ജീവിതപ്പരീക്ഷയിൽ ജയിക്കാൻ ആഷിക്കിനു വേണം നിങ്ങളുടെ കരുണ

aashiq-charity-thrissur
SHARE

തൃശൂർ∙ ഒൻപതാം ക്ളാസിൽ ആദ്യത്തെ ഒരു ദിവസം മാത്രമാണ് ആഷിക് ബാബു പോയത്. അന്നുതന്നെ സ്കൂളിൽ തലചുറ്റിവീണു. കടുത്ത പനിയുടെ ലക്ഷണങ്ങളോടെ ആശുപത്രിയിൽ പ്രവേശിക്കപ്പെട്ട ആഷിക്കിന്റെ തുടർ പരിശോധനയിൽ കണ്ടെത്തിയത് ഗുരുതരമായ രോഗം അക്യൂട്ട് ലിംഫറ്റിക് ലുക്കീമിയ എന്ന രക്താർബുദം. മജ്ജയിലാണ് അർബുദം ബാധിച്ചിരിക്കുന്നത്.

ഓട്ടോഡ്രൈവറായ അച്ഛൻ കണിമംഗലം അയ്യപ്പൻകാവ് പനയ്ക്കൽ പി.ടി. ബാബു ചികിൽസാ ചെലവ് താങ്ങാനാവാതെ നെട്ടോട്ടമോടി. ഒടുവിൽ തിരുവനന്തപുരം ആർസിസിയിൽ ചികിൽസ തുടങ്ങി. 36 കീമോ തെറപ്പിയാണ് ചികിൽസ. ചികിൽസയുടെ പാർശ്വഫലങ്ങൾ തളർത്തുന്നെങ്കിലും പഠിക്കണം പരീക്ഷയെഴുതണം എന്ന ആഗ്രഹമായിരുന്നു അവന്.

തൃശൂർ കാൽഡിയൻ സ്കൂളിൽ ഒൻപതാം ക്ളാസിലാണ് ആഷിക് പഠിക്കുന്നത്. ക്ളാസിലെത്താനാവാതെ വന്നതോടെ രോഗക്കിടക്കയിൽ ഗൈഡുകൾ വായിച്ചു പഠനം തുടങ്ങി. കീമോതെറപ്പിയുള്ള ദിവസങ്ങളിൽ പഠനം സാധ്യമല്ല. അത്രമേൽ ക്ഷീണമായിരിക്കുമെന്ന് ആഷിക് പറയുന്നു. 

എന്നിട്ടും പരീക്ഷയും പഠനവും പരമാവധി മുടക്കാതിരിക്കാനാണ് ആഷിക്കിന്റെ ശ്രമം. കീമോതെറപ്പി കഴിഞ്ഞ് ആശുപത്രിയിൽ നിന്നു വന്നു വരെ പരീക്ഷകളെഴുതുന്നുണ്ട്. രോഗക്കിടക്കയിൽ കിടന്നു പഠിച്ച അറിവുമായി പരീക്ഷകളെഴുതുന്നു. കീമോതെറപ്പിയുടെ വേദനപ്പരീക്ഷയുമായി വച്ചുനോക്കുമ്പോൾ പരീക്ഷകൾ ലളിതം.

കൂടുതൽ പരീക്ഷ എഴുതണമെന്നുണ്ടായിരുന്നെങ്കിലും വീണ്ടും തിരുവനന്തപുരത്തേക്കു മടങ്ങേണ്ടി വന്നു; തുടർചികിൽസയ്ക്ക്. വേഗം സുഖമായിട്ടു വരൂ എന്നു പറഞ്ഞാണു സഹപാഠികളും അധ്യാപകരും ആഷിക്കിനെ യാത്രയാക്കിയത്. ഈ പരീക്ഷകൾ കഴിഞ്ഞാലും കാത്തിരിപ്പുണ്ട്; റേ‍ഡിയേഷൻ എന്ന വാർഷികപ്പരീക്ഷ!

ആഷിക്കിനെ സഹായിക്കാൻ നാട്ടുകാർ സഹായസമിതി രൂപീകരിച്ചിട്ടുണ്ട്. കാനറാ ബാങ്ക് കൂർക്കഞ്ചേരി ശാഖയിൽ കൺവീനർ ജോഷി ഡേവിഡിന്റെയും ആഷിക്കിന്റെ പിതാവ് പി.ടി. ബാബുവിന്റെയും പേരിൽ ജോയിന്റ് അക്കൗണ്ട് തുറന്നു. 

ബാങ്ക് അക്കൗണ്ട് വിവരങ്ങൾ

  • Canara Bank Koorkenchery Branch
  • A/C Number: 5113101004732, 
  • IFSC Code: CNRB0005113
  • അച്ഛൻ ബാബുവിന്റെ ഫോൺ‍: 9446722559
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN CHARITY
SHOW MORE
FROM ONMANORAMA