Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ജെഫി മോൾക്ക് കൂട്ടായി അമ്മ വേണം; അതിന് നമ്മുടെ സഹായവും

Merry-Jilu

അമ്മയിൽ നിന്ന് കടം വാങ്ങിയ വൃക്കയുമായാണ് മെറി ജിലു മാത്യുവിന്റെ ജീവിതം. അസുഖത്തിന്റെ വലിയ കെണിയിൽ നിന്ന് രക്ഷപ്പെട്ടെങ്കിലും മുന്നോട്ട് ജീവിക്കണമെങ്കിൽ ഭീമൻ തുകയുടെ മരുന്നുകളെ ആശ്രയിക്കുകയേ നിവൃത്തിയുള്ളൂ. സ്വകാര്യ കമ്പനിയിൽ ജോലി ചെയ്യുന്ന ഭർത്താവ് ജിലു കഴിയാവുന്നിടത്തു നിന്നെല്ലാം കടം വാങ്ങിയും മറ്റും ഇതുവരെ മുന്നോട്ടു പോയി. ആ വായ്പകളുടെ വലിയ പ്രാരാബ്ധത്തിനിടയിലാണ് ഇനിയുള്ള കാലത്തെല്ലാം വൻ തുകയിലുള്ള ചികിത്സയും ആവശ്യമായി വന്നിരിക്കുന്നത്. മാസം തോറും 35000 രൂപയുടെ മരുന്നാണ് മെറിയ്ക്ക് കഴിക്കേണ്ടത്. കൂടാതെ അകന്നുപോകാതെ അസുഖവും ഒപ്പമുണ്ട്. ജിലുവും മെറിയും നമ്മുടെ സഹായം തേടുകയാണ്. ജീവിതത്തെ കൈപിടിക്കാൻ, ഏഴു വയസുകാരി മകൾക്ക് തണലാകുവാന്‍, കുറേക്കാലം ഭൂമിയിലൊന്നിച്ചു ജീവിക്കുവാൻ ഈ കുഞ്ഞു കുടുംബത്തിന് നമ്മുടെ കരുണ വേണം. നമ്മുടെ ചെറിയ ചെറിയ സഹായങ്ങൾക്ക് ഇവർക്കൊരു നല്ല ജീവിതം നൽകുവാനാകില്ലേ... സാധിക്കും.

കോട്ടയം ചിങ്ങവനത്തെ ജിലു മാത്യു കുമ്പനാടുകാരി മെറിയെ വിവാഹം കഴി‌ക്കുന്നത് പത്ത് വർഷം മുൻപാണ്. അന്നു തൊട്ടേ രോഗം മെറിക്ക് ദുരിതമൊരുക്കുകയാണ്. രണ്ടാം ക്ലാസിൽ പഠിക്കുന്ന ജെഫി എന്നൊരു മകളുമുണ്ട് ഇപ്പോൾ. സ്വകാര്യ കമ്പനിയിലാണ് ജിലുവിന് ജോലി. നാലു മാസം മുൻപ് പൂർണമായും മെറി കിടപ്പിലായി. ഒന്നുകിൽ ഡയാലിസിസ് ചെയ്ത് മുന്നോട്ട് പോകാം അല്ലെങ്കിൽ വൃക്ക മാറ്റി വയ്ക്കാം എന്നായിരുന്നു ഡോക്ടറുടെ മറുപടി. പക്ഷേ ഡയാലിസിസ് ചെയ്താൽ രണ്ടോ മൂന്നോ വർഷങ്ങൾക്കപ്പുറത്തേക്ക് ജീവിതം നീളില്ലെന്ന് ഉറപ്പുള്ളതിനാൽ മെറിയെ ആ വഴിയിലേക്ക് ജിലു നയിച്ചില്ല. കൊച്ചിയിലെ അമൃത ആശുപത്രിയിൽ നടത്തിയ ഓപ്പറേഷനു മാത്രമായി ആറര ലക്ഷം രൂപ. മൊത്തം ചെലവ് പതിനെട്ട് ലക്ഷം.

പിന്നീടെത്തിയ ഇൻഫെക്ഷനില്‍ നിന്ന് കരകയറിയത് 4500 രൂപ വിലവരുന്ന പതിനാറ് കുത്തിവയ്പ്പുകളിലൂടെയാണ്. പിന്നീട് തുടർ ചികിത്സകൾക്കായി അവിടെ അടുത്ത് 14000 രൂപ മാസവാടക നൽകി താമസിച്ചു കുറേ നാൾ. ഇനി രണ്ടു വർഷത്തേക്ക് മെറിക്ക് പുറംലോകവുമായി ഇടപഴകുവാനാകില്ല. ചെറിയ പിഴവു മതി ഇൻഫെക്ഷൻ വരുവാൻ. അതുകൊണ്ട് സ്വന്തം വീട്ടിൽ നിന്ന് മാറി മാസം 6500 രൂപ വാടക നൽകി പുതുപ്പള്ളിക്കടുത്താണ് താമസം. കൂടാതെ രണ്ടാഴ്ച കൂടുമ്പോൾ ആശുപത്രിയിൽ ചെക്കപ്പിനായി പോകേണ്ടതുമുണ്ട്. പള്ളിയില്‍ നിന്ന് കുറേ സഹായം കിട്ടിയെന്നതൊഴിച്ചാൽ ബാക്കിയെല്ലാം കടമാണ്.

മെറി ആദ്യ കുട്ടിയെ ഗർഭിണിയായപ്പോഴാണ് അസുഖം തിരിച്ചറിഞ്ഞത്. ഭൂമിയിലെത്തും മുൻപേ ആ കൺമണി മടങ്ങിപ്പോയി. രണ്ടാമത്തെ പ്രാവശ്യവും വിധി ക്രൂരതകാട്ടി. പിന്നീടാണ് ജെഫിയെന്ന മകള്‍ പിറക്കുന്നത്. പക്ഷേ ഈ കാലയിളവിനിടയിൽ മെറി പൂർണമായും ഒരു വൃക്ക രോഗിയായി മാറിക്കഴിഞ്ഞിരുന്നു. പണ്ടെങ്ങോ അധികം ആക്രമിക്കാതെ ഉള്ളിലുണ്ടായിരുന്ന അസുഖം മെറിയുടെ ദേഹത്തെ പൂർണമായും കീഴ്പ്പെടുത്തുകയായിരുന്നു.

പതിനായിരത്തിൽ താഴെ മാത്രമാണ് ജിലുവിന്റെ അടിസ്ഥാന ശമ്പളം. അധികം ശമ്പളം വേണമെങ്കിൽ ഭാര്യയുടെ രോഗപീഡകൾക്കിടയിൽ ജോലിയിൽ മികച്ച പ്രകടനം നടത്തണം. തന്നെക്കൊണ്ട് കഴിയുന്നതിന്റെ പരമാവധി ജിലു പരിശ്രമിക്കുന്നുണ്ട്. അസുഖത്തെ കുറിച്ച് രണ്ടാം ക്ലാസുകാരി ജെഫിക്ക് എല്ലാമറിയാം. ആദ്യ നാളുകളിൽ ദേഷ്യവും സങ്കടവുമൊക്കെയായി കഴിഞ്ഞെങ്കിലും മെറിയും ഇപ്പോൾ അതിനോട് പൊരുത്തപ്പെട്ടു കഴിഞ്ഞു. ഉൾക്കരുത്തിന്റെയും സ്നേഹത്തിന്റെയും നിഴലിൽ നല്ല നാളെയെ ഇവരും സ്വപ്നം കണ്ടുതുടങ്ങിയിരിക്കുന്നു.... നമുക്ക് സഹായിക്കാനാവില്ലേ ഇവരെ... ജെഫി മോൾക്ക് എന്നുമെന്നും കൂട്ടായി നിൽക്കാൻ മെറിയെന്ന അമ്മയെ നമുക്ക് സഹായിക്കണ്ടേ...

അക്കൗണ്ട് വിവരങ്ങൾ

SBI

Branch - chingavanam, Kottayam

ACCOUNT NO-20221057208

IFSC CODE-SBIN0016823

CIF NO-87227942813

വിലാസം

JILU MATHEW

PANAMOOTTIL

CHANNANIKADU

KOTTAYAM

PH-9746741235,9495446124

Your Rating: