രക്ഷിക്കാനുള്ള ശ്രമത്തിൽ പങ്കാളിയാവാം. അറിഞ്ഞതിനൊടുവിൽ ആ കുഞ്ഞിന്റെ ജീവൻ രക്ഷിക്കുന്നതിലേക്ക് എന്തെങ്കിലും സംഭാവന നൽകണമെന്നു തോന്നുന്നുണ്ടെങ്കിൽ താഴെ കൊടുത്ത എക്കൗണ്ടിലൂടെ നൽകാം.

Mohammed Ashraf

SBT Koyilandy

A/C No : 67067262327

IFSC Code : SBTR0000684

ഓപ്പറേഷനു വേണ്ടിയുള്ള പണം കണ്ടെത്താനായി ഓൺലൈന്‍ വഴി ക്രൗഡ് ഫണ്ടിങ്ങും നടത്തുന്നുണ്ട്. 

http://milaap.org/stories/baby-hamdan എന്ന വിലാസം വഴിയും സംഭാവനകൾ നൽകാം. ഈ വായിക്കുന്നവരിൽ ഡോക്ടർമാരും ഈ രോഗത്തെക്കുറിച്ച് കൂടുതലറിയുന്നവരുമെല്ലാമുണ്ടാവാം. നിങ്ങൾക്ക് മറ്റേതെങ്കിലും തരത്തിൽ സഹായിക്കാൻ ആവുമെങ്കിൽ, ദയവ് ചെയ്ത് സഹായിക്കുക.  ആറു മാസം മാത്രം ഈ ലോകത്തിന്റെ നിറങ്ങൾ കണ്ട ഒരു കുഞ്ഞിന് ജീവന്റെ തിളക്കം തിരികെ നൽകാൻ സാധിച്ചാൽ, ഒരു പ്രാർഥന കൊണ്ടെങ്കിലും പങ്കാളിയാവാൻ കഴിഞ്ഞാൽ...അതൊക്കെ തന്നയല്ലേ ജീവിതത്തിലെ നേട്ടങ്ങൾ.