ADVERTISEMENT

കലവൂർ ∙ വൃക്കരോഗിയായതോടെ നാൽപതുകാരിയെ ഭർത്താവ് ഉപേക്ഷിച്ചു, മകളുടെ ചികിത്സയ്ക്ക് മാർഗം തേടി 86ാം വയസിൽ വയോധികൻ സോപ്പ്, ബ്രഷ് വിൽപ്പനയ്ക്ക് വീടുകൾ കയറുന്നു. മാരാരിക്കുളം തെക്ക് പഞ്ചായത്ത് 6ാം വാർഡ് പുതിയാപറമ്പിൽ ആന്റണിയാണ് മകൾ ബീനയുടെ ചികിത്സയ്ക്ക് പ്രായത്തിന്റെ അവശതകൾ മറന്ന് മരുന്നിനുള്ള പണം കണ്ടെത്താൻ അലയുന്നത്. ഇരുവൃക്കകളും തകരാറിലായ ബീനയ്ക്ക് ആഴ്ചയിൽ 3 തവണ ഡയാലിസിസ് ചെയ്യണം.

ആലപ്പുഴ ജനറൽ ആശുപത്രിയിലാണ് ചികിത്സ. ഓട്ടോകൂലിയും മറ്റ് ചിലവുകളുമായി ഒരോ തവണയും 1000 രൂപയെങ്കിലുമാവും. ഇത്തരത്തിൽ മാത്രം പ്രതിമാസം 12000 രൂപയോളം വേണം. മരുന്നുകളുടെ ചിലവ് വേറെ. കഴിഞ്ഞ ഏപ്രിലിലാണ് രോഗം കണ്ടെത്തിയത്. ആന്റണിയും കുടുംബവും ഏറെ നാൾ തമിഴ്നാട്ടിലായിരുന്നു താമസിച്ചത്. ഇവിടെ സ്വകാര്യ കമ്പിനിയിൽ വർക്കറായിരുന്നു.

തമിഴ്നാട് സ്വദേശിയുമായി ബീനയുടെ വിവാഹവും നടത്തി. പിന്നീട് ആന്റണി ഭാര്യ അമ്മിണിയോടൊപ്പം നാട്ടിലേക്ക് മടങ്ങിയെങ്കിലും മകൾ ഭർത്താവിനൊപ്പം തമിഴ്നാട്ടിലായിരുന്നു. എന്നാൽ കഴിഞ്ഞ ഏപ്രിലിൽ രോഗം കണ്ടെത്തിയതോടെ ഇയാൾ മകളെ ഉപേക്ഷിച്ച് പോവുകയായിരുന്നുവെന്ന് ആന്റണി പറയുന്നു. മൊബൈലിൽ വിളിച്ചാൽ പോലും എടുക്കുന്നില്ല.

ആന്റണിയെ കുറിച്ച് വിവരമില്ലാതായതോടെ ബീന മകൾ അബീസ മാനുവലിനെയും കൂട്ടി നാട്ടിലേക്ക് മടങ്ങി. ഇരുവൃക്കകളും തകരാറിലായതിനാൽ കിഡ്നി മാറ്റിവയ്ക്കണമെന്ന് ഡോക്ടർമാർ പറഞ്ഞെങ്കിലും ഇതിനുള്ള സാമ്പത്തികശേഷി ഇല്ലാത്തതിനാൽ സാധിച്ചില്ല. ഇരുപത്തിമൂന്നുകാരിയായ മകൾ അബീസയാണ് ബീനയെ പരിചരിക്കുന്നത്. എന്നാൽ മുഴുവൻ സമയവും അമ്മയുടെ കൂടെ നിൽക്കേണ്ടതിനാൽ പഠിക്കുവാനോ ജോലിക്ക് പോകുവാനോ കഴിയുന്നുമില്ല.

നാട്ടുകാരുടെയും സുഹൃത്തുക്കളുടെയും സഹായത്തോടെയാണ് ഇത്രയും നാൾ പിടിച്ചുനിന്നതെന്ന് ആന്റണി പറയുന്നു. ആന്റണിയുടെ ഭാര്യ അമ്മിണി(77)യും ഹൃദയസംബന്ധമായ അസുഖത്തിന് ചികിത്സയിലാണ്. രാവിലെ പേസ്റ്റും ബ്രഷുമായി വീടുകൾ കയറിയിറങ്ങുന്ന ആന്റണിക്ക് ലഭിക്കുന്ന തുച്ഛമായ വരുമാനം മരുന്നിന് പോലും തികയാറില്ല.

ബീനയുടെ ചികിത്സയ്ക്ക് ഉദാരമനസ്കരുടെ സഹായവും കുടുംബം തേടുകയാണ്. ഇതിനായി പി.ജെ.ആന്റണിയുടെയും ബീനയുടെയും പേരിൽ കലവൂർ യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യയിൽ അക്കൗണ്ടും തുടങ്ങിയിട്ടുണ്ട്.

ACCOUNT NUMBER- 526202010006979

IFSC CODE- UBIN0557081

UNION BANK OF INDIA, KALAVOOR.

PHONE- 8606822100.

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com