ADVERTISEMENT

അക്ഷരങ്ങൾ കൂട്ടിച്ചൊല്ലിയും അക്കങ്ങൾ കൊഞ്ചി പറഞ്ഞും പാട്ടു പാടിയും കൂട്ടു കൂടിയും കളിച്ചു നടക്കേണ്ട മൂന്നു വയസ്സുകാരൻ. പക്ഷേ, പ്രജൻ എന്ന ഈ കുരുന്നിനെ വിധി നടത്തിച്ചത് അങ്കണവാടിയിലേക്കോ പ്ലേ സ്കൂളിലേക്കോ അല്ല; വേദന തളം കെട്ടിക്കിടക്കുന്ന ആശുപത്രി ഇടനാഴികളിലേക്കാണ്. കല്ലു പെൻസിലും ക്രയോൺസും പിടിക്കേണ്ട കൈകളിലേക്ക് കുത്തിയിറക്കപ്പെട്ടത് മരുന്ന് സൂചിമുനകൾ. സമപ്രായക്കാർ കളിപ്പാട്ടങ്ങൾക്ക് വേണ്ടി വാശി പിടിച്ച് കരയുമ്പോൾ ശരീരത്തിൽ അരിച്ചിറങ്ങുന്ന വേദന കൊണ്ട് വാവിട്ട് നിലവിളിക്കുകയാണ് കുഞ്ഞു പ്രജൻ. ചെന്നൈ നുങ്കമ്പാക്കത്തെ കാഞ്ചി കാമകോടി ചൈൽഡ് ട്രസ്റ്റ് ആശുപത്രിയിൽ രക്താർബുദത്തോട് മല്ലിടുകയാണ് പ്രജൻ. 

ഒരു മാസം മുൻപ് ടൈഫോയിഡ് ബാധയിൽ നിന്നും മുക്തനായി വീട്ടിലെത്തിയ പ്രജൻ അമ്മ പൂർണ്ണിമയ്ക്ക് മുന്നിലെത്തിയത് പുതിയൊരു ആവലാതിയുമായാണ്. നടക്കുമ്പോൾ കലശലായ മുട്ടുവേദന. അമ്മ ആദ്യം ബാം ഇട്ട് തിരുമ്മി കൊടുത്തു. എന്നിട്ടും വേദന മാറാതിരുന്നപ്പോൾ കുടുംബ ഡോക്ടറെ കണ്ട് മരുന്ന് വാങ്ങി. മരുന്ന് കഴിച്ചിട്ടും ഫലമില്ലാതെ ഇവർ ആശുപത്രിയിലെത്തി. ഡോക്ടർ രക്ത പരിശോധനയ്ക്ക് എഴുതി കൊടുത്തു. 

പരിശോധനയുടെ ഫലമെത്തിയപ്പോൾ കുടുംബത്തെ നടുക്കി ആ വാർത്ത. കുട്ടിക്ക് അക്യൂട്ട് ലിംഫോബ്ലാസ്റ്റിക് ലുക്കീമിയ എന്ന് രക്താർബുദം. പൂർണ്ണിമയ്ക്കും അച്ഛൻ ജഗൻ ബാബുവിനും തങ്ങളുടെ ലോകം തലകീഴായി മറിയുന്നതായി തോന്നി. ഏകമകനെ  നഷ്ടപ്പെടുമോ എന്ന ഭയം അവരെ നടുക്കിക്കളഞ്ഞു. മകനെ  കെട്ടിപ്പിടിച്ച് കരയുക അല്ലാതെ വേറെ നിവൃത്തി ഉണ്ടായിരുന്നില്ല ഈ പാവപ്പെട്ട മാതാപിതാക്കൾക്ക്. പക്ഷേ, ഡോക്ടർമാർ ഇവരുടെ മുന്നിലേക്ക് പ്രതീക്ഷയുടെ തിരിനാളം നീട്ടി. ആദ്യഘട്ടം ആയതിനാൽ പ്രജന്റെ രോഗം പൂർണ്ണമായും ചികിത്സിച്ച് ഭേദപ്പെടുത്താം എന്നവർ മാതാപിതാക്കളെ അറിയിച്ചു. എന്നാൽ അടിയന്തിരമായി ചികിത്സ ആരംഭിക്കണം. അങ്ങനെ പൂർണിമയുടെ സ്വർണം വിറ്റ തുകയും നുള്ളിപ്പെറുക്കിയെടുത്ത സമ്പാദ്യവുമായി ചികിത്സ ആരംഭിച്ചു . 

രണ്ടാഴ്ചകൊണ്ട് പ്രജന്റെ ഭാരം ഗണ്യമായി കുറഞ്ഞു. കുട്ടി ക്ഷീണിച്ചു അവശനായി. ചുട്ടി ടിവിയിലെ തന്റെ പ്രിയപ്പെട്ട കാർട്ടൂൺ ഡോറ ബുജി എഴുന്നേറ്റിരുന്ന് കാണാൻപോലും വയ്യാതെയായി പ്രജന്. ഫോൺ പിടിച്ചിരുന്ന് യൂട്യൂബിലെ കാർട്ടൂണുകൾ കാണാനുള്ള ഊർജ്ജം പോലും നഷ്ടമായി. ഇതിനിടെ കീമോതെറാപ്പി ആരംഭിക്കുകയും ആൻറിബയോട്ടിക്കുകൾ നൽകി തുടങ്ങുകയും ചെയ്തു. ശരീരത്തിലെ രക്തവും ഇടയ്ക്കിടെ മാറ്റേണ്ടിവന്നു. ആഴ്ചയിൽ രണ്ടെന്ന കണക്കിൽ ആശുപത്രി കയറിയിറങ്ങുകയാണ് പ്രജനും മാതാപിതാക്കളും. യാത്ര ചെയ്യാൻ ഇഷ്ടമാണെങ്കിലും ആശുപത്രിയിൽ എത്തുന്നതോടെ പ്രജൻ തികച്ചും മൂകനാകും. ചികിത്സയോടൊപ്പം കരച്ചിലും ആരംഭിക്കും. എന്തിനാണ് ഡോക്ടർമാർ ഇങ്ങനെ തൻറെ ശരീരത്തിൽ സൂചി കുത്തി ഇറക്കുന്നത് എന്നാണ് പ്രജന്റെ ചോദ്യം. രോഗം മാറി ആരോഗ്യം വീണ്ടെടുത്താൽ പെട്ടെന്ന് വീട്ടിലേക്കു മടങ്ങി ചുട്ടി ടിവി കാണാനാകുമെന്ന് അമ്മ ആശ്വസിപ്പിക്കും.

പ്രജന് മൂന്ന് വർഷത്തേക്ക് കീമോതെറാപ്പി ആവശ്യമാണെന്നാണ് ഡോക്ടർമാരുടെ പക്ഷം. ഇതിനുപുറമേ രക്തം ഇടയ്ക്കിടെ മാറ്റുകയും ആവശ്യമുള്ളപ്പോഴൊക്കെ ആൻറിബയോട്ടിക് ചികിത്സ നടത്തുകയും വേണം.  ചികിത്സയ്ക്ക് ആകെ 12 ലക്ഷത്തോളം രൂപ ചെലവുവരുമെന്നാണ് ആശുപത്രി അധികൃതർ പറയുന്നത്.  ഡ്രൈവറായി ജോലി ചെയ്യുന്ന ജഗൻ ബാബുവിന് ഇത് കൂട്ടിയാൽ കൂടില്ല. പ്രതിമാസം 8000 രൂപ മാത്രമാണ് ജഗന്റെ വരുമാനം. പൂർണ്ണിമയുടെ സ്വർണം വിറ്റതിനു പുറമേ നിരവധി സുഹൃത്തുക്കളോടും ഇവർ സഹായം തേടിയിരുന്നു. താമസിക്കുന്ന വീടിൻറെ വാടകയിൽ ഉടമസ്ഥൻ ഇളവ് നൽകി. പക്ഷേ കുഞ്ഞിൻറെ ജീവൻ രക്ഷിച്ചെടുക്കാൻ ഇനിയും നിരവധി ലക്ഷങ്ങൾ ചെലവിടേണ്ടി വരും.  ജീവിതത്തിനും മരണത്തിനും ഇടയിൽ പ്രജൻ പോരാട്ടം തുടരുമ്പോൾ എന്തു ചെയ്യണമെന്നറിയാതെ പകച്ചു നിൽക്കുകയാണ് ചെന്നൈ ആരക്കോണം പളനിപേട്ട സ്വദേശികളായ ഈ മാതാപിതാക്കൾ. തങ്ങളുടെ പൊൻ മകൻറെ ജീവനുവേണ്ടി സുമനസ്സുകൾക്ക് മുമ്പിൽ കൈ നീട്ടുകയാണ് ഇവർ.

ഓൺലൈൻ ക്രൗഡ് സോഴ്സിംഗ് പ്ലാറ്റ്ഫോമായ Ketto.org പ്രജന്റെ ചികിത്സയ്ക്കായി സഹായധന സമാഹരണം നടത്തിവരുന്നുണ്ട്. കാൻസർ, ഹൃദ്രോഗം, തലസീമിയ തുടങ്ങി നിരവധി രോഗങ്ങൾ നേരിടുന്നവർക്കും അവയവ മാറ്റിവയ്ക്കൽ ചികിത്സയ്ക്ക് വിധേയരായിട്ടുള്ളവർക്കുമായി  കെറ്റോ നൂറുകോടിയിലധികം രൂപ സമാഹരിച്ചിട്ടുണ്ട്. അമ്പതിനായിരത്തിലധികം രോഗികൾക്ക് ഇവർ ഇതിലൂടെ കൈത്താങ്ങായി. കെറ്റോ യിലൂടെ പ്രജന്റെ ചികിത്സയ്ക്കായി നമുക്കും കൈകോർക്കാം 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com